നോർത്ത് കരോലിന: ക്ലബ് ലോകകപ്പ് പ്രീക്വാർട്ടറിൽ ബെൻഫിക്കയെ 4-1ന് തകർത്ത് ചെൽസി ക്വാർട്ടറിൽ. എക്സ്ട്രാടൈമിലേക്ക് നീണ്ട മത്സരത്തിൽ റീസ് ജെയിംസ് (64), ക്രിസ്റ്റഫർ എൻകുങ്കു (108), പെഡ്രോ നെറ്റോ (114), കിർനൻ ഡീവ്സ്ബറി-ഹാൾ (117) എന്നിവർ ചെൽസിക്കായി ഗോൾ നേടി. പെനാൽറ്റിയിലൂടെ ഏഞ്ജൽ ഡി മരിയയാണ് ബെൻഫിക്കയുടെ ഒരേയൊരു ഗോൾ നേടിയത്.
റീസ് ജയിംസിന്‍റെ ഗോളിൽ ചെൽസി മുന്നിലെത്തി നിൽക്കേ മഴ പെയ്തതോടെ രണ്ട് മണിക്കൂറോളം കളി നിർത്തിവെക്കേണ്ടിവന്നു. കളി വീണ്ടും തുടങ്ങിയതിന് പിന്നാലെ ചെൽസിയുടെ മാലോ ഗുസ്റ്റോയുടെ കയ്യിൽ പന്ത് തട്ടിയതിന് ബെൻഫിക്കക്ക് പെനാൽറ്റി ലഭിച്ചു. ഏഞ്ജൽ ഡിമരിയ ഒട്ടും പിഴക്കാതെ ബെൻഫിക്കയെ ഒപ്പമെത്തിച്ചു.
ജിയാൻലൂക്ക പ്രസ്റ്റിയാനിക്ക് 92ാം മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോവേണ്ടിവന്നതോടെ അധികസമയത്ത് ബെൻഫിക്കക്ക് പത്ത് പേരുമായി കളിക്കേണ്ടിവന്നു. അവസരം മുതലെടുത്ത ചെൽസി തകർപ്പൻ നീക്കങ്ങളിലൂടെ മുന്നേറി. ബെൻഫിക്കയെ മത്സരത്തിലേക്ക് തിരികെ വരാൻ അനുവദിക്കാതെ ഒന്നിന് പിറകെ ഒന്നായി മൂന്ന് ഗോളുകൾ നേടി ക്വാർട്ടറിൽ ഇടം ഉറപ്പിച്ചു.
ജൂലൈ അഞ്ചിന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ പാൽമിറാസാണ് ചെൽസിയുടെ എതിരാളികൾ. എക്സ്ട്രാ ടൈം ഗോളിൽ ബോട്ടാഫോഗോയെ കീഴടക്കിയാണ് പാൽമിറാസ് ക്വാർട്ടർ ഫൈനലിൽ കടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.