തജികിസ്താനെതിരായ മത്സരത്തിൽ മലയാളി താരം മുഹമ്മദ് ഉവൈസ്

13 മിനിറ്റിൽ ഇരട്ട ഗോൾ; ഗുർപ്രീതിന്റെ ഉഗ്രൻ പെനാൽറ്റി സേവും; തകർപ്പൻ ജയത്തോടെ ഖാലിദ് ജമീലിന്റെ ഇന്ത്യ

ഹോസിർ (താജികിസ്താൻ): കാഫ നാഷൻസ് കപ്പ് ഫുട്ബാളിൽ ഇന്ത്യക്ക് ഉജ്വല ജയത്തോടെ തുടക്കം. സ്വന്തം നാട്ടിൽ ആരാധകരുടെ ആരവങ്ങൾക്കിടയിൽ പന്തു തട്ടിയ ആതിഥേയരായ തജികിസ്താനെ 2-1ന് തകർത്ത് ഇന്ത്യക്കും പുതിയ പരിശീലകൻ ഖാലിദ് ജമീലിനും അഭിമാനകരമായ അരങ്ങേറ്റം.

ആവേശകരമായ മത്സരത്തിൽ കളിയുടെ അഞ്ചാം മിനിറ്റിൽ അൻവർ അലിയിലൂടെയാണ് ഇന്ത്യ തുടങ്ങിയത്. 13ാം മിനിറ്റിൽ സന്ദേശ് ജിങ്കാനും ഇന്ത്യക്കായി സ്കോർ ചെയ്തു.

24ാം ഷഹ്റോം സമീവി​ലുടെ തജികിസ്താൻ തിരിച്ചടിച്ചെങ്കിലും ഉജ്വലമായ പ്രതിരോധത്തിലൂടെ പിടിച്ചു നിന്ന ഇന്ത്യ പുതിയ പരിശീലകനു കീഴിൽ ജയത്തോടെ അരങ്ങേറ്റം കുറിച്ചു. രണ്ടാം പകുതിയിൽ താജികിസ്താന് സമനില നേടാൻ ഒരു പെനാൽറ്റി അവസരം ലഭിച്ചുവെങ്കിലും ഗോൾ കീപ്പർ ഗുർപ്രീത് സിങ്ങിന്റെ മിന്നും സേവ് ഇന്ത്യക്ക് രക്ഷയായി.

പ്രതിരോധ നിരയിൽ മലയാളി താരം മുഹമ്മദ് ഉവൈസും ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു. ​െപ്ലയിങ് ഇലവനിൽ തന്നെ ഇടം പിടിച്ച ഉവൈസ് പ്രതിരോധത്തിൽ മികച്ച സേവുകളുമായി തുടക്കം ഗംഭീരമാക്കി. മലയാളി താരം ആഷിഖ് കുരുണിയനും ഇന്ത്യക്കായി ബൂട്ടുകെട്ടി.

ആദ്യഗോളിന് വഴിയൊരുക്കി ഉവൈസ്

ദേശീയ കുപ്പായത്തിലേക്ക് ആദ്യമായി വിളിയെത്തിയ മലപ്പുറം നിലമ്പൂർ സ്വദേശിയായ മുഹമ്മദ് ഉവൈസ്, കോച്ച് ഖാലിദ് ജമീലിന്റെ ​െപ്ലയിങ് ഇലവനിൽ തന്നെ ഇടം പിടിച്ചിരുന്നു. 18ാം നമ്പർ കുപ്പായത്തിൽ അൻവർ അലിക്കും സന്ദേശ് ജിങ്കാനും രാഹുൽ ഭെകെക്കും ഒപ്പം ലെഫ്റ്റ് ബാക്കായി ഉവൈസ് നിലയുറപ്പിച്ചു. കോച്ച് വിശ്വസിച്ചേൽപ്പിച്ച ദൗത്യം ഭംഗീയായി തന്നെ അവൻ കൈകാര്യം ചെയ്തു. ഇന്ത്യയുടെ ആദ്യ ഗോളിന് പിന്നിൽ ചരടുവലിച്ചുകൊണ്ടായിരുന്നു രാജ്യം അർപ്പിച്ച വിശ്വാസം ​നിലമ്പൂരുകാരൻ കാത്തത്. അഞ്ചാം മിനിറ്റിൽ ഉവൈസ് നീട്ടി നൽകിയ ത്രോയിൽ പന്ത് ബോക്സിനുള്ളിൽ. പ്രതിരോധിക്കാനുള്ള ആതിഥേയ താരങ്ങളുടെ ശ്രമത്തിനിടെ പന്ത് അൻവർ അലി മനോഹരമായ ഹെഡ്ഡറിലൂടെ വലയിലാക്കി. അങ്ങനെ, അരങ്ങേറ്റം അവിസ്മരണീയമാക്കികൊണ്ട് മറ്റൊരു മലപ്പുറംകാരൻ കൂടി ഇന്ത്യൻ കുപ്പായത്തിൽ കൈയൊപ്പു ചാർത്തി. അധികം കാത്തിരിക്കാതെ തന്നെ അടുത്ത ഗോളും പിറന്നു. 13ാം മിനിറ്റിൽ പ്രതിരോധ മതിൽ സന്ദേശ് ജിങ്കാനായിരുന്നു രണ്ടാം ഗോൾകുറിച്ചത്.

