ചാ​വി ഹെ​ർ​ണാ​ണ്ട​സും ക​ഫു​വും

മുഖമായി കഫുവും ബെക്കാമും; ലോകമറിഞ്ഞ് ഖത്തർ ലെഗസി

ദോഹ: ആൾതിരക്കുള്ള സൂഖ് വാഖിഫിൽ ചിലപ്പോൾ ഡേവിഡ് ബെക്കാമിനെ കാണാം. മെട്രോ സ്റ്റേഷനുകളിലോ കതാറയിലെ ആഘോഷവേദിയിലോ ലോകകപ്പ് സ്റ്റേഡിയങ്ങളിലെ പ്രദർശന മത്സരത്തിലോ ബ്രസീൽ ഇതിഹാസം കഫുവിനെ കണ്ടേക്കാം.

ആസ്ട്രേലിയൻ ഫുട്ബാൾ ഇതിഹാസം ടിം കാഹിൽ, ഫ്രഞ്ച് ലോകചാമ്പ്യൻ മാഴ്സലോ ഡിസൈലി, നെതർലൻഡ്സിന്റെ റൊണാൾഡ് ഡിബോയർ, കാമറൂൺ സൂപ്പർ സ്ട്രൈക്കർ സാമുവൽ എറ്റു, സ്പാനിഷ് ഇതിഹാസം ചാവി ഹെർണാണ്ടസ്... അങ്ങനെ നീണ്ടുകിടക്കുന്ന സൂപ്പർതാരങ്ങൾ ഖത്തറിലെ ഫുട്ബാൾ ആരാധകർക്ക് കൗതുകമല്ലാത്തൊരു കാഴ്ചയായിരുന്നു.

പ്രവാസി മലയാളികളിൽ പലരുടെയും സമൂഹ മാധ്യമ ചിത്രങ്ങളിൽ ഇവർ സെൽഫികളായും നിറഞ്ഞു. 2010ൽ ലോകകപ്പ് ആതിഥേയപദവി തേടിയെത്തുമ്പോൾ ഫുട്ബാൾ ഭൂപടത്തിൽ ഒന്നുമല്ലാതിരുന്ന അറബ് രാജ്യം ഇന്ന് തലപ്പൊക്കമുള്ള നാടായി മാറിയതിനു പിന്നിൽ ഈ താരസാന്നിധ്യവുമുണ്ടായിരുന്നു.


ഡേ​വി​ഡ് ബെ​ക്കാം ഫാൻ ലീഡർമാർക്കൊപ്പം


വമ്പൻ താരങ്ങളോ ക്ലബുകളോ വലിയ ആരാധകകൂട്ടമോ ഇല്ലാതിരുന്ന പഴയകാലത്തിൽനിന്നും 12 വർഷത്തിനിപ്പുറം ഫുട്ബാൾ ലോകത്തെ ഏറ്റവും ശ്രദ്ധേയമായ ബ്രാൻഡായി ഖത്തർ മാറിയത് അതിശയമാണ്.

ലയണൽ മെസ്സിയും നെയ്മറും കിലിയൻ എംബാപെയും സെർജിയോ റാമോസും ജിയാൻലുയിഗി ഡോണറുമ്മയും കളിക്കുന്ന പി.എസ്.ജിയെന്ന ക്ലബിന്റെ ഉടമസ്ഥത മുതൽ വമ്പൻ പരിശീലകരും യൂറോപ്പിലെയും തെക്കനമേരിക്കയിലെയും മികച്ച താരങ്ങളും കളിക്കുന്ന ലീഗുകൾവരെ ലോകകപ്പിനൊപ്പം ഖത്തറിന് സ്വന്തമായി.

ലോകകപ്പിന്റെ ഗ്ലോബൽ അംബാസഡർമാരായാണ് മുൻകാല ഇതിഹാസങ്ങളെ ഖത്തർ അവതരിപ്പിച്ചത്. സൂപ്പർ താരങ്ങൾക്കൊപ്പം ഖത്തറിന്റെയും അറബ് ലോകത്തിന്റെയും മുൻതാരങ്ങളെക്കൂടി ഒപ്പം ചേർത്താണ് ഖത്തർ എന്ന ഫുട്ബാൾ ബ്രാൻഡിനെ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത്.

ലോകകപ്പ് സംഘാടനത്തിൽ ഖത്തറിന്‍റെ കാഴ്ചപ്പാടുകളും ലെഗസി പദ്ധതികളും വിവിധ രാജ്യങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഖത്തറിൽനിന്നും അറബ് ലോകത്തുനിന്നുമായി 10 ഫുട്ബാൾ താരങ്ങളാണ് ലോകകപ്പിന്‍റെ പ്രാദേശിക അംബാസഡർമാരായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ഖത്തരി താരങ്ങളായിരുന്ന ഖാലിദ് സൽമാൻ, മുബാറക് മുസ്തഫ, ഇബ്റാഹിം ഖൽഫാൻ, ആദിൽ ഖമീസ്, അഹ്മദ് ഖലീൽ, മുഹമ്മദ് സഅ്ദൂൻ അൽ കുവാരി, ഒമാനിൽനിന്നുള്ള അലി അൽ ഹബ്സി, ഈജിപ്തിന്‍റെ മുഹമ്മദ് അബൂത്രിക, വാഇൽ ജുമാ, ഇറാഖിന്‍റെ യൂനുസ് മഹ്മൂദ് എന്നിവരാണവർ.

താരങ്ങളുടെ ഫുട്ബാൾ ജീവിതവും നേട്ടങ്ങളും വിശകലനം ചെയ്തും വിലയിരുത്തിയുമാണ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഇവരെ ലെഗസി അംബാസഡർമാരായി തെരഞ്ഞെടുത്തത്. സംഘാടന കാഴ്ചപ്പാട്, സ്റ്റേഡിയങ്ങളുൾപ്പെടെയുള്ള ലോകകപ്പ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഇവർ ലോകത്തിന് മുന്നിലെത്തിച്ചു.

തെരഞ്ഞെടുക്കപ്പെട്ട ലെഗസി അംബാസഡർമാർ സ്റ്റേഡിയങ്ങളിൽ കമ്യൂണിറ്റി ലീഡർമാരും ഫാൻ ലീഡർമാരുമൊത്ത് വിവിധ പ്രചാരണ കാമ്പയിനുകളിൽ പങ്കെടുത്തു.

വിവിധ വൻകരകളിലായി നടന്ന പ്രചാരണ പരിപാടിയിൽ ഖത്തറിന്റെ നാവും ശബ്ദവുമായി. വിമർശനങ്ങൾ പല കോണുകളിൽനിന്നുയർന്നപ്പോൾ 12 വർഷംകൊണ്ട് കുഞ്ഞു രാജ്യം കൈവരിച്ച വിവിധ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് ലോകകപ്പിന്റെ ബ്രാൻഡായി നിലകൊണ്ടു.

Tags:    
News Summary - Brazil legend Cafu-might be seen in metro stations or in exhibition matches at World Cup stadiums

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.