ജയിച്ച് തുടങ്ങി ബ്ലാസ്റ്റേഴ്സ്; ഇന്‍റർ കാശിയെ പരാജയപ്പെടുത്തിയത് ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക്
പൂനെ: ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ പുതിയ പതിപ്പിൽ ജയത്തോടെ തുടങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഇന്റർ കാശിക്കെതിരായ മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് കൊമ്പൻമാരുടെ ജയം. ഇതോടെ ലീഗിൽ വിലപ്പെട്ട മൂന്ന് പോയിന്റും സ്വന്തമാക്കാനും ബ്ലാസ്റ്റേഴ്‌സിനായി. ഇന്റർ കാശിയുടെ ഹോം ഗ്രൗണ്ടായ പൂനെയിലെ ബാലെവാഡി സ്‌റ്റേഡിയത്തിലാണ് മത്സരം നടന്നത്.
കളിയുടെ ആദ്യ പകുതിയിൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് മുന്നിലെത്തിയിരുന്നു. 18-ാം മിനിറ്റിൽ ക്യാപ്റ്റൻ വിബിൻ മോഹനനാണ് ബ്ലാസ്‌റ്റേഴ്‌സിനായി ലക്ഷ്യം കണ്ടത്. മൈതാനത്തിന്‍റെ വലതുമൂലയിൽ നിന്നും കോറോ സിങ് നൽകിയ അളന്നുമുറിച്ച പാസ് വിബിൻ നേരെ വലയിലേക്കെത്തിക്കുകയായിരുന്നു. ഗോൾ വീണതോടെ ഉണർന്നു കളിച്ച ഇന്‍റർ കാശി ആക്രമണത്തിന് മൂർച്ച കൂട്ടിയെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. ആവസാന മിനുറ്റുകളിൽ നടത്തിയ മിന്നൽ ആക്രമണങ്ങൾ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധ കോട്ടയിൽ തട്ടിത്തകർന്നു.
കളിയുടെ നിശ്ചിത സമയം കഴിഞ്ഞ് ഇഞ്ച്വുറി ടൈമിലാണ് ബ്ലാസ്റ്റേഴ്സിന്‍റെ രണ്ടാം ഗോൾ പിറന്നത്. 94 -ാം മിനിറ്റിൽ ഇംഗ്ലീഷ് താരം ആന്ദ്രെ ഗ്രീനാണ് ഇത്തവണ ഇന്‍റർ കാശിയുടെ വലതുളച്ചത്. പ്രതിരോധ താരം പ്രതീക് ചൗധരിയുടെ കാലിൽ നിന്ന് നഷ്ടപ്പെട്ട പന്ത് പിടിച്ചെടുത്ത് കുതിച്ച ഗ്രീൻ അനായാസം പന്ത് വലയിലാക്കുകയായിരുന്നു. ആഷ്‌ലി വെസ്റ്റ്‌വുഡിന്റെ പരിശീലനത്തിൽ കളത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് സീസണിലെ ആദ്യ കളിയിൽ തന്നെ വിജയിക്കാനായത് വരും മത്സരങ്ങളിലെ ആത്മവിശ്വാസം കൂട്ടുമെന്നുറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.