ഹോങ്കോങ്: സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ സൗദി സൂപ്പർ കപ്പ് ഫൈനലിൽ. ഹോങ്കോങ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ സെമി ഫൈനൽ പോരാട്ടത്തിൽ ഫ്രഞ്ച് സൂപ്പർതാരം കരീം ബെൻസേമയുടെ അൽ ഇത്തിഹാദിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റിയാദ് ക്ലബ് വീഴ്ത്തിയത്.
മത്സരത്തിൽ 65 മിനിറ്റിലധികം പത്തുപേരുമായാണ് നസ്ർ കളിച്ചത്. ഗാന സൂപ്പർതാരം സാദിയോ മാനെ 25ാം മിനിറ്റിൽ ചുവപ്പ് കാർഡ് വാങ്ങി പുറത്തായിട്ടും നസർ വിജയം പിടിച്ചെടുത്തു. മാനെ, ജാവോ ഫെലിക്സ് എന്നിവരാണ് നസ്റിനായി വലകുലുക്കിയത്. സ്റ്റീവൻ ബെർഗ്വിജന്‍റെ വകയായിരുന്നു ഇത്തിഹാദിന്‍റെ ആശ്വാസ ഗോൾ. ആറാം തവണയാണ് നസ്ർ സൗദി സൂപ്പർ കപ്പ് ഫൈനലിൽ എത്തുന്നത്. 2019, 2020 വർഷങ്ങളിൽ ജേതാക്കളായി. 2014, 2015, 2024 സീസണുകളിൽ റണ്ണേഴ്സ് അപ്പായി. സൗദി ക്ലബിനൊപ്പമുള്ള ആദ്യ കിരീടത്തിലേക്ക് ക്രിസ്റ്റ്യാനോക്ക് ഇനി ഒരു ജയത്തിന്‍റെ ദൂരം മാത്രം.
മത്സരത്തിന്‍റെ 10ാം മിനിറ്റിൽ മാനെയിലൂടെ നസ്റാണ് ആദ്യം ലീഡെടുത്തത്. മാഴ്സലോ ബ്രൊസോവിച്ചിന്‍റെ ക്രോസ് ഒരു കിടിലൻ വോളിയിലൂടെ ഇത്തിഹാദ് ഗോൾ കീപ്പർ ഹമദ് അൽ ഷാൻഖിത്തിയെ കീഴ്പ്പെടുത്തി മാനെ ലക്ഷ്യത്തിലെത്തിച്ചു. ആറു മിനിറ്റിനുള്ളിൽ ഇത്തിഹാദ് ഒപ്പമെത്തി. മൂസ്സ ഡയബിയുടെ കട്ട്ബാക്കിൽനിന്നാണ് ബെർഗ്വിജൻ സമനില ഗോൾ നേടിയത്. പിന്നാലെ ഇത്തിഹാദ് ഗോൾ കീപ്പർ ഹമദിനെ ഗുരുതരമായി ഫൗൾ ചെയ്തതിന് മാനെക്ക് റഫറി ചുവപ്പ് കാർഡ് നൽകി, ഇതോടെ നസ്ർ പത്തുപേരിലേക്ക് ചുരുങ്ങി.
ക്രിസ്റ്റ്യാനോയും സംഘവും പൊരുതിനിന്നതോടെ 1-1 എന്ന സ്കോറിനാണ് ഇടവേളക്ക് പിരിഞ്ഞത്. എന്നാൽ, ഒരു താരത്തിന്‍റെ കുറവുണ്ടായിട്ടും രണ്ടാം പകുതിയിൽ നസ്ർ കളംനിറയുന്നതാണ് കണ്ടത്. 61ാം മിനിറ്റിൽ അതിനുള്ള ഫലവും കിട്ടി. ഫെലിക്സിലൂടെ നസ്ർ വീണ്ടും ലീഡെടുത്തു. ക്രിസ്റ്റ്യാനോയാണ് ഗോളിന് വഴിയൊരുക്കിയത്. ഓപ്പൺ പോസ്റ്റിലേക്ക് ഗോളടിക്കാൻ അവസരം ഉണ്ടായിട്ടും ക്രിസ്റ്റ്യാനോ ഫെലിക്സിന് പാസ് കൊടുക്കുകയായിരുന്നു. ക്രിസ്റ്റ്യാനോ ഓഫ് സൈഡാണെന്ന സംശയത്തെ തുടർന്ന് വാർ പരിശോധനക്കുശേഷമാണ് ഗോൾ അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.