85ാം മിനിറ്റിൽ ബ്രസീലിനെ ഞെട്ടിച്ച ബൈസിക്കിൾ കിക്ക്; സമനിലയിൽ കുരുക്കി വെനിസ്വേല

കുയാബ (ബ്രസീൽ): ലോകകപ്പ് യോഗ്യത റൗണ്ടിൽ ബ്രസീലിനെ തളച്ച് വെനിസ്വേല.  മഞ്ഞപ്പടയുടെ സ്വന്തം തട്ടകത്തിൽ മുൻ ലോക ചാമ്പ്യന്മാരെ 1-1 ന് വെനിസ്വേല പിടിച്ചുകെട്ടുകയായിരുന്നു. കളി തീരാൻ അഞ്ചുമിനിറ്റു മാത്രം ബാക്കിയിരിക്കേ എഡ്വാർഡ് ബെല്ലോയുടെ കണ്ണഞ്ചിക്കുന്ന ബൈസിക്കിൾ കിക്ക് അതിമനോഹര ഗോളായി കാനറികളുടെ വലയിലേക്ക് ഉരുണ്ടുകയറിയപ്പോൾ ബ്രസീലിന് പോയന്റ് പങ്കുവെച്ച് പിരിയേണ്ടി വന്നു. ഗബ്രിയേൽ മഗല്ലൈസിന്റെ വകയായിരുന്നു ബ്രസീലിന്റെ ഗോൾ. 

സൂപ്പർ താരം നെയ്മറും റിച്ചാർലിസണും വിനീഷ്യസ് ജൂനിയറും റോഡ്രിഗോയുമാണ് ബ്രസീലിന്റെ മുന്നേറ്റ നിര നയിച്ചത്. കളിയിലുടനീളം ആധിപത്യം പുലർത്തിയ ബ്രസീലിന് ആദ്യ പകുതിയിൽ ഗോളൊന്നും കണ്ടെത്താനായില്ല.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 50ാം മിനിറ്റിൽ കോർണർ കിക്കിൽനിന്ന് ഹെഡറുതിർത്ത് ആഴ്സനൽ സെന്റർബാക്കായ മഗല്ലൈസിലൂടെ ബ്രസീലാണ് ആദ്യം ലീഡെടുക്കുന്നത്. ഒരു ഗോളിന്റെ ലീഡിന് ജയിക്കുമെന്ന് തോന്നിച്ച ഘട്ടത്തിൽ ബ്രസീലിന് തിരിച്ചടിയായി 85ാം മിനിറ്റിൽ ബെല്ലോ ഗംഭീരമായ ബൈസിക്കിൾ കിക്കിലൂടെ ഗോൾ കണ്ടെത്തുകയായിരുന്നു. പകരക്കാരനായാണ് ബെല്ലോ കളത്തിലെത്തിയത്.

ലോകകപ്പ് യോഗ്യത റൗണ്ടിൽ മൂന്ന് മത്സരങ്ങളിൽ രണ്ടും ജയിച്ച ബ്രസീലിന് ആദ്യ സമനിലയാണിത്. ആറ് പോയന്റുമായി പട്ടികയിൽ ഒന്നാമതുണ്ടായിരുന്ന ബ്രസീൽ ഈ സമനിലയോടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒമ്പത് പോയിന്റുമായി അർജന്റീനയാണ് മുന്നിൽ. വെനിസ്വേലക്ക് നാല് പോയന്റാണുള്ളത്. 

 


Tags:    
News Summary - Brazil 1-1 Venezuela -world cup qualifiers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT