തോറ്റിടത്ത് നിന്ന് ഉയിർത്തെഴുന്നേറ്റ് ആഴ്സണൽ; ചെൽസിക്കെതിരെ അവിശ്വസനീയ സമനില

ലണ്ടൺ: സ്വന്തം തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ആഴ്സണലിനെ മലർത്തിയടിക്കാമെന്ന് കണക്കുകൂട്ടി തന്നെയാണ് ചെൽസി ഇറങ്ങിയത്. ഇരട്ട ഗോളിന്റെ ലീഡുമായി 77ാം മിനിറ്റ് വരെ വിജയപ്രതീക്ഷയിൽ നിന്ന ചെൽസിയുടെ കണക്ക് കൂട്ടൽ തെറ്റിച്ച് ആഴ്സണൽ ഉയിർത്തെഴുന്നേറ്റു. പ്രീമിയർ ലീഗ് ഈ സീസണിൽ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ലാത്ത ആഴ്സണൽ രണ്ടുഗോളിന് പിന്നിൽ നിന്ന ശേഷം സമനില പിടിച്ചുവാങ്ങുകയായിരുന്നു(2-2).

15ാം മിനിറ്റിൽ ചെൽസിക്ക് അനുകൂലമായ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് ആദ്യ ലീഡെടുക്കുന്നത്. യുവ സ്ട്രൈക്കർ കോൾ പാൽമറാണ് ലക്ഷ്യം കണ്ടത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ മൈഖൈലോ മുദ്രികിലൂടെ ചെൽസി ലീഡ് ഇരട്ടികയാക്കി. 48ാം മിനിറ്റിൽ ബോസ്കിന്റെ ഇടത് വിങ്ങിൽ നിന്ന് ആഴ്സണൽ ഗോൾകീപ്പർ ഡേവിഡ് റയക്ക് മുകളിലൂടെ മുദ്രിക് മഴവിൽ കണക്കെ വലയിലെത്തിക്കുകയായിരുന്നു (2-0).

രണ്ടു ഗോളിന്റെ വ്യക്തമായ ലീഡുറപ്പിച്ച ചെൽസിയുടെ കണക്ക് കൂട്ടൽ തെറ്റിച്ച ആഴ്സണൽ ഗോൾ എത്തിയത് 77ാം മിനിറ്റിലാണ്. ചെൽസി ഗോൾ കീപ്പർ റോബർട്ട് സാഞ്ചസ് വരുത്തിയ പിഴവ് മുതലെടുത്ത് ഡെക്ലൻ റൈസാണ് ഗോൾ നേടിയത്. സാഞ്ചസിന്റെ മിസ് പാസ് സ്വീകരിച്ച റൈസ് ഗംഭീരമായി ഫിനിഷ് ചെയ്യുകയായിരുന്നു. 85ാം മിനിറ്റിൽ ലിയാൺട്രോ ട്രൊസാർഡിലൂടെ ആഴ്സണൽ സമനില പിടിച്ചു. സാകയുടെ ക്രോസിൽ നിന്ന് ട്രൊസാർഡാണ് സമനില ഗോൾ നേടിയത് (2-2).

ഇതുവരെ തോൽവി വഴങ്ങാത്ത ആഴ്സണൽ ഒമ്പത് മത്സരങ്ങളിൽ നിന്ന് ആറ് ജയവും മൂന്ന് സമനിലയും ഉൾപ്പെടെ 21 പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്കും 21 പോയിന്റാണെങ്കിലും ഗോൾ ശരാശരിയുടെ വ്യത്യാസത്തിലാണ് മുന്നിൽ നിൽക്കുന്നത്. ഒമ്പത് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും മൂന്ന് തോൽവിയും മൂന്ന് സമനിലയും ഉൾപ്പെടെ 12 പോയിന്റുമായി ചെൽസി 10ാം സ്ഥാനത്താണുള്ളത്.  


Tags:    
News Summary - Chelsea 2-2 Arsenal: Declan Rice and Leandro Trossard grab comeback point for Gunners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.