ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാമ്പ്യന്മാരെ അട്ടിമറിച്ച് ബ്രൈറ്റൺ. രണ്ടു തവണ ലീഡെടുത്ത ലിവർപൂളിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്രൈറ്റൺ മുട്ടുകുത്തിച്ചത്.
ജയത്തോടെ അടുത്ത സീസണിലെ യുവേഫ കോൺഫറൻസ് ലീഗ് പ്രതീക്ഷ ബ്രൈറ്റൺ നിലനിർത്തി. യാസിൻ അയാരി, കോരി മിത്തോമ, പകരക്കാരൻ ജാക്ക് ഹിൻഷൽവുഡ് എന്നിവരാണ് ബ്രൈറ്റണായി വലകുലുക്കിയത്. ഹാർവെ എല്ലിയോട്ട്, ഡൊമിനിക് സൊബോസ്ലായി എന്നിവരാണ് ചെമ്പടക്കായി ഗോൾ നേടിയത്. ലീഗിൽ ഒരു മത്സരം മാത്രം ബാക്കി നിൽക്കെ 58 പോയന്‍റുമായി നിലവിൽ എട്ടാം സ്ഥാനത്താണ് ബ്രൈറ്റൺ.
ബ്രൈറ്റണിന്‍റെ തട്ടകമായ അമെക്സ് സ്റ്റേഡിയത്തിൽ നടന്ന ആവേശപോരാട്ടത്തിൽ ഒമ്പതാം മിനിറ്റിൽ തന്നെ എല്ലിയോട്ടിലൂടെ സന്ദർശകർ ലീഡെടുത്തു. കോണോർ ബ്രാഡ്ലിയുടെ മികച്ച അസിസ്റ്റാണ് ഗോളിന് വഴിയൊരുക്കിയത്. 32ാം മിനിറ്റിൽ യാസിൻ അയാരിയിലൂടെ അതിഥേയർ ഒപ്പമെത്തി. ജർമൻ താരം ബ്രജാൻ ഗ്രൂഡയുടെ അസിസ്റ്റിൽനിന്നാണ് ഗോളെത്തിയത്. ആദ്യപകുതിയുടെ ഇൻജുറി ടൈമിൽ (45+1) സൊബോസ്ലായിയിലൂടെ ലിവർപൂൾ വീണ്ടും ലീഡെടുത്തു.
69ാം മിനിറ്റിൽ മിത്തോമയിലൂടെ ബ്രൈറ്റൺ വീണ്ടും ഒപ്പം. ഇതിനിടെ ഡാനി വെൽബെക്കിന്‍റെ ഷോട്ട് അലിസൺ രക്ഷപ്പെടുത്തി. നിശ്ചിത സമയം അവസാനിക്കാൻ അഞ്ചു മിനിറ്റ് ബാക്കി നിൽക്കെയാണ് പകരക്കാരനായി കളത്തിലിറങ്ങിയ ഹിൻഷൽവുഡ് ടീമിന്‍റെ രക്ഷകനായി അവതരിക്കുന്നത്. 85ാം മിനിറ്റിൽ മാറ്റ് ഒറിലെയുടെ ക്രോസ് ഹെഡ്ഡറിലൂടെ താരം വലയിലാക്കി. ആദ്യം ഓഫ്സൈഡ് വിളിച്ചെങ്കിലും വാർ പരിശോധനയിലൂടെയാണ് ഗോൾ അനുവദിച്ചത്.
ഞായറാഴ്ച ടോട്ടൻഹാമിനെതിരെയാണ് ലീഗിലെ അവസാന മത്സരം. ജയിച്ചാൽ കോൺഫറൺസ് ലീഗ് യോഗ്യത ഉറപ്പിക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.