എഫ്.എ കപ്പുമായി ക്രിസ്റ്റൽ പാലസ് ടീം

ഇത് ക്രിസ്റ്റൽ ക്ലിയർ കപ്പ്; സിറ്റിക്കുമുമ്പിൽ കോട്ടകെട്ടി വിജയത്തിന്റെ രാജകൊട്ടാരത്തിൽ പാലസ്

ലണ്ടൻ: വീറുറ്റ പോരാട്ടങ്ങളുടെ ചരിത്രങ്ങളേറെ പിറന്ന വെംബ്ലിയുടെ മണ്ണിൽ അതിശയവിജയത്തിന്റെ ഒരു ക്രിസ്റ്റൽ ക്ലിയർ ചിത്രം. മാഞ്ചസ്റ്റർ സിറ്റിയെന്ന അതികായരെ വെംബ്ലിയിലെ കലാശക്കളിയിൽ ഏകപക്ഷീയമായ ഒരു ഗോളിന് മലർത്തിയടിച്ച് ക്രിസ്റ്റൽ പാലസ് എഫ്.എ കപ്പ് ഫുട്ബാൾ കിരീടം ചൂടി. കളിചരിത്രത്തിലാദ്യമായി പാലസിനൊരു കിരീടനേട്ടം. 1905 മുതൽ കിരീടജയത്തിനായി കാത്തുകാത്തിരുന്ന പാലസിന്റെ സ്വപ്നങ്ങളിലേക്ക് 16-ാം മിനിറ്റിൽ എബെറെച്ചി എസെയുടെ ബൂട്ടിൽനിന്നായിരുന്നു വിധിനിർണായക ഗോൾ.

മത്സരത്തിൽ അസാമാന്യമാംവിധം പിടിമുറുക്കിയിട്ടും ‘കൊട്ടാരസംഘ’ത്തിന്റെ കോട്ടകൊത്തളങ്ങൾ തകർക്കാൻ കഴിയാതെ സിറ്റി ഉഴറുന്ന കാഴ്ചയായിരുന്നു വെംബ്ലിയിൽ. ഗോളി ഡീൻ ഹെൻഡേഴ്സണിന്റെ അപാരമായ മെയ്‍വഴക്കവും മനസ്സാന്നിധ്യവുമാണ് കപ്പ് പാലസിലേക്കെത്തിച്ചത്. 79 ശതമാനം സമയത്തും പന്തിന്റെ നിയന്ത്രണം കാലിലൊതുക്കിയ സിറ്റി 23 ഷോട്ടുകൾ ക്രിസ്റ്റൽ പാലസ് വല ലക്ഷ്യമിട്ട് പായിച്ചിട്ടും ഫലമുണ്ടായില്ല.

16-ാം മിനിറ്റിൽ കളിഗതിക്കെതിരായ കൗണ്ടർ അറ്റാക്കിങ്ങിൽനിന്നായിരുന്നു ക്രിസ്റ്റൽ പാലസിന്റെ ഗോൾ. വലതു വിങ്ങിലൂടെ പന്തുമായി കുതിച്ച ഡാനിയൽ മുനോസ് ബോക്സിലേക്ക് നീട്ടിയിട്ട പാസിൽ എസെയുടെ ഫസ്റ്റ്ടൈം ഷോട്ട് നിലംപ​റ്റെ വലയിലേക്ക് പാഞ്ഞുകയറുമ്പോൾ സിറ്റി ഗോളി സ്റ്റെഫാൻ ഒർട്ടേഗ ഡൈവ് ചെയ്ത് തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.

സിറ്റിയുടെ നീക്കങ്ങൾ ഒന്നൊന്നായി തട്ടിയകറ്റിയ ഹെൻഡേഴ്സൺ 36-ാം മിനിറ്റിൽ പെനാൽറ്റി കിക്ക് തടഞ്ഞിട്ടും കരുത്തുകാട്ടി. ബെർണാഡോ സിൽവയെ ബോക്സിൽ ടിറിക് മിച്ചൽ ഫൗൾ ചെയ്ത് വീഴ്ത്തിയതിനായിരുന്നു പെനാൽറ്റി. ഒമർ മർമൂഷ് എടുത്ത എടുത്ത കിക്ക് വലതുഭാഗത്തേക്ക് ചാടിവീണാണ് ഹെൻഡേഴ്സൺ വഴിമാറ്റി വിട്ടത്.

