സൗദി ക്ലബ് അൽ-നസ്റുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന സൂചനകൾ നൽകി പോർചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ക്രിസ്റ്റ്യാനോയുടെ സമൂഹമാധ്യമ പോസ്റ്റുകളാണ് അഭ്യൂഹങ്ങൾക്ക് ശക്തിപകർന്നത്. 'ഈ അധ്യായം പൂർത്തിയായി. കഥയോ? തുടർന്നുകൊണ്ടേയിരിക്കുന്നു. എല്ലാവർക്കും നന്ദി' -അൽ-നസ്ർ ജഴ്സിയിലുള്ള ഫോട്ടോക്കൊപ്പം താരം പോസ്റ്റ് ചെയ്തു.
സൗദി പ്രോ ലീഗ് സീസൺ അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ക്ലബ് വിടുകയാണെന്ന സൂചനകൾ നൽകി 40കാരനായ താരത്തിന്‍റെ പോസ്റ്റ്. സൗദി പ്രോ ലീഗിൽ 24 ഗോളോടെ ടോപ് സ്കോററാണ് ക്രിസ്റ്റ്യാനോ. അൽ-നസ്റിന് മൂന്നാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു. ഏഷ്യൻ ചാമ്പ്യൻസ് ലീഗ് എലൈറ്റിന്റെ സെമിഫൈനലിൽ പുറത്താവുകയും ചെയ്തു.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് 2022ലാണ് ക്രിസ്റ്റ്യാനോ അൽ-നസറിൽ ചേർന്നത്. കരാർ ഈ സീസണോടെ അവസാനിക്കാനിരിക്കെയാണ് ക്ലബ് വിടുകയാണെന്ന സൂചനകൾ താരം നൽകിയത്. അല്‍-നസ്റിനായി 111 തവണ ഇറങ്ങിയ താരം 99 ഗോളുകൾ നേടി. പക്ഷേ, പറയത്തക്ക കിരീടനേട്ടം ഒന്നുമില്ലാതെയാണ് അല്‍-നസ്ര്‍ കാലം അവസാനിക്കുന്നത്. ഇന്നലത്തെ മത്സരത്തിൽ ക്രിസ്റ്റ്യാനോ ഗോളടിച്ചെങ്കിലും അൽ-ഫത്താക്കെതിരെ അൽ-നസ്ർ 3-2ന് തോറ്റിരുന്നു. പിന്നാലെയാണ് താരത്തിന്‍റെ സമൂഹമാധ്യമ പോസ്റ്റ്.
ഏത് ക്ലബ്ബിലേക്കാവും ഇനി ക്രിസ്റ്റ്യാനോ എത്തുകയെന്ന ചർച്ചകൾ തകൃതിയാണ്. ജൂൺ 14 മുതൽ യു.എസില്‍ നടക്കാനിരിക്കുന്ന ക്ലബ് ലോകകപ്പിൽ ക്രിസ്റ്റ്യാനോ പങ്കെടുക്കുമെന്ന് ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോ സൂചനകൾ നൽകിയിരുന്നു. അൽ-നസ്ർ ലോകകപ്പിന് യോഗ്യത നേടാത്ത സാഹചര്യത്തിൽ ക്രിസ്റ്റ്യാനോ എങ്ങനെ പങ്കെടുക്കുമെന്ന് ചോദ്യമുയർന്നിരുന്നു. ഇതോടെ, താരം അൽ-നസ്ർ വിടുകയാണെന്ന അഭ്യൂഹവും ശക്തമായിരുന്നു. ജൂണ്‍ ഒന്നു മുതല്‍ 10 വരെ പ്രത്യേക ട്രാന്‍സ്ഫര്‍ വിന്‍ഡോയും ഫിഫ തുറന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.