ആഴ്സണൽ താരം വേണ്ട, പകരം റയൽ സൂപ്പർതാരം മതിയെന്ന് ക്രിസ്റ്റ്യാനോ; അൽ നസ്റിലേക്ക് വരുമോ?

പോര്‍ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഏതാനും ദിവസങ്ങൾക്കു മുമ്പാണ് സൗദി പ്രോ ലീഗ് ക്ലബായ അല്‍ നസ്റുമായി കരാർ പുതുക്കിയത്.

ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് രണ്ടു വർഷത്തേക്ക് കരാർ പുതുക്കിയത്. ഇത്തവണയെങ്കിലും ടീമിന് ഒരു കിരീടം നേടിക്കൊടുക്കണമെന്ന അതിയായ ആഗ്രഹത്തിലാണ് താരം. അതിനായി ടീമിനെ അടിമുടി പുതുക്കി പണിയാനുള്ള തയാറെടുപ്പിലാണ് ക്രിസ്റ്റ്യാനോ. ആഴ്സണൽ താരം ഗബ്രിയേൽ മാർട്ടിനെല്ലി നസ്റിലെത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ, മാർട്ടിനെല്ലി വേണ്ടെന്ന നിലപാടാണ് ക്രിസ്റ്റ്യാനോക്ക്, പകരം റയലിന്‍റെ ബ്രസീൽ സൂപ്പർതാരം റോഡ്രിഗോയെ ടീമിലെത്തിക്കണമെന്നാണ് താരത്തിന്‍റെ ആഗ്രഹം. സൗദി പ്രോ ലീഗിനും അൽ നസ്റിനും കൂടുതൽ യോജിക്കുന്നത് ബ്രസീൽ താരമെന്നാണ് ക്രിസ്റ്റ്യാനോയടെ പക്ഷം. നസ്റിൽ വിങ്ങറുടെ അഭാവം റോഡ്രിഗോയിലൂടെ പരിഹരിക്കാനാകുമെന്നാണ് താരം വിശ്വസിക്കുന്നത്. നിലവിൽ ക്ലബിന്‍റെ കൊളംബിയൻ മുന്നേറ്റതാരം ജോൺ ഡുറാൻ വായ്പാടിസ്ഥാനത്തിൽ തുർക്കി ക്ലബ് ഫെനെർബാഷെക്കുവേണ്ടിയാണ് കളിക്കുന്നത്. അതുകൊണ്ടു ടീമിന് മുന്നേറ്റനിര ശക്തിപ്പെടുത്തേണ്ടതുണ്ട്.

ലിവർപൂൾ താരം ലൂയിസ് ഡയസിനെ ടീമിലെത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് സൗദി ക്ലബ് മാർട്ടിനെല്ലിക്കുവേണ്ടി നീക്കം തുടങ്ങിയത്. എന്നാൽ, ക്രിസ്റ്റ്യാനോ ആഴ്സണൽ താരത്തിന്‍റെ കാര്യത്തിൽ വലിയ താൽപര്യം പ്രകടിപ്പിച്ചില്ല. റോഡ്രിഗോയെ ടീമിൽ എത്തിച്ചാൽ സൗദി പ്രോ ലീഗ് പുതു സീസണിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനാകുമെന്നും ക്രിസ്റ്റ്യാനോ വിശ്വസിക്കുന്നു.

സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡാണെങ്കിൽ റോഡ്രിഗോയെ ഈ സമ്മറിൽ വിറ്റഴിക്കാനുള്ള ആലോചന നടത്തുന്നുണ്ട്. 900 കോടി (90 മില്യൺ യൂറോ) രൂപയാണ് താരത്തിന് വിലയിട്ടിരിക്കുന്നത്. 2022ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിട്ട് നസറിലെത്തിയ താരം 2027 വരെ സൗദി ക്ലബിൽ തുടരും. പ്രോ ലീഗില്‍ കഴിഞ്ഞ സീസണിൽ അല്‍ ഇത്തിഹാദിനും അല്‍ ഹിലാലിനും പിന്നിൽ മൂന്നാം സ്ഥാനത്താണ് നസ്ർ ഫിനിഷ് ചെയ്തത്.

തുടർച്ചയായി രണ്ടാം തവണയും ക്രിസ്റ്റ്യാനോ ടോപ് സ്കോററായി. മൂന്നു സീസണുകളിലായി അൽ നസറിനൊപ്പം വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിൽ 111 മത്സരങ്ങളില്‍നിന്നായി 99 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. താരത്തിന്‍റെ കരിയറിലെ ആകെ ഗോളുകൾ 936 ആയി. അടുത്തിടെ യുവേഫ നേഷൻസ് ലീഗിൽ പോർചുഗലിന് കിരീടം നേടികൊടുത്തിരുന്നു.

Tags:    
News Summary - Cristiano Ronaldo wants Al-Nassr to sign Real Madrid star

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.