ക്രിസ്റ്റ്യാനോ റൊണാൾഡോ

ക്രിസ്റ്റ്യാനോ ഡബിൾ സ്ട്രോങ്! മെസ്സിയെ മറികടന്ന് സൂപ്പർതാരം; അഞ്ചിന്‍റെ മൊഞ്ചിൽ പോർചുഗൽ

ലോകകപ്പ് യോഗ്യത റൗണ്ടിൽ തകർപ്പൻ ജയവുമായി പോർചുഗൽ. അർമേനിയയെ മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്കാണ് പറങ്കിപ്പട തരിപ്പണമാക്കിയത്.

ജാവോ ഫെലിക്സിന്‍റെയും സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ഇരട്ട ഗോളുകളാണ് പോർചുഗലിന് ഗംഭീര ജയം ഒരുക്കിയത്. ജാവോ കാൻസലോയാണ് മറ്റൊരു ഗോൾ നേടിയത്. മത്സരത്തിൽ വലകുലുക്കിയതോടെ ക്രിസ്റ്റ്യാനോ റെക്കോഡ് ബുക്കിലും തന്‍റെ പേരെഴുതി ചേർത്തു. അർജന്‍റൈൻ ഇതിഹാസം ലയണൽ മെസ്സിയെ മറികടന്ന് ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ താരം രണ്ടാമതെത്തി. 38 ഗോളുകളാണ് പോർചുഗലിനായി ഇതുവരെ സി.ആർ7 നേടിയത്, അതും 48 മത്സരങ്ങളിൽനിന്ന്.

മെസ്സി 72 മത്സരങ്ങളിൽനിന്ന് 36 ഗോളുകളും. 47 മത്സരങ്ങളിൽനിന്ന് 39 ഗോളുകൾ നേടിയ ഗ്വാട്ടിമാലയുടെ കാർലോസ് റൂയിസാണ് പട്ടികയിൽ ഒന്നാമത്. അധികം വൈകാതെ തന്നെ ക്രിസ്റ്റ്യാനോ പട്ടികയിൽ ഒന്നാമതെത്തിയേക്കും. ഈമാസം 10ന് ഹങ്കറിക്കെതിരെയും ഒക്ടോബറിൽ അയർലൻഡ്, ഹങ്കറി രാജ്യങ്ങൾക്കെതിരെയും പോർചുഗലിന് ലോകകപ്പ് യോഗ്യത മത്സരങ്ങളുണ്ട്. ഡിയോഗോ ജോട്ടയില്ലാതെ പോർചുഗലിന്‍റെ ആദ്യ മത്സരമായിരുന്നു. ഒരു മിനിറ്റ് മൗനം ആചരിച്ചാണ് മത്സരം തുടങ്ങിയത്.

ജൂലൈയിൽ നടന്ന കാറപകടത്തിലാണ് ലിവർപൂളിന്‍റെ പോർചുഗൽ മുന്നേറ്റ താരമായിരുന്ന ജോട്ടയും സഹോദരൻ ആന്ദ്രെ സിൽവയും മരിച്ചത്. എതിരാളികളുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ സമസ്ത മേഖലകളിലും പോർചുഗീസ് ആധിപത്യമായിരുന്നു. പറങ്കിപ്പടക്കായി ആദ്യ വെടി പൊട്ടിച്ചത് അൽ -നസ്റിലെ സഹതാരം ജാവോ ഫെലിക്സായിരുന്നു. 10ാം മിനിറ്റിൽ കാൻസലോയുടെ അസിസ്റ്റിലാണ് താരം ടീമിന് ലീഡ് നേടികൊടുത്തത്.

21ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ ലീഡ് ഇരട്ടിയാക്കി. പെഡ്രോ നെറ്റോ ഗോൾമുഖത്തേക്ക് ഉയർത്തി നൽകിയ പന്ത് താരം വലയിലാക്കി. 32ാം മിനിറ്റിലായിരുന്നു കാൻസലോയുടെ ഗോൾ. 3-0 എന്ന സ്കോറിനാണ് ഇടവേളക്ക് പിരിഞ്ഞത്. രണ്ടാം പകുതി തുടങ്ങിയതും ക്രിസ്റ്റ്യാനോ (46ാം മിനിറ്റിൽ) ഒരു കിടിലൻ ലോങ് റേഞ്ച് ഗോളിലൂടെ ലീഡ് വർധിപ്പിച്ചു. 62ാം മിനിറ്റിൽ  ഫെലിക്സ് ഗോൾ പട്ടിക പൂർത്തിയാക്കി. 

ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരങ്ങള്‍;

കാര്‍ലോസ് റൂയിസ് (ഗ്വാട്ടിമാല) -39 ഗോളുകൾ

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (പോര്‍ചുഗല്‍) -38

ലയണല്‍ മെസ്സി (അര്‍ജന്റീന) -36

അലി ദേയ് (ഇറാന്‍) -35

റോബര്‍ട്ട് ലെവന്‍ഡോവ്സ്കി (പോളണ്ട്) -31

Tags:    
News Summary - Cristiano Ronaldo Breaks Lionel Messi's Record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.