റിച്ചാർലിസൺ

ബ്രസീലിനെ ശ്വാസംമുട്ടിച്ച് ബൊളീവിയൻ അട്ടിമറി; ലോകകപ്പ് ​േപ്ല ഓഫ് യോഗ്യത

സൂക്രെ (ബൊളിവിയ): തെക്കനമേരിക്കൻ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ എക്വഡോർ മണ്ണിൽ അർജന്റീന ഒരു ഗോളിന് തോറ്റതിനു പിന്നാലെ, ബൊളീവിയയിലെ എൽ ആൾടോ സ്റ്റേഡിയത്തിൽ ബ്രസീലും തോറ്റു.

4150 മീറ്റർ ഉയരത്തിൽ എതിരാളികൾ ജീവവായു പോലും കിട്ടാതെ വലയുന്ന കളിമുറ്റത്തായിരുന്നു ബൊളിവിയ ബ്രസീലിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപിച്ചത്. കളിയുടെ ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമിൽ മിഗ്വേൽ ടെർസറോസിന്റെ ബൂട്ടിൽ നിന്നും പിറന്ന പെനാൽറ്റി ഗോൾ വിജയം സമ്മാനിച്ചു.

നിർണായക മത്സരത്തിൽ കരുത്തരായ എതിരാളിൾക്കെതിരായ വിജയം ബൊളീവിയക്ക് തെക്കനമേരിക്കൻ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഏഴാം സ്ഥാനവും, ഇന്റർകോൺഫെഡറേഷൻ ​േപ്ല ഓഫിലേക്ക് ബർത്തും സമ്മാനിച്ചു. വെനിസ്വേലയെ കൊളംബിയ 6-3ന് തകർത്തതിന്റെ ആനുകൂല്യം ബൊളീവിയക്ക് അവസരമായി മാറി.

നന്നായി പൊരുതിയിട്ടും തോൽവി വഴങ്ങിയ വെനിസ്വേലയുടെ ലോകകപ്പ് സ്വപ്നം തീർത്തും അസ്തമിച്ചപ്പോൾ, ബൊളീവിയക്ക് മൂന്ന് പതിറ്റാണ്ടിനു ശേഷം വീണ്ടുമൊരു ലോകകപ്പ് യോഗ്യത പടിവാതിൽക്കലെത്തി. ആറ് രാജ്യങ്ങൾ മാറ്റുരക്കുന്ന ഇന്റർകോൺഫെഡറേഷൻ ​േപ്ല ഓഫിനായി മാറ്റിവെച്ച രണ്ടിൽ ഒരു ബർത്തിനായുള്ള ഒരുക്കമാവും ഇനി മുന്നിലുള്ളത്. 1994ലാണ് ബൊളീവിയ അവസാനമായി ലോകകപ്പ് കളിച്ചത്.

2019ന് ശേഷം ബ്രസീലിനെതിരെ നേടിയ ആദ്യ വിജയമെന്ന പ്രത്യേകതയും ​ബുധനാഴ്ച പുലർച്ചെയിലെ ബൊളീവിയൻ വിജയത്തിനുണ്ട്.

ബൊളീവിയൻ ടീം അംഗങ്ങളുടെ വിജയാഘോഷം

എന്നും എതിരാളികൾക്ക് പേടി സ്വപ്നമായ ബൊളീവിയയിലെ ഗുയാക്വിൽ എൽ ആൾടോ സ്റ്റേഡിയത്തിലേക്ക് ബ്രസീൽ എത്തിയപ്പോൾ തോൽവി ഭീതി ശ്വാസംമുട്ടൽ പോലെ ഒപ്പമുണ്ടായിരുന്നു. സമുദ്ര നിരപ്പിൽ നിന്നും 4000 ത്തിന് മുകളിൽ മീറ്റർ ഉയരത്തിലുള്ള സ്റ്റേഡിയത്തിൽ പല എതിരാളികളും ഓക്സിജൻ മാസ്ക് ഉപയോഗിച്ച് കളിച്ച ചരിത്രവുമുണ്ട്. കാർലോ ആഞ്ചലോട്ടിയുടെ ബ്രസീലിനായിരുന്നു പന്തടക്കത്തി​ന്റെ മുൻതൂക്കമെങ്കിലും ഷോട്ടിലും അവസരങ്ങളിലുമെല