കളി തുടങ്ങി 13 മിനിറ്റിനുള്ളിൽ രണ്ട് ഗോളുകൾ വഴങ്ങിയ തജികിസ്താൻ സമ്മർദത്തിലായപ്പോൾ, പ്രതിരോധത്തിൽ കരുത്ത് വർധിപ്പിച്ച് കളി പിടിക്കാനായിരുന്നു ഇന്ത്യയുടെ പ്ലാൻ. ഗോൾ കീപ്പർ ഗുർപ്രീതും, പ്രതിരോധ നിരയും അവസരത്തിനൊത്തുയർന്നു. മുന്നേറ്റത്തിൽ ഇർഫാൻ യാദവും ചാങ്തേയും നയിച്ചപ്പോൾ മധ്യനിരയും തങ്ങളുടെ ജോലി ചെയ്തു. ഇതിനിടെ 24ാം മിനിറ്റിലാണ് തജികിസ്താൻ മികച്ചൊരു നീക്കത്തിലൂടെ ആദ്യ ഗോൾ നേടിയത്. ഒന്നാം പകുതി 2-1ന് ലീഡുമായി ഇന്ത്യ അവസാനിപ്പിച്ചു.

രണ്ടാം പകുതിയിൽ നിർണായകമായ ചില മാറ്റങ്ങളിലൂടെ കോച്ച് ഖാലിദ് മധ്യനിര ​പുതുക്കി. ഡാനിഷ് ഫറൂഖ്, നൗറം മഹേഷ്, നിഖിൽ പ്രഭു എന്നിവർ കളത്തിലെത്തി. ഇതിനിടയിൽ 73ാം മിനിറ്റിൽ തജികിസ്താന് അനുകൂലമായി പെനാൽറ്റി ഗോൾ അവസരം പിറന്നു. ഒരുനിമിഷം പകച്ചുപോയ ഇന്ത്യക്ക് പക്ഷേ, ഗോൾ കീപ്പർ ഗുർപ്രീതിൽ വിശ്വസിക്കാമായിരുന്നു. സോയ്റോവ് എടുത്ത സ്​പോട് കിക്കിനെ ഡൈവ് ​ചെയ്ത് ബൂട്ട് കൊണ്ട് തട്ടിയകറ്റിയപ്പോൾ ഇന്ത്യക്ക് വർധിത ഊർജവുമായി. ഈ മികവുമായി അവസാനം വരെ പിടിച്ചു നിന്ന് മിന്നും ജയം ഉറപ്പിച്ചു.. 

ഖാലിദിന് അഭിമാന തുടക്കം

വിദേശി കോച്ചുമാരിലെ പരീക്ഷണം അവസാനിപ്പിച്ച് ഇന്ത്യക്കാരനായ കോച്ചിലേക്ക് ദേശീയ ടീമിനെ കൈമാറിയ അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷനും രാജ്യത്തെ ഫുട്ബാൾ ആരാധകർക്കും ഇത് അഭിമാനകരമായ ദിനം. മലോനോ മാർക്വസിൽ നിന്നും ജൂലായ് അവസാന വാരം പുതിയ കോച്ചായി സ്ഥാനമേറ്റ മുൻ ഇന്ത്യൻ താരം ഖാലിദ് ജമീൽ പുതിയ ദേശീയ ടീമിനെ കെട്ടിപ്പടുത്താണ് ജൈത്രയാത്രക്ക് തുടക്കം കുറിക്കുന്നത്. സഹൽ അബ്ദുൽ സമയും, സുനിൽ ഛേത്രിയും, അനിരുദ്ധ് ഥാപയും ഉൾപ്പെടെ മുൻനിര താരങ്ങൾ ഇല്ലാതായപ്പോഴും പുതിയനിരയുമായിറങ്ങിയാണ് ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയത്. ഫിഫ റാങ്കിങ്ങിൽ 106ാം സ്ഥാനക്കാരാണ് തജികിസ്താനെങ്കിൽ ഇന്ത്യ 133ാം സ്ഥാനത്താണ്. ഏറെ മുന്നിലുള്ള സംഘത്തിനെതിരെ അവരുടെ നാട്ടിലാണ് ഖാലിദും സംഘവും വിജയം കുറിച്ച് തുടങ്ങിയത്. കാഫ നാഷൻസ് കപ്പിലെ രണ്ടാം അങ്കത്തിൽ ​സെപ്റ്റംബർ ഒന്നിന് ഇന്ത്യ ഇറാനെ നേരിടും

Tags:    
News Summary - cafa nations football; India win against Tajikistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.