‘അന്നു ഞാൻ പൊട്ടിക്കരയും...’; വിരമിക്കൽ ഉടനെന്ന സൂചന നൽകി ക്രിസ്റ്റ്യാനോ, വിവാഹം ലോകകപ്പ് ട്രോഫിയുമായി ആഘോഷിക്കുമെന്നും താരം

അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് അധികം വൈകാതെ വിരമിക്കുമെന്ന സൂചന നൽകി പോർചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രമുഖ മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർഗനുമായുള്ള യൂട്യൂബ് അഭിമുഖത്തിലാണ് താരത്തിന്‍റെ വെളിപ്പെടുത്തൽ. ആറാം തവണയും ഫിഫ ഫുട്ബാൾ ലോകകപ്പ് കളിച്ച് റെക്കോഡിടാനുള്ള ഒരുക്കത്തിലാണ് 40കാരനായ ക്രിസ്റ്റ്യാനോ.

സൗദി പ്രോ ലീഗിൽ അൽ നസറായിരിക്കും ഒരുപക്ഷേ താരത്തിന്‍റെ കരിയറിലെ അവസാന ക്ലബ്. ഫുട്ബാളിനുശേഷമുള്ള ജീവിതത്തെ കുറിച്ചുള്ള ആലോചനകൾ തുടങ്ങിയതായും താരം സൂചന നൽകി. ‘ഉടനുണ്ടാകും. അതിനായി ഒരുങ്ങണമെന്ന് തോന്നുന്നു. ഞാൻ പൊട്ടിക്കരയും. പെട്ടെന്ന് കരയുന്നയാളാണ്. ഞാൻ സത്യസന്ധനാണ്. തുറന്ന മനസ്സുള്ള വ്യക്തിയാണ്. എന്നെ സംബന്ധിച്ചെടുത്തോളം വിരമിക്കൽ ഏറെ കഠിനമായിരിക്കും. 25 വയസ്സു മുതൽ ഭാവിയെ കുറിച്ച് ആലോചിക്കുന്നുണ്ട്’ -വിരമിക്കലുമായി ബന്ധപ്പെട്ട മോർഗന്‍റെ ചോദ്യത്തിന് ക്രിസ്റ്റ്യാനോ മറുപടി നൽകി.

ഫുട്ബാളാണ് ജീവിതത്തിലെ വലിയ സന്തോഷം. എന്നാൽ, നല്ലൊരു കുടുംബനാഥനാകാനും കുട്ടികളോടൊപ്പം സമയം ചെലവഴിക്കാനുമുള്ള ആഗ്രഹവും താരം തുറന്നുപറഞ്ഞു. ‘ഫുട്ബാളിൽ ഗോൾ നേടുമ്പോൾ നമുക്ക് ലഭിക്കുന്ന ആവേശത്തേക്കാൾ വലുതായി മറ്റൊന്നുമില്ല. എല്ലാത്തിനും ഒരു തുടക്കവും അവസാനവുമുണ്ട്. കുടുംബത്തിനും കുട്ടികൾക്കുമൊപ്പം കൂടുതൽ സമയം ചെലവഴിക്കണം, പ്രത്യേകിച്ച് രണ്ട് വയസ്സുള്ള ബെല്ലക്കൊപ്പം. ഞാൻ മത്സര സമയങ്ങളിൽ ടീമിനൊപ്പം ഹോട്ടലിൽ താമസിക്കുമ്പോൾ, എനിക്ക് ഒരുതരം തിരക്ക് അനുഭവപ്പെടാറുണ്ട്. ക്രിസ്റ്റ്യാനോ ജൂനിയറിന്‍റെ കാര്യങ്ങൾ ശ്രദ്ധിക്കണം, ബുദ്ധിശൂന്യമായ കാര്യങ്ങളിലേക്ക് വഴിതെറ്റിപോകുന്ന പ്രായമാണ് അവന്. സ്വഭാവികം, കാരണം ഞാനും പലതും ചെയ്തിട്ടുണ്ട്. എനിക്ക് ഒരു മികച്ച കുടുംബനാഥനാകണം’ -ക്രിസ്റ്റ്യാനോ കൂട്ടിച്ചേർത്തു.

