റിയാദ്: കളത്തിലും പുറത്തും സർപ്രൈസ് എന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രധാന ഐറ്റമാണ്. അപ്രതീക്ഷിത ആംഗിളിലും അസാധ്യമെന്നുറപ്പിച്ച ദിക്കിലും അദ്ദേഹം ഉതിർക്കുന്ന ഷോട്ടുകൾ മുതൽ, കളത്തിന് പുറത്തെ പ്രതികരണങ്ങളിലും വരെയുണ്ട് ക്രിസ്റ്റ്യാനോയുടെ ഈ സർപ്രൈസ് മൂവുകൾ. ഇതോടൊപ്പം തന്നെ ഏറെ പ്രസിദ്ധമാണ് സൂപ്പർതാരത്തിന്റെ സഹജീവി സ്നേഹവും കരുതലും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വേദനിക്കുന്നവർ മുതൽ ആരാധകരോട് വരെ ക്രിസ്റ്റ്യോനാ പ്രകടിപ്പിക്കുന്ന അനുകമ്പ പലതവണ വാർത്തകളിൽ ഇടം നേടിയതാണ്.
ഇപ്പോഴിതാ, സൗദി പ്രോ ലീഗിൽ തന്റെ ക്ലബായ അൽ നസ്റിൽ നിന്നും സൂപ്പർതാരത്തിന്റെ ഹൃദ്യമായൊരു ആഘോഷ വീഡിയോ പുറത്തു വന്നിരിക്കുന്നത്. സാധാരണ ആഘോഷങ്ങളിൽ നിന്നെലാം പുറത്തിരിക്കാൻ വിധിക്കപ്പെടുന്ന വിഭാഗമായി ടീമിന്റെ പാചകക്കാരെയാണ് താരം ചേർത്തു പിടിച്ചത്. അൽ നസ്ർ ക്ലബിന്റെ ഔദ്യോഗിക പാചകക്കാരന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം.
പരിശീലനം കഴിഞ്ഞ് ടീം അംഗങ്ങളെല്ലാം തീൻ മുറിയിലെത്തിയപ്പോൾ അവർക്ക് ഭക്ഷണം വിളമ്പുന്ന തിടുക്കത്തിലാണ് ടീം കുക്ക്. എന്നാൽ, ഇതിനിടയിലേക്ക് മെഴുകുതിരികൾ തെളിയിച്ച വലിയ കേക്കുമായി സൂപ്പർ താരം കടന്നു വന്നു. ഒപ്പം, തീൻമുറിയിൽ കാത്തിരുന്ന കളിക്കാരും ജീവനക്കാരും ‘ഹാപ്പി ബർത് ഡേ...’ ആശംസയുമായി പാട്ടും തുടങ്ങി. അപ്പോൾ മാത്രമേ, ക്രിസ്റ്റ്യാനോയും കൂട്ടരും ഒരുക്കിയ സർപ്രൈസ് പിറന്നാളുകാരൻ അറിഞ്ഞുള്ളൂ. തികച്ചും അപ്രതീക്ഷിതമായ ആഘോഷം കണ്ട് കണ്ണു നിറഞ്ഞ് മുഖംപൊത്തികൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ശേഷം, ക്രിസ്റ്റ്യാനോയെ കെട്ടിപ്പിടിച്ച് സ്നേഹവും പങ്കുവെച്ചു.
സാമൂഹിക മാധ്യമങ്ങളിൽ വൈറലായ പിറന്നാൾ ആഘോഷ വിഡിയോക്കു പിന്നാലെ, പോർചുഗലിന്റെ ഇതിഹാസ താരത്തിന്റെ സഹജീവി സ്നേഹത്തിനും പരിഗണനക്കും അഭിനന്ദനവുമായി എത്തുകയാണ് ആരാധകലോകം.
കഴിഞ്ഞ ദിവസമായിരുന്നു പ്രീ സീസൺ സൗഹൃദ മത്സരത്തിൽ ആരാധകരുടെ മനം നിറച്ച പ്രകടനവും താരം കാഴ്ചവെച്ചത്. റിയോ ആവെക്കെതിരായ മത്സരത്തിൽ ക്രിസ്റ്റ്യാനോയുടെ ഹാട്രിക് മികവിൽ 4-0ത്തിനായിരുന്നു അൽ നസ്റിന്റെ വിജയം. പോർചുഗലിൽ നിന്നും ജോ ഫെലിക്സ് കൂടി ടീമിലെത്തിയതിെൻറ ആഘോഷ ഗോളടിച്ച് തുടങ്ങിയിരിക്കുകയാണ് താരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.