വർണവെറിയെ തോൽപിക്കാൻ ബ്രസീലും സ്പെയിനും കളത്തിൽ

മഡ്രിഡ്: ബ്രസീൽ സൂപ്പർ താരം വിനീഷ്യസ് ജൂനിയറടക്കം താരങ്ങൾക്കെതിരെ കടുത്ത വംശവെറി നിലനിൽക്കുന്ന സ്പാനിഷ് ഫുട്ബാളിൽ ഉൾക്കൊള്ളലിന്റെ സന്ദേശവുമായി കരുത്തരുടെ മുഖാമുഖം. ബ്രസീൽ-സ്പെയിൻ ദേശീയ ടീമുകളാണ് സാന്റിയാഗോ ബെർണബ്യൂവിൽ മുഖാമുഖം വരുക.

‘ഒരേ ചർമം’ എന്ന പ്രമേയത്തിൽ സംയുക്ത കാമ്പയിനിന്റെ ഭാഗമായി അടുത്ത വർഷമാകും മത്സരം. അടുത്തിടെ അവസാനിച്ച സീസണിൽ മാത്രം വിനീഷ്യസ് ജൂനിയർ 10 തവണയാണ് വംശീയാധിക്ഷേപം നേരിട്ടത്. ഏറ്റവുമൊടുവിൽ മേയിൽ വലൻസിയക്കെതിരായ മത്സരത്തിലും താരത്തിനുനേരെ വംശവെറി നിറഞ്ഞ പരാമർശങ്ങളുണ്ടായി. ഇതോടെ, വിനീഷ്യസിന് പിന്തുണയുമായി പ്രമുഖർ രംഗത്തെത്തിയിരുന്നു. ഇതവസാനിപ്പിക്കാൻ അടിയന്തര നടപടി വേണമെന്ന ആവശ്യവും ഉയർന്നു. വംശീയാധിക്ഷേപ സംഭവങ്ങളിൽ ഫുട്ബാൾ അധികൃതർ കടുത്ത നടപടി സ്വീകരിക്കണമെന്ന് മത്സരം പ്രഖ്യാപിച്ച ബ്രസീൽ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് എഡ്നാൾഡോ റോഡ്രിഗസ് പറഞ്ഞു.

‘‘പിഴ മാത്രം മതിയാകില്ല. ക്ലബുകളും ഉത്തരവാദിയാകണം. ബ്രസീൽ അസോസിയേഷൻ ഇത്തരം വിഷയങ്ങളിൽ ഏറ്റവും കടുത്ത നടപടി സ്വീകരിച്ചതാണ്. ടീമിന്റെ പോയന്റ് വെട്ടിക്കുറക്കൽ, സ്റ്റേഡിയം അടച്ചിടൽ, ക്ലബ് അംഗങ്ങളെ പുറത്താക്കൽ തുടങ്ങിയവയായിരുന്നു നടപടി’’- അദ്ദേഹം പറഞ്ഞു. അഞ്ചു തവണ ലോക ചാമ്പ്യന്മാരായ ബ്രസീൽ അടുത്ത ശനിയാഴ്ച ഗിനിക്കെതിരെ ബാഴ്സലോണയിൽ സൗഹൃദ മത്സരം കളിക്കുന്നുണ്ട്. മൂന്നു ദിവസം കഴിഞ്ഞ് ലിസ്ബനിൽ സെനഗാളും എതിരാളികളാകും.

Tags:    
News Summary - Brazil and Spain to play friendly in anti-racism campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.