തീപാറും...ഫിഫ ക്ലബ് ലോകകപ്പ് സെമി ലൈനപ്പായി, പി.എസ്.ജി vs റയൽ മഡ്രിഡ്, ചെൽസി vs ഫ്ലുമിനൻസ്

ഫ്ലോറിഡ: ഫിഫ ക്ലബ് ലോകകപ്പ് സെമിയിൽ വമ്പൻ പോരാട്ടം. സെമി ചിത്രം തെളിഞ്ഞപ്പോൾ നാലു ടീമുകളിൽ മൂന്നെണ്ണവും യൂറോപ്പിൽനിന്നുള്ളവരാണ് -യൂറോപ്യൻ ചാമ്പ്യന്മാരായ പാരിസ് സെന്‍റ് ജെർമെയ്ൻ (പി.എസ്.ജി), സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ്, ഇംഗ്ലീഷ് ക്ലബ് ചെൽസി.

ബ്രസീൽ ക്ലബ് ഫ്ലുമിനൻസാണ് നാലാമത്തെ ടീം. ഈമാസം ഒമ്പതിന് നടക്കുന്ന ആദ്യ സെമിയിൽ ഫ്ലുമിനൻസ് ചെൽസിയെയും പത്തിന് നടക്കുന്ന രണ്ടാം സെമിയിൽ പി.എസ്.ജി റയൽ മഡ്രിഡിനെയും നേരിടും. എംബാപ്പെ തന്‍റെ പഴയ ക്ലബിനെതിരെ കളിക്കാനിറങ്ങുമെന്ന പ്രത്യേകതയുമുണ്ട്. പി.എസ്.ജിയിൽനിന്നാണ് ഫ്രഞ്ച് സ്ട്രൈക്കർ റയലിലെത്തിയത്.

ജർമൻ ക്ലബ് ബയേൺ മ്യൂണിക്കിനെതിരെ ഒമ്പതു പേരിലേക്ക് ചുരുങ്ങിയിട്ടും പതറാതെ പി.എസ്.ജി മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് ജയിച്ചുകയറിയത്. ജർമൻ സൂപ്പർ താരം ജമാൽ മുസിയാല ഗുരുതര പരിക്കേറ്റ് മടങ്ങിയ കളിയിൽ പി.എസ്.ജിക്കായി ഡിസയർ ഡൂവെയും ഉസ്മാനെ ഡെംബലെയും സ്കോർ ചെയ്തു. കളിയിലുടനീളം ആധിപത്യം പുലർത്തിയിട്ടും ജർമൻ അതികായർ വല കുലുക്കാനാകാതെ മടങ്ങി.

ഒന്നിനെതിരെ രണ്ട് ഗോളിന് പാൽമിറാസിനെ ചെൽസിയും അതേ സ്കോറിന് അൽഹിലാലിനെ ഫ്ലുമിനൻസും വീഴ്ത്തി. ബ്രസീലിയൻ ക്ലബായ പാൽമിറാസിനെതിരെ 16ാം മിനിറ്റിൽ കോൾ പാമറിലൂടെ നീലപ്പട ലീഡ് പിടിച്ചു. രണ്ടാം പകുതി തുടങ്ങി 53ാം മിനിറ്റിൽ എസ്റ്റെവോ വില്ലിയനിലൂടെ ഗോൾ മടക്കിയതോടെ 1-1. എന്നാൽ, 83ാം മിനിറ്റിൽ പാൽമിറാസ് ഡിഫൻഡർ അഗസ്റ്റിൻ ഗയേയുടെ പേരിൽ രേഖപ്പെടുത്തിയ സെൽഫി ഗോളിലൂടെ ചെൽസി ജയം പിടിച്ചെടുക്കുകയായിരുന്നു.

അതേസമയം, നിലവിലെ റണ്ണറപ്പായ ഫ്ലുമിനൻസ് കളിയുടെ 40ാം മിനിറ്റിൽ മാത്യൂസ് മാർട്ടിനെല്ലി നേടിയ ഗോളിൽ ഹിലാലിനെതിരെ ലീഡ് പിടിച്ചു. 51ാം മിനിറ്റിൽ മാർകോസ് ലിയനാഡോയിലൂടെ തിരിച്ചടിയെത്തിയെങ്കിലും 70ാം മിനിറ്റിൽ ഹെർകുലീസ് ബ്രസീലുകാർക്ക് വിജയം സമ്മാനിച്ചു. 2023ലെ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയോട് തോൽക്കുകയായിരുന്നു ഫ്ലുമിനൻസ്.

ഇൻജുറി ടൈംമിന്‍റെ അവസാന ആറു മിനിറ്റിൽ മൂന്നു ഗോളുകളും ഒരു ചുവപ്പ് കാർഡും കണ്ട ക്വാർട്ടർ മത്സരത്തിൽ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് റയൽ വീഴ്ത്തിയത്. ഗോൺസാലോ ഗാർസ്യ, ഫ്രാൻ ഗാർസ്യ, കിലിയൻ എംബാപ്പെ എന്നിവരാണ് റയലിനായി വലകുലുക്കിയത്. മാക്‌സമില്ല്യന്‍ ബെയർ, സെർഹോ ഗുയിരാസി എന്നിവരുടെ വകയായിരുന്നു ഡോർട്ട്മുണ്ടിന്‍റെ ഗോളുകൾ.

Tags:    
News Summary - Club World Cup 2025: These teams have qualified for the semi-finals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.