മ്യാന്മറുമായി സമനില; ഏഷ്യന്‍ ഗെയിംസ് ഫുട്ബാളിൽ ഇന്ത്യ പ്രീ ക്വാര്‍ട്ടറില്‍

ബെയ്ജിങ്: ഏഷ്യന്‍ ഗെയിംസ് ഫുട്ബാളില്‍ ഇന്ത്യ പ്രീ ക്വാര്‍ട്ടറില്‍. മ്യാന്മറുമായുള്ള മത്സരം സമനിലയില്‍ കലാശിച്ചതോടെയാണ് അവസാന പതിനാറിലേക്ക് മുന്നേറിയത്. 13 വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യ ഏഷ്യൻ ഗെയിംസിന്റെ നോക്കൗട്ടിൽ പ്രവേശിക്കുന്നത്. 2010ല്‍ ദോഹയില്‍ നടന്ന ഏഷ്യൻ ഗെയിംസിലാണ് ഇന്ത്യ അവസാനമായി നോക്കൗട്ട് റൗണ്ടിലെത്തിയത്.

23ാം മിനിറ്റിൽ റഹീം അലിയെ എതിർ താരം ഹെയിൻ സയാർ ലിൻ ബോക്സിൽ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി വലയിലാക്കി ക്യാപ്റ്റൻ സുനിൽ ഛേത്രിയിലൂടെ ഇന്ത്യ ലീഡ് നേടിയെങ്കിലും 74ാം മിനിറ്റിൽ ക്യോ ത്വേയുടെ ഗോളോടെ മ്യാന്‍മര്‍ സമനില പിടിക്കുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ഇന്ത്യക്കായി നായകന്‍ ഗോള്‍ നേടുന്നത്. കഴിഞ്ഞ മത്സരത്തിലും പെനാൽറ്റിയിലൂടെയായിരുന്നു സുനില്‍ ഛേത്രിയുടെ ഗോൾ.

ഏഷ്യന്‍ ഗെയിംസിൽ ആതിഥേയരായ ചൈനയോട് 5-1ന് കനത്ത തോൽവി ഏറ്റുവാങ്ങിയാണ് ഇന്ത്യ തുടങ്ങിയത്. എന്നാൽ, നിര്‍ണായകമായ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ച് പ്രതീക്ഷ നിലനിർത്തി. 83ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് നായകൻ സുനിൽ ഛേത്രിയാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ജയവും ഒരു സമനിലയും ഒരു തോല്‍വിയുമായി രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ പ്രീക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പാക്കിയത്. പ്രീക്വാര്‍ട്ടറില്‍ കരുത്തരായ സൗദി അറേബ്യയാണ് ഇന്ത്യയുടെ എതിരാളികള്‍.

വനിതകൾക്ക് തോറ്റു മടക്കം

വനിത ഫുട്ബാളിൽ തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ നോക്കൗട്ട് റൗണ്ടിലെത്താതെ പുറത്തായി. ഗ്രൂപ് ബിയിലെ അവസാന മത്സരത്തിൽ തായ്‍ലൻഡ് ഏക ഗോളിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. 52ാം മിനിറ്റിൽ തോങ്റോങ് പരിചത് വിജയഗോൾ നേടി. ആദ്യ കളിയിൽ ചൈനീസ് തായ്പേ‍യി‍യോട് 1-2ന് തോറ്റ ഇന്ത്യക്ക് ഞായറാഴ്ച ജയം അനിവാര്യമായിരുന്നു.

തായ്‍ലൻഡ് ഗ്രൂപ് ജേതാക്കളായി ക്വാർട്ടർ ഫൈനലിൽ കടന്നു. അഞ്ചു ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാർക്കും മികച്ച മൂന്നു രണ്ടാം സ്ഥാനക്കാർക്കുമാണ് ‍യോഗ്യത.

Tags:    
News Summary - Chhetri scored again; India in the pre-quarters of Asian Games football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.