ക്രിസ്റ്റ്യാനോ റൊണാൾഡോ ഡിയോഗോ ജോട്ടക്കൊപ്പം

‘വിശ്വസിക്കാൻ സാധിക്കുന്നില്ല, ഞങ്ങൾ നിങ്ങളെ മിസ്സ് ചെയ്യും’; ജോട്ടയുടെ വിയോഗത്തിൽ അനുശോചിച്ച് ക്രിസ്റ്റ്യാനോ

പോർച്ചുഗൽ ദേശീയ ടീമിലെ സഹതാരം ഡിയോഗോ ജോട്ടയുടെ വിയോഗം വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. അടുത്ത കാലത്തുകൂടി ടീമിൽ ഒരുമിച്ച് കളിച്ച സഹതാരത്തിന്‍റെ വിയോഗം അവിശ്വസനീയമാണ്. കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ക്രിസ്റ്റ്യാനോ എക്സിൽ കുറിച്ചു. സ്പെയിനിലെ സമോറയിലുണ്ടായ കാറപകടത്തിലാണ് ഡിയോഗോ ജോട്ടയും സഹോദരൻ ആന്ദ്രേ സിൽവയും മരിച്ചത്.

‘ഇത് വിശ്വസിക്കാന്‍ സാധിക്കാത്തതാണ്. ഞങ്ങള്‍ ഈയടുത്തും ദേശീയ ടീമില്‍ ഒരുമിച്ചുണ്ടായിരുന്നു, ഈയടുത്താണ് നിങ്ങള്‍ വിവാഹിതനായത്. നിങ്ങളുടെ കുടുംബത്തിനും ഭാര്യക്കും കുട്ടികള്‍ക്കും എന്റെ അനുശോചനം അറിയിക്കുകയും അവര്‍ക്ക് ലോകത്തിലെ എല്ലാ ശക്തിയും നേരുകയും ചെയ്യുന്നു. നിങ്ങള്‍ എപ്പോഴും അവരോടൊപ്പമുണ്ടാകുമെന്ന് എനിക്കറിയാം. ഡിയോഗോ, ആന്ദ്രേ, സമാധാനത്തോടെ വിശ്രമിക്കൂ. ഞങ്ങള്‍ എല്ലാവരും നിങ്ങളെ മിസ്സ് ചെയ്യും’- റൊണാള്‍ഡോ കുറിച്ചു.

ലിവര്‍പൂള്‍ ആരാധകര്‍ ആന്‍ഫീല്‍ഡിലെ ഹില്‍സ്ബറോ സ്മാരകത്തില്‍ ഡിയോഗോ ജോട്ടയ്ക്ക് പുഷ്പാര്‍ച്ചനയും ആദരാഞ്ജലികളും അര്‍പ്പിച്ചു. ആശ്വാസ വാക്കുകള്‍ ഇല്ലെന്ന് ലിവര്‍പൂള്‍ ഫോര്‍വേഡ് ഡാര്‍വിന്‍ നുനെസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. കളത്തിലും പുറത്തും നല്ല കൂട്ടുകാരന്‍ എന്ന നിലയില്‍, ജോട്ടയെ മനോഹരമായ ആ പുഞ്ചിരിയോടെ എപ്പോഴും ഓര്‍ക്കുമെന്നും നുനെസ് കുറിച്ചു.

സ്പാനിഷ് പ്രവിശ്യയായ സമോറയിൽ പ്രാദേശിക സമയം രാത്രി 12.30ഓടെയാണ് ഡിയോഗോ ജോട്ട ഓടിച്ചിരുന്ന ലംബോർഗിനി കാർ നിയന്ത്രണംവിട്ട് അപകടമുണ്ടായത്. മറ്റൊരു കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ടയർ പൊട്ടിത്തെറിക്കുകയും പിന്നാലെ റോഡിൽനിന്ന് തെന്നിമാറിയ കാറിന് തീപിടിക്കുകയുമായിരുന്നുവെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്തു. കത്തിയ കാറിൽനിന്ന് രക്ഷപ്പെടുകയെന്നത് അസാധ്യമാവുകയും ദാരുണ ദുരന്തമുണ്ടാവുകയും ചെയ്തു.

സെർനാഡില്ല മുനിസിപ്പാലിറ്റിയിലൂടെയുള്ള എ-52 ഹൈവേയിലാണ് കാർ കത്തിയമർന്നത്. അപകടത്തിനു പിന്നാലെ സ്പാനിഷ് സിവിൽ ഗാർഡും സമോറയിലെ അഗ്നിരക്ഷാ സേനയും വൈദ്യസംഘവും എത്തിയെങ്കിലും താരങ്ങളെ രക്ഷിക്കാനായില്ല. പ്രീമിയർ ലീഗിൽ ലിവർപൂളിന്‍റെ കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ച ജോട്ട, നാഷൻസ് ലീഗ് ഫൈനലിൽ സ്പെയിനിനെ തകർത്ത് കിരീടം നേടിയ പോർച്ചുഗൽ ടീമിലും അംഗമായിരുന്നു. അഞ്ച് ദിവസം മുമ്പാണ് ജൂട്ടയുടെ വിവാഹം നടന്നത്. ദീർഘകാല പങ്കാളിയായിരുന്ന റൂട്ട് കാർഡോസോയെയാണ് താരം വിവാഹം കഴിച്ചത്, അവർക്ക് മൂന്ന് കുട്ടികളുണ്ട്.

1996ല്‍ പോര്‍ട്ടോയില്‍ ജനിച്ച ജോട്ട, പാക്കോസ് ഡി ഫെരേരയുടെ യൂത്ത് സെറ്റപ്പിലൂടെയാണ് തന്റെ കളി ജീവിതം ആരംഭിച്ചത്. 2016ല്‍ അത്ലറ്റിക്കോ മഡ്രിഡിലേക്ക് മാറി, തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം പ്രീമിയര്‍ ലീഗില്‍ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്സിലെത്തി. 2020ലാണ് ലിവര്‍പൂളിലെത്തുന്നത്. ക്ലബിനായി 123 മത്സരങ്ങളില്‍ നിന്നായി 47 ഗോളുകള്‍ നേടിയിട്ടുണ്ട്. ജോട്ടയുടെ സഹോദരൻ 26കാരനായ ആന്ദ്രേ സിൽവ പോർച്ചുഗീസ് രണ്ടാം നിര ക്ലബ്ബായ പെനാഫിയേലിന്‍റെ താരമായിരുന്നു. അപകടത്തിൽ ഇരുവർക്കും ജീവൻ നഷ്ടമായത് യുറോപ്യൻ ഫുട്ബാളിന് തീരാനഷ്ടമാണ്.

Tags:    
News Summary - Cristiano Ronaldo mourns Diogo Jota’s death: ‘It doesn’t make sense’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.