Full View

അടുത്ത വർഷം യു.എസ്.എ, കാനഡ, മെക്സിക്കോ രാജ്യങ്ങൾ സംയുക്തമായി വേദിയാകുന്ന ലോകകപ്പിൽ കളിക്കുമെന്നും താരം ആവർത്തിച്ചു. അതിനുശേഷമാകും തങ്ങളുടെ വിവാഹം. ലോകകപ്പിനുശേഷം കിരീടവുമായി വിവാഹം നടത്താനാണ് ആലോചന. വേദി ഇതുവരെ തീരുമാനിച്ചിട്ടില്ല. ജോർജിനക്ക് പാർട്ടി ഇഷ്ടമില്ല. അവൾക്ക് സ്വകാര്യ ചടങ്ങുകളാണ് ഇഷ്ടം, താൻ അതിനെ ബഹുമാനിക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു.ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി തന്നേക്കാൾ കേമനാണെന്ന വാദം ഒരിക്കലും അംഗീകരിക്കില്ലെന്നും അഭിമുഖത്തിൽ ക്രിസ്റ്റ്യാനോ പറയുന്നുണ്ട്.

‘ആളുകൾ പറയുന്നത് മെസ്സി നിങ്ങളേക്കാൾ കേമനാണെന്നാണ്. നിങ്ങളെന്തു പറയുന്നു?’ എന്നായിരുന്നു മോർഗന്റെ ചോദ്യം. ‘മെസ്സി എന്നേക്കാൾ കേമനാണെന്നോ? ആ അഭിപ്രായം ഞാൻ ഒരിക്കലും അംഗീകരിക്കില്ല. അത്ര വിനയാന്വിതനാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല’-എന്നായിരുന്നു ഇതിന് ക്രിസ്റ്റ്യാനോയുടെ മറുപടി. കഴിഞ്ഞയാഴ്ചയാണ് കരിയറിൽ 950 ഗോളുകളെന്ന നാഴികക്കല്ല് ക്രിസ്റ്റ്യാനോ പിന്നിട്ടത്. സൗദി പ്രോ ലീഗിൽ അൽ ഹസമിനെതിരായ മത്സരത്തിൽ അൽ നസറിനുവേണ്ടി ഗോളടിച്ചാണ് 40കാരനായ ക്രിസ്റ്റ്യാനോ കരിയറിൽ 950 ഗോളുകൾ തികച്ചത്.

മാഞ്ചസ്റ്റർ യുനൈറ്റഡ് വിട്ട് 2022 ഡിസംബറിൽ സൗദിയിലെത്തിയ ക്രിസ്റ്റ്യാനോ അൽ നസ്ർ ക്ലബിനായി വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിലായി ഇതുവരെ 106 ഗോളുകളാണ് നേടിയത്. കരിയറില്‍ 1279 മത്സരങ്ങളില്‍നിന്നാണ് ക്രിസ്റ്റ്യാനോ 950 ഗോളുകളെന്ന നേട്ടത്തിലെത്തിയത്. സ്പോർട്ടിങ് (അഞ്ചു ഗോൾ), മാഞ്ചസ്റ്റർ യുനൈറ്റഡ് (450), യുവന്‍റസ് (101), അൽ നസർ (106) എന്നീ ക്ലബുകൾക്കു പുറമെ, പോർചുഗീസ് ദേശീയ ടീമിനായി 143 ഗോളുകളും നേടിയിട്ടുണ്ട്.

ടീമിന്‍റെ വിജയത്തിൽ പങ്കാളിയാകാനും 950 കരിയർ ഗോളുകളെന്ന നേട്ടത്തിലെത്താനും കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ക്രിസ്റ്റ്യാനോ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. പോർചുഗീസ് സഹതാരം ഫെലിക്സ് ഒരു മനോഹര ഹെഡ്ഡറിലൂടെയാണ് നസറിന് ലീഡ് നേടികൊടുത്തത്. സീസണിൽ ക്ലബിനായി താരത്തിന്‍റെ ഒമ്പതാം ഗോളാണിത്. നേരത്തെ, ബോക്സിനുള്ളിൽ ക്രിസ്റ്റ്യാനോക്ക് മൂന്നു സുവർണാവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. കരിയറിൽ 1000 ഗോളുകളെന്ന റെക്കോഡിലേക്ക് ക്രിസ്റ്റ്യാനോക്ക് ഇനി 50 ഗോളുകളുടെ ദൂരം മാത്രം.

Tags:    
News Summary - Cristiano Ronaldo Drops Bombshell, Claims Retirement 'Soon'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.