ഐ.എസ്.എൽ മത്സരങ്ങൾക്ക് വിനോദ നികുതി അടക്കണമെന്ന് കോർപറേഷൻ; പറ്റില്ലെന്ന് ബ്ലാസ്റ്റേഴ്സ്

കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഐ.എസ്.എൽ മത്സരങ്ങൾക്ക് വിനോദ നികുതി അടക്കണമെന്ന കൊച്ചി കോർപറേഷന്റെ നോട്ടീസിനെതിരെ കേരള ബ്ലാസ്റ്റേഴ്സ്. വിനോദ നികുതി ഈടാക്കുന്നത് കോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ബ്ലാസ്റ്റേഴ്സ് അധികൃതർ, സ്റ്റേ നിലനിൽക്കെ നോട്ടീസ് നൽകിയത് കോടതിയലക്ഷ്യമാണെന്നും ആരോപിച്ചു.

ഐ.എസ്.എൽ അടക്കമുള്ള ഫുട്ബാൾ മത്സരങ്ങളെ ജി.എസ്.ടി നിലവിൽ വന്നപ്പോൾ വിനോദ നികുതിയിൽനിന്ന് ഒഴിവാക്കിയതാണ്. ഈ സാഹചര്യത്തിൽ നോട്ടീസ് പിൻവലിക്കണമെന്നും ബ്ലാസ്റ്റേഴ്സ് ആവശ്യപ്പെട്ടു. എന്നാൽ, നോട്ടീസ് നൽകിയ നടപടിയിൽ ഉറച്ചു നിൽക്കുകയാണ് കോർപറേഷൻ. ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടാണ് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം. ഈ സീസണിൽ രണ്ട് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ കളിച്ചത്. ആദ്യ മത്സരം ജയിച്ചപ്പോൾ രണ്ടാമത്തേതിൽ പരാജയം രുചിച്ചു.

Full View

കേരള ബ്ലാസ്റ്റേഴ്‌സ് ബസിന്റെ ഫിറ്റ്‌നസ് അധികൃതർ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു. ഹൈകോടതി നിർദേശപ്രകാരം ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയ കളർ കോഡ് പാലിക്കാത്തതിനാൽ കഴിഞ്ഞ ശനിയാഴ്ച ബസുടമകൾക്ക് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകിയിരുന്നു. മത്സരം കഴിഞ്ഞ് താരങ്ങളെ വിട്ടശേഷം ബസ് ഹാജരാക്കാനായിരുന്നു എറണാകുളം ആർ.ടി.ഒയുടെ നിർദേശം. എന്നാൽ, ബസ് ഹാജരാക്കാത്തതിനാൽ അധികൃതർ നേരിട്ടെത്തി വിശദ പരിശോധന നടത്തുകയായിരുന്നു.

നിരവധി നിയമലംഘനങ്ങൾ ബസിൽ കണ്ടെത്തിയതോടെയാണ് ഫിറ്റ്‌നസ് സസ്‌പെൻഡ് ചെയ്തത്. ബസിന്റെ ടയറുകൾ അപകടാവസ്ഥയിലായിരുന്നെന്നാണ് ഒരു കണ്ടെത്തൽ. ഫസ്റ്റ് എയ്ഡ് ബോക്‌സിൽ മരുന്നുകളുണ്ടായിരുന്നില്ല, റിയർ വ്യൂ മിററും ബോണറ്റും തകർന്നിരുന്നു തുടങ്ങിയ നിയമലംഘനങ്ങളും കണ്ടെത്തി. അപകടകരമായ നിലയിൽ സ്റ്റിക്കർ പതിച്ചതും ഫിറ്റ്‌നസ് റദ്ദാക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നു. പ്രശ്‌നങ്ങൾ പരിഹരിക്കാൻ 14 ദിവസത്തെ സമയം ഉടമകൾക്ക് നൽകിയിട്ടുണ്ട്. അതുവരെ സർവിസ് നടത്താൻ പാടില്ലെന്നാണ് നിർദേശം.

Tags:    
News Summary - Corporation to pay entertainment tax on ISL matches; Blasters refused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT