ഷാൻ ഹുൻഡാൽ

ഇന്ത്യൻ കുപ്പായമണിയാൻ മറ്റൊരു വിദേശതാരം കൂടി; റ്യാനു പിന്നാലെ കാനഡ ഗോൾ മെഷീനും ഇന്ത്യയിലേക്ക് വിമാനം കയറാൻ ഒരുങ്ങുന്നു

ന്യൂഡൽഹി: ആസ്ട്രേലിയക്കാരൻ റ്യാൻ വില്ല്യംസ് ഇന്ത്യൻ പൗരത്വം സ്വീകരിച്ച് നീലക്കുപ്പായത്തിൽ കളിക്കാൻ യോഗ്യത നേടിയതിനു പിന്നാലെ മറ്റൊരു ഇന്ത്യൻ വംശജനായ വിദേശ താരം കൂടി കൂടുമാറ്റത്തിനൊരുങ്ങുന്നു. കനേഡിയൻ സ്ട്രൈക്കറും, കാനഡക്കുവേണ്ടി അണ്ടർ 20,18 ടീമുകളിൽ ബൂട്ടുകെട്ടിയ താരവുമായ ഷാൻ സിങ് ഹുൻഡാൽ ആണ് ഇന്ത്യൻ പൗരത്വം സ്വീകരിക്കാൻ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയത്. 26 കാരനായ ഷാൻ ലയണൽ മെസ്സി കളിക്കുന്ന ​അമേരിക്കൻ ക്ലബ് ഇന്റർമയാമിക്കും, പിന്നാലെ കാനഡ പ്രീമിയർലീഗ് ക്ലബുകളായ വാൻകൂവർ എഫ്.സിക്കും കളിച്ചിരുന്നു. നിലവിൽ യോർക് യുനൈറ്റഡ് എഫ്.സി ടീമുകളിലും കളിക്കുന്നു. പഞ്ചാബി മാതാപിതാക്കളുടെ മകനായി കാനഡയിൽ ജനിച്ച ഷാൻ, വിവിധ പ്രഫഷണൽ ക്ലബുകൾക്കായി മികച്ച ​പ്രകടനം നടത്തിയാണ് ശ്രദ്ധ നേടിയത്.

വിദേശ ഇന്ത്യൻ പൗരൻ (ഒ.സി.ഐ) എന്ന നിലയിൽ ഇന്ത്യക്കായി കളിക്കാൻ ഷാനിന് കഴിയും. ഒരുവർഷം ഇന്ത്യയിൽ താമസിക്കുകയും, പിന്നാലെ ​പൗരത്വം നേടി പാസ്​പോർട്ടും സ്വന്തമാക്കുന്നതോടെ സാ​ങ്കേതിക കടമ്പകളും പൂർത്തിയാകും. ഫോ​മും ശാരീരിക ക്ഷമതയും ഉറപ്പാക്കുന്നതോടെ കാനഡയിലും അമേരിക്കയിലുമായി ഗോളുകൾ അടിച്ചുകൂട്ടുന്ന താരത്തി​ന് ഇന്ത്യൻ ടീമിലേക്കുള്ള വരവ് എളുപ്പമാകും.

മാതാപിതാക്കളും മുത്തച്ഛനും മുത്തശ്ശിയും മറ്റു ബന്ധുക്കളും ഉൾപ്പെടെ കുടുംബം ജനിച്ചത് പഞ്ചാബിലാണ്. ഞാൻ ഇന്ത്യക്കായി കളിക്കുന്നത് അവർ സ്വപ്നം കാണുന്നു. ഇന്ത്യയിലേക്ക്​ പോയി അവിടെ കളിക്കണമെന്ന് ഞാനും ആ​ഗ്രഹിക്കുന്നു. എന്നാൽ, പാസ്​പോർട്ട് സ്വന്തമാക്കുന്നത് ഉൾപ്പെടെ കഠിനമായ കടമ്പകളുണ്ട് -ഷാൻ ഹുൻഡാൽ പറഞ്ഞു.

കനേഡിയൻ പൗരത്വം ഉപേക്ഷിക്കാൻ ഞാൻ തയാറാണ്. എന്നാൽ, ഇന്ത്യൻ ദേശീയ ടീമിൽ കളിക്കാൻ വേഗത്തിൽ പാസ്‌പോർട്ട് എങ്ങനെ നേടാമെന്ന് ഇപ്പോഴും വ്യക്തമല്ല. ഇപ്പോൾ ഐ.എസ്.എൽ ക്ലബുകൾക്കായി ഒരു വർഷമെങ്കിലും കളിക്കുന്നതിലൂടെ ഇന്ത്യയിൽ നിലനിൽക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു -താരം പറഞ്ഞു.

നിലവിൽ യോർക് യുനൈറ്റഡിൽ കളിക്കുന്ന കരാർ ഡിസംബറിൽ അവസാനിക്കും. തുടർന്ന് ഇന്ത്യയിലേക്ക് നീങ്ങാനാണ് പദ്ധതി. കഴിഞ്ഞ സീസണിൽ മുഹമ്മദൻസുമായി കരാറിൽ ഒപ്പുവെക്കാൻ നീക്കം നടന്നതായി റിപ്പോർട്ടുണ്ടായിരുന്നു.

നടപടിക്രമങ്ങൾ സംബന്ധിച്ച് അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷനുമായും ഷാൻ ബന്ധപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇന്നും അവ്യക്തമാണ് സാഹചര്യങ്ങളെന്ന് താരം പറഞ്ഞു.

ബംഗളൂരു എഫ്.സി താരമായ റ്യാൻ വില്ല്യംസ് കഴിഞ്ഞ മാസമാണ് ഇന്ത്യക്കായി കളിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്. പാസ്​പോർട്ട് സ്വന്തമാക്കി, ആസ്ട്രേലിയൻ ഫുട്ബാൾ എൻ.ഒ.സിയും ഫിഫ അനുമതിയും ലഭിച്ച താരത്തിന് അധികം വൈകാതെ തന്നെ നീലക്കുപ്പായമണിയാം. രണ്ടാഴ്ച മുമ്പ് ബംഗ്ലാദേശിൽ നടന്ന മത്സരത്തിൽ 23 അംഗ സംഘത്തിൽ ഉൾപ്പെടുത്തിയെങ്കിലും ​നടപടികൾ പൂർത്തിയാവാത്തതിനാൽ താരത്തിന് കളത്തിലിറങ്ങാൻ കഴിഞ്ഞിരുന്നില്ല.

Tags:    
News Summary - Canadian Striker Shaan Hundal Ready to Renounce Citizenship for India Dream

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.