ഒരേയൊരു ക്രിസ്റ്റ്യാനോ! ഗോളടിയിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് പോർചുഗീസ് താരം; 70ാം വാർഷികത്തിൽ അൽ നസറിന് ഇരട്ടിമധുരം

റിയാദ്: കരിയറിൽ 950 ഗോളുകളെന്ന നാഴികക്കല്ല് പിന്നിട്ട് പോർചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി പ്രോ ലീഗിൽ അൽ ഹസമിനെതിരായ മത്സരത്തിൽ അൽ നസറിനുവേണ്ടി ഗോളടിച്ചാണ് 40കാരനായ ക്രിസ്റ്റ്യാനോ കരിയറിൽ 950 ഗോളുകൾ തികച്ചത്.

മത്സരത്തിന്‍റെ 88ാം മിനിറ്റിലായിരുന്നു താരത്തിന്‍റെ ഗോൾ. കിങ്‌സ്‌ലി കോമാനാണ് ഗോളിന് വഴിയൊരുക്കിയത്. മത്സരത്തില്‍ അല്‍ നസ്ര്‍ മടക്കമില്ലാത്ത രണ്ട് ഗോളിന് അല്‍ ഹസമിനെ പരാജയപ്പെടുത്തി. 25ാം മിനിറ്റിൽ ജാവോ ഫെലിസ്കും വലകുലുക്കി.

ലീഗില്‍ അല്‍ നസ്‌റിന്റെ തുടര്‍ച്ചയായ ആറാം ജയമാണിത്. 70ാം വാര്‍ഷികം ആഘോഷിക്കുന്ന റിയാദ് ക്ലബിന് പിന്നാള്‍ മധുരം കൂടിയായി ഈ വിജയം.

മാഞ്ചസ്റ്റർ യുനൈറ്റഡ് വിട്ട് 2022 ഡിസംബറിൽ സൗദിയിലെത്തിയ ക്രിസ്റ്റ്യാനോ അൽ നസ്ർ ക്ലബിനായി വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിലായി ഇതുവരെ 106 ഗോളുകളാണ് നേടിയത്. കരിയറില്‍ 1279 മത്സരങ്ങളില്‍നിന്നാണ് ക്രിസ്റ്റ്യാനോ 950 ഗോളുകളെന്ന നേട്ടത്തിലെത്തിയത്. സ്പോർട്ടിങ് (അഞ്ചു ഗോൾ), മാഞ്ചസ്റ്റർ യുനൈറ്റഡ് (450), യുവന്‍റസ് (101), അൽ നസർ (106) എന്നീ ക്ലബുകൾക്കു പുറമെ, പോർചുഗീസ് ദേശീയ ടീമിനായി 143 ഗോളുകളും നേടിയിട്ടുണ്ട്.

ടീമിന്‍റെ വിജയത്തിൽ പങ്കാളിയാകാനും 950 കരിയർ ഗോളുകളെന്ന നേട്ടത്തിലെത്താനും കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ക്രിസ്റ്റ്യാനോ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. പോർചുഗീസ് സഹതാരം ഫെലിക്സ് ഒരു മനോഹര ഹെഡ്ഡറിലൂടെയാണ് നസറിന് ലീഡ് നേടികൊടുത്തത്. സീസണിൽ ക്ലബിനായി താരത്തിന്‍റെ ഒമ്പതാം ഗോളാണിത്. നേരത്തെ, ബോക്സിനുള്ളിൽ ക്രിസ്റ്റ്യാനോക്ക് മൂന്നു സുവർണാവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. കരിയറിൽ 1000 ഗോളുകളെന്ന റെക്കോഡിലേക്ക് ക്രിസ്റ്റ്യാനോക്ക് ഇനി 50 ഗോളുകളുടെ ദൂരം മാത്രം.

Tags:    
News Summary - Cristiano Ronaldo hits new milestone in hunt for 1000th career goal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.