ലിസ്ബൺ: പ്രായം 40 തൊട്ടെങ്കിലും ലോക ഫുട്ബാളിൽ നക്ഷത്രത്തിളക്കം വിടാത്ത ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കാൽപന്തിലെ നേരവകാശിയായി മകൻ റൊണാൾഡോ ജൂനിയർ. കഴിഞ്ഞ ദിവസം ദേശീയ ജഴ്സിയിൽ 14കാരന്റെ അരങ്ങേറ്റത്തിൽ അഭിമാനവും സന്തോഷവും പ്രകടിപ്പിച്ച് ക്രിസ്റ്റ്യാനോ എത്തി.
‘‘പോർചുഗലിനായി അരങ്ങേറിയ മകന് അനുമോദനങ്ങൾ, നിന്നെയോർത്ത് ഏറെ അഭിമാനം’’ എന്നായിരുന്നു ഇൻസ്റ്റഗ്രാമിലെ പിതാവിന്റെ പോസ്റ്റ്. ക്രൊയേഷ്യയിൽ നടന്ന വ്ലാറ്റ്കോ മാർകോവിച് അണ്ടർ 15 ടൂർണമെന്റിൽ ജപ്പാനെതിരെയായിരുന്നു പോർചുഗലിന് മത്സരം. റാഫേൽ കബ്രാൾ ഹാട്രിക് കുറിച്ച് ബഹുദൂരം മുന്നിൽനിൽക്കെ 54ാം മിനിറ്റിലാണ് റൊണാൾഡോ ജൂനിയർ ആദ്യമായി ദേശീയ ജഴ്സിയിൽ ബൂട്ടുകെട്ടിയത്. താരത്തിന്റെ പ്രകടനം നിരീക്ഷിക്കാൻ പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുനൈറ്റഡ്, ബയേൺ, ഡോർട്മുണ്ട്, യുവന്റസ് ടീം മാനേജ്മെന്റ് പ്രതിനിധികൾ എത്തി. ഒപ്പം റൊണാൾഡോ സീനിയറിന്റെ മാതാവ് ഡൊളോറസ് അവീറോയും കൈയടിച്ച് ഗാലറിയിലിരുന്നു. മത്സരത്തിൽ പോർചുഗൽ 4-1ന് ജയിച്ചു.
40കാരനായ റൊണാൾഡോ സീനിയർ പോർചുഗൽ ജഴ്സിയിൽ 136 ഗോൾ നേടി ലോക റെക്കോഡിനുടമയാണ്. 2016ൽ താരം ക്യാപ്റ്റനായിരിക്കെ പോർചുഗൽ യൂറോ കപ്പിലും 2019ൽ നേഷൻസ് ലീഗിലും ചാമ്പ്യന്മാരായി. പിതാവ് മുന്നേറ്റം ഭരിക്കുന്ന സൗദി ക്ലബായ അൽനസ്റിന്റെ ജൂനിയർ ക്ലബിൽ മൂത്ത മകനും കളിച്ചുവരുകയാണ്. ഇതിനിടെയാണ് ദേശീയ ടീമിലേക്ക്‍ വിളിയെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.