ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ശനിയാഴ്ച വമ്പന്മാരുടെ അങ്കം. പോയൻറ് പട്ടികയിൽ ഒന്നാമതുള്ള ചെൽസിയും നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയും തമ്മിലാണ് പോരാട്ടം. ചെൽസിയുടെ തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ഇന്ത്യൻ സമയം വൈകീട്ട് അഞ്ചിനാണ് മത്സരം.
13 പോയൻറുമായി ലിവർപൂളിനും മാഞ്ചസ്റ്റർ യുനൈറ്റഡിനും ഒപ്പമുള്ള ചെൽസി ഗോൾ ശരാശരിയിൽ ഒന്നാമതാണ്. പത്ത് പോയൻറുമായി അഞ്ചാമതാണ് സിറ്റി. ലിവർപൂൾ, മാഞ്ചസ്റ്റർ യുനൈറ്റഡ് ടീമുകൾക്കും ഇന്ന് കളിയുണ്ട്. യുനൈറ്റഡിന് ആസ്റ്റൺവില്ലയും ലിവർപൂളിന് ബ്രെൻറ്ഫോഡുമാണ് എതിരാളികൾ.
സ്പാനിഷ് ലാ ലിഗയിൽ മോശം ഫോം തുടരുന്ന ബാഴ്സലോണക്ക് തുടർച്ചയായ രണ്ടാം സമനില. ഏറെ പിറകിലുള്ള കാഡിസ് ആണ് ബാഴ്സയെ ഗോളടിക്കാതെ പിടിച്ചുകെട്ടിയത്.
മിഡ്ഫീൽഡർ ഫ്രാങ്കി ഡിയോങ് രണ്ടാം മഞ്ഞക്കാർഡ് കണ്ടു പുറത്തായതോടെ പത്തുപേരുമായാണ് ബാഴ്സ കളി അവസാനിപ്പിച്ചത്. റയൽ സോസിഡാഡ് 3-2ന് ഗ്രാനഡയെയും റയൽ ബെറ്റിസ് 3-1ന് ഒസാസുനയെയും തോൽപിച്ചു.
അഞ്ചു കളികളിൽ ഒമ്പതു പോയൻറുമായി ഏഴാം സ്ഥാനത്താണ് ബാഴ്സ. ആറു മത്സരങ്ങളിൽ 16 പോയൻറുള്ള റയൽ മഡ്രിഡാണ് പോയൻറ് പട്ടികയിൽ തലപ്പത്ത്. അത്ലറ്റികോ മഡ്രിഡ് (14), റയൽ സോസിഡാഡ് (13) ടീമുകളാണ് രണ്ടും മൂന്നും സ്ഥാനത്ത്.
സീരി എ സീസണിൽ ഫുൾ മാർക്കുമായി നാപോളിയുടെ കുതിപ്പ് തുടരുന്നു. സാംപ്ദോറിയെ 4-0ത്തിന് തകർത്ത നാപോളി തുടർച്ചയായ അഞ്ചാം വിജയവുമായി ഒന്നാം സ്ഥാനം നിലനിർത്തി. അഞ്ചു കളികളിൽ 15 പോയൻറാണ് നാപോളിക്ക്. നിലവിലെ ജേതാക്കളായ ഇൻറർ മിലാനും എ.സി മിലാനുമാണ് 13 വീതം പോയൻറുമായി അടുത്ത സ്ഥാനങ്ങളിൽ.
വിക്ടർ ഒഷിമെൻ (രണ്ട്), ഫാബിയൻ റൂയിസ്, പീറ്റർ സീലിൻസ്കി എന്നിവരുടെ ഗോളുകളിലായിരുന്നു നാപോളിയുടെ ജയം. ഇൻറർ മിലാൻ 3-1ന് ഫിയറൻറീനയെയും എ.സി മിലാൻ 2-0ത്തിന് വെനെസിയയെയും തോൽപിച്ചു. ഇൻററിനായി മാറ്റിയോ ഡർമിയൻ, എഡിൻ ചെക്കോ, ഇവാൻ പെരിസിച് എന്നിവരും എ.സി മിലാനുവേണ്ടി ഇബ്രാഹീം ഡയസ്, തിയോ ഹെർണാണ്ടസ് എന്നിവരും ഗോൾ നേടി.
സ്പെസിയയെ 3-2ന് കീഴടക്കിയ യുവൻറസ് സീസണിലെ ആദ്യ ജയം സ്വന്തമാക്കി. മോയിസ് കീൻ, ഫെഡറികോ ചിയേസ, മതിയാസ് ഡിലിറ്റ് എന്നിവരാണ് യുവെക്കായി സ്കോർ ചെയ്തത്. അഞ്ചു പോയൻറുമായി 12ാമതാണ് യുവൻറസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.