ലണ്ടൻ: ലിവർപൂൾ വീണ്ടും പഴയപടി തന്നെ. പ്രീമിയർ ലീഗിൽ സണ്ടർലാഡൻഡിനോട് 1-1ന്റെ സമനില കൊണ്ട് രക്ഷപ്പെട്ടു. ആൻഫീൽഡിൽ സ്വന്തം കാണികൾക്ക് മുൻപിൽ എതിർ ടീം കനിഞ്ഞ് നൽകിയ സെൽഫ് ഗോളിന്റെ പിൻബലത്തിലാണ് തോൽക്കാതെ രക്ഷപ്പെട്ടത്.
മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നെങ്കിലും 67ാം മിനിറ്റിൽ മോറോക്കൻ താരം ഷംസീൻ താലിബിലൂടെ സണ്ടർലാൻഡ് ആദ്യ ലീഡെടുത്തു. തിരിച്ചടിക്കാനുള്ള ഒരു ഡസൺ അവസരങ്ങൾ പാഴാക്കിയ ലിവർപൂളിന് 81ാം മിനിറ്റിലാണ് സണ്ടർലാൻഡ് സെൽഫ് ഗോൾ വെച്ച് നീട്ടുന്നത്. സണ്ടർലാൻഡിന്റെ ഫ്രഞ്ച് പ്രതിരോധതാരം നോഡി മുക്കീലെയാണ് ലിവർപൂളിന് രക്ഷകനായി.
പ്രീമിയർ ലീഗിലെ മറ്റൊരു മത്സരത്തിൽ കളിമറന്ന ചെൽസിയെ ലീഡ്സ് യുനൈറ്റഡ് കീഴടക്കി. 3-1നാണ് ചെൽസി വീണത്. മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ ജാക്ക ബിജോളിന്റെ ഹെഡറിലൂടെ ലീഡ്സ് മുന്നിലെത്തി. ആദ്യ പകുതി അവസാനിക്കും മുൻപ് ചെൽസിക്ക് രണ്ടാമത്തെ ഷോക്കും നൽകി എഒ തനക കൂടി ഗോൾ കണ്ടെത്തി (2-0).
രണ്ടാം പകുതിയിൽ പെഡ്രോ നെറ്റൊയിലൂടെ ചെൽസി ഗോൾ തിരിച്ചടിച്ചു. 50ാം മിനിറ്റിലായിരുന്നു ആശ്വാസ ഗോളെത്തുന്നത്. എന്നാൽ, 72ാം മിനിറ്റിൽ ഡൊമിനിക് കാൽവെട്ടിലൂടെ ലീഡ് വീണ്ടും ഗോളടിച്ചതോടെ (3-1)ചെൽസിയുടെ പ്രതീക്ഷകൾ അവസാനിച്ചു.
എമിറേറ്റ്സ് സ്റ്റേഡിയത്തിലെ മറ്റൊരു ആവേശകരമായ പോരാട്ടത്തിൽ ബ്രെൻഡ്ഫോർഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് ആഴ്സനൽ കീഴടക്കി. 11ാം മിനിറ്റിൽ മൈക്കൽ മെറീഞ്ഞോയും അന്തിമ വിസിലിന് തൊട്ടുമുൻപ് ബുക്കായോ സാകയിലൂടെയാണ് രണ്ടാം ഗോൾ നേടുന്നത്.
ജയത്തോടെ ആഴ്സനൽ 33 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തേരോട്ടം തുടരുകയാണ്. രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് 28 പോയിന്റാണുള്ളത്. തോൽവി ചെൽസിയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി. 27 പോയിന്റുള്ള ആസ്റ്റൻ വില്ലക്ക് പിറകിൽ 24 പോയിന്റുമായി നാലാമതാണ് ചെൽസി. ജയം മറന്ന ലിവർപൂൾ എട്ടാം സ്ഥാനത്താണ്.
മഡ്രിഡ്: സ്പാനിഷ് ലാലിഗയിൽ വിജയ വഴിയിൽ തിരിച്ചെത്തി റയൽ മഡ്രിഡ്. അത്‍ലറ്റിക്കോ ബിൽബാവോയെ മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് തോൽപിച്ചത്. ഫ്രഞ്ച് സ്ട്രൈക്കർ കിലിയൻ എംബാപ്പെ ഇരട്ട ഗോൾ നേടി. ബിൽബാവോയിൽ നടന്ന കളിയുടെ ഏഴാം മിനിറ്റിൽ എംബാപ്പെയാണ് അക്കൗണ്ട് തുറന്നത്.
ആദ്യ പകുതി തീരാനിരിക്കെ എഡ്വാഡോ കമാവിൻഗ (42) ലീഡ് ഉയർത്തി. 59ാം മിനിറ്റിൽ ജയമുറപ്പിച്ച് എംബാപ്പെയുടെ രണ്ടാം ഗോളും. 15 റൗണ്ട് പൂർത്തിയായപ്പോൾ ബാഴ്സലോണയും (37) റയലും (36) ആദ്യ രണ്ടു സ്ഥാനങ്ങളിൽ തുടരുന്നു.
ബർലിൻ: ജർമൻ കപ്പ് ഫുട്ബാളിൽ യൂനിയൻ ബർലിനെ രണ്ടിനെതിരെ മൂന്ന് ഗോളിന് വീഴ്ത്തി ബയേൺ മ്യൂണിക്. രണ്ട് സെൽഫ് ഗോളുകളാണ് ബർലിൻ സംഘത്തിന് തിരിച്ചടിയായത്. 12ാം മിനിറ്റിൽ ഇൽയാസ് അൻസാഹിലൂടെയും ആദ്യ പകുതി തീരാൻ നേരിയം ഡിയോഗോ ലൈറ്റിലൂടെയും (45+4) സെൽഫ് ഗോളുകൾ പിറന്നു. 24ാം മിനിറ്റിൽ ഹാരി കെയ്ൻ ബയേണിനായി സ്കോർ ചെയ്തിരുന്നു. 40ാം മിനിറ്റിൽ യൂനിയൻ ബർലിന് ലഭിച്ച പെനാൽറ്റി ലിയോപോൾഡ് ക്വെർഫെൽഡ് ലക്ഷ്യത്തിലെത്തിക്കുകകൂടി ചെയ്തതോടെ ആദ്യ പകുതി 3-1. തുടർന്ന് 55ാം മിനിറ്റിൽ കിട്ടിയ പെനാൽറ്റിയിലും ക്വെർഫെൽഡിന് പിഴച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.