ആൻഫീൽഡിനോട് വിടപറഞ്ഞ് ലൂയിസ് ഡയസ്; ഇനി ബയേണിനൊപ്പം, നാലു വർഷത്തെ കരാർ ഒപ്പിട്ടു

ബെർലിൻ: കൊളംബിയൻ സൂപ്പർതാരം ലൂയിസ് ഡയസ് ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കുമായി കരാറൊപ്പിട്ടു. ലിവർപൂളിനൊപ്പമുള്ള മൂന്നര വർഷത്തെ യാത്ര അവസാനിപ്പിച്ചാണ് താരം ബുണ്ടസ് ലീഗ ചാമ്പ്യന്മാർക്കൊപ്പം ചേർന്നത്.

നാലു വർഷത്തേക്കാണ് കരാർ. ഏകദേശം 766.38 കോടി രൂപയുടേതാണ് കരാർ. ശനിയാഴ്ച നടന്ന എ.സി മിലാനെതിരായ പ്രീ-സീസൺ മത്സരത്തിൽ ലിവർപൂൾ ടീമിൽ 28കാരൻ ഡയസിനെ ഉൾപ്പെടുത്തിയിരുന്നില്ല. ജൂലൈ തുടക്കത്തിൽ 58.6 മില്യൺ യൂറോയുടെ ഓഫർ ബയേൺ മുന്നോട്ടുവെച്ചെങ്കിലും ലിവർപൂൾ തള്ളിക്കളഞ്ഞിരുന്നു. പിന്നാലെയാണ് ഉയർന്ന തുക ബയേൺ ഓഫർ ചെയ്തത്. പ്രീമിയർ ലീഗ് കിരീട നേട്ടത്തിനു പിന്നാലെയാണ് ഡയസ് ആൻഫീൽഡിനോട് വിടപറഞ്ഞത്.

കൊളംബിയൻ മുന്നേറ്റതാരം ക്ലബ് വിടുമെന്ന് മാസങ്ങളായി അഭ്യൂഹങ്ങളുണ്ടായിരുന്നു. സഹതാരം ഡീഗോ ജോട്ടയുടെ മരണം സംഭവിച്ചില്ലായിരുന്നെങ്കിൽ തന്‍റെ യാത്ര പറച്ചിൽ ഏറ്റവും അനുയോജ്യമായ സമയത്താകുമായിരുന്നെന്ന് ഡയസ് പ്രതികരിച്ചു. ‘ഒരുപാട് സ്വപ്നങ്ങളുമായാണ് ഇവിടെ വന്നത്. ഒന്നിച്ച് ലക്ഷ്യം നേടിയെന്ന ചാരിതാർഥ്യത്തോടെയാണ് ഇവിടുന്ന് പോകുന്നത്’ -ഡയസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

2022 ജനുവരിയിർ പോർട്ടോയിൽനിന്നാണ് ഡയസ് ലിവർപൂളിലെത്തുന്നത്. ചെമ്പടക്കാടി 148 മത്സരങ്ങളിൽനിന്ന് 41 ഗോളുകൾ നേടി. ആൻഫീൽഡിലെ അരങ്ങേറ്റ സീസണിൽ തന്നെ ടീമിനൊപ്പം എഫ്.എ കപ്പ്, കരബാവോ കപ്പ് കിരീട നേട്ടങ്ങളിൽ പങ്കാളിയായി. 2022 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മഡ്രിഡിനോട് തോറ്റ ടീമിലും ഡയസുണ്ടായിരുന്നു.

ലിവർപൂൾ കിരീടം നേടിയ കഴിഞ്ഞ സീസണിൽ 17 തവണയാണ് താരം വല കുലുക്കിയത്. ന്യൂകാസിൽ സ്ട്രൈക്കർ അലക്സാണ്ടർ ഐസക്കിനായി ലിവർപൂൾ ചരടുവലി ശക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - Diaz leaves Liverpool for Bayern

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.