ചെൽസി ഈസ് ബാക്ക്! വൂൾവ്സിനെ വീഴ്ത്തി ആദ്യ നാലിൽ തിരിച്ചെത്തി

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വൂൾവ്സിനെ വീഴ്ത്തി ആദ്യ നാലിൽ തിരിച്ചെത്തി ചെൽസി. ലീഗിൽ അഞ്ചു മത്സരങ്ങൾക്കൊടുവിലാണ് നീലപ്പട വീണ്ടും ജയിക്കുന്നത്.

സ്വന്തം തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ചെൽസിയുടെ ജയം. ടോസിൻ അഡറാബിയോ, മാർക് കുകുറെല്ല, നോനി മദുകെ എന്നിവരാണ് ചെൽസിക്കായി വലകുലുക്കിയത്. വൂൾവ്സിനായി മാറ്റ് ഡോർട്ടി ആശ്വാസ ഗോൾ നേടി. ജയത്തോടെ 22 മത്സരങ്ങളിൽനിന്ന് 40 പോയന്‍റുമായി ചെൽസി നാലാം സ്ഥാനത്തേക്ക് കയറി.

മത്സരത്തിന്റെ 24-ാം മിനിറ്റിൽ അഡറാബിയോയുടെ ക്ലോസ് റേഞ്ച് ഗോളിലൂടെ ചെൽസിയാണ് ആദ്യം ലീഡെടുത്തത്. ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ സന്ദർശകർ സമനില പിടിച്ചു.

ഗോൾകീപ്പർ റോബർട്ട് സാഞ്ചസിന്‍റെ പിഴവ് മുതലെടുത്ത് ഡോർട്ടിയാണ് ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ചെൽസിയുടെ ആധിപത്യമായിരുന്നു. 60ാം മിനിറ്റിൽ മാർക് കുകുറെല്ലയിലൂടെ നീലപ്പട വീണ്ടും ലീഡെടുത്തു. താരത്തിന്‍റെ നൂറാം പ്രീമിയർ ലീഗ് മത്സരമാണിത്.

അഞ്ചു മിനിറ്റിനുള്ളിൽ മദുകെ ചെൽസിയുടെ ഗോൾ പട്ടിക പൂർത്തിയാക്കി, 3-1. മാഞ്ചസ്റ്റർ സിറ്റിയെയും ന്യൂകാസിൽ യുനൈറ്റഡിനെയും മറികടന്നാണ് ചെൽസി നാലിലെത്തിയത്. ഗോൾ വ്യത്യാസത്തിലാണ് വൂൾവ്സ് തരംതാഴ്ത്തൽ മേഖലക്ക് തൊട്ടുമുകളിൽ നിൽക്കുന്നത്. 21 മത്സരങ്ങളിൽനിന്ന് 50 പോയന്റുള്ള ലിവർപൂളാണ് പോയന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്. ആഴ്സണൽ രണ്ടാം സ്ഥാനത്തും നോട്ടിങ്ഹാം ഫോറസ്റ്റ് മൂന്നാം സ്ഥാനത്തുമുണ്ട്.

Tags:    
News Summary - Chelsea beat Wolves in Premier League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.