സിൽവ, എർലിങ് ഹാലാൻഡ്, കെവിൻ ഡിബ്രൂയിൻ, ഫിൽ ഫോഡൻ തുടങ്ങിയ വമ്പന്മാരെ കളത്തിലിറക്കി കപ്പിൽ മുത്തമിടാൻ തുനിഞ്ഞിറങ്ങിയ സിറ്റിയെ കൈമെയ് മറന്ന് പ്രതിരോധിക്കുകയായിരുന്നു പാലസ് സംഘം. ആദ്യപകുതിയിൽ ഹാലാൻഡ്, ജോസ്കോ ഗ്വാർഡിയോൾ, ജെറമി ഡോകു എന്നിവരുടെ ഉറച്ച ഗോൾശ്രമങ്ങൾ തടഞ്ഞിട്ട ഹെൻഡേഴ്സൺ, ഇടവേളക്കുശേഷം അർജന്റീനാ യുവതാരം ക്ലോഡിയോ എച്ചെവെരിയുടെ ഗോളെന്നുറച്ച ഷോട്ടും തട്ടിമാറ്റി ടീമിന്റെ രക്ഷക്കെത്തി.

ആദ്യപകുതിയിൽ ഹാലാൻഡിന്റെ ശ്രമം തടയുന്നതിനിടയിൽ ബോക്സിന് പുറത്തുനിന്ന് പന്ത് കൈകൊണ്ട് തട്ടിയകറ്റിയതിന് ഹെൻഡേഴ്സണിന് ചുകപ്പ് കാർഡ് നൽകണമെന്ന സിറ്റി താരങ്ങളുടെ വാദം ‘വാറി’ൽ തള്ളിപ്പോയി. കളിയിലെ കേമനായി ഒടുവിൽ തെരഞ്ഞെടുക്കപ്പെട്ടതും ഹെൻഡേഴ്സൺ തന്നെയായിരുന്നു.

ഒലിവർ ഗ്ലാസ്നറുടെ ശിക്ഷണത്തിൽ സീസണിൽ അഭിമാനകരമായ നേട്ടമാണ് ക്രിസ്റ്റൽ പാലസ് കൈയെത്തിപ്പിടിച്ചിരിക്കുന്നത്. പ്രീമിയർ ലീഗിൽ ഈ സീസണിൽ ഒക്ടോബർ 27 വരെ ഒരു വിജയം പോലും ക്രെഡിറ്റിലില്ലാതിരുന്ന ടീം, പിന്നീട് പൊരുതിക്കയറി 12-ാം സ്ഥാനത്താണിപ്പോൾ.

ക്ലബ് ഫുട്ബാളിൽ സമീപകാലത്ത് വിജയത്തിന്റെ തുടരധ്യായങ്ങൾ രചിച്ച് കുതിപ്പ് നടത്തിയ സിറ്റിക്ക് സർവതും പിഴച്ചൊരു സീസൺ കൂടിയായി ഇത് മാറി. 2016-17ൽ പെപ് ഗ്വാർഡിയോള സിറ്റിയുടെ പരിശീലക ചുമതല ഏറ്റെടുത്തശേഷം ഇതാദ്യമാണ് ഒരു കിരീടം പോലുമില്ലാതെ സിറ്റിക്ക് നിരാശപ്പെടേണ്ടി വന്നത്. പ്രീമിയർ ലീഗിൽ രണ്ടു മത്സരങ്ങൾ മാത്രം ശേഷിക്കേ, അടുത്തസീസണിലെ ചാമ്പ്യൻസ് ലീഗിൽ പോലും ടീമിന് ഇടമുറച്ചിട്ടില്ല. 

Tags:    
News Summary - Crystal Palace Beat Manchester City To Win FA Cup As First Major Trophy In Club's History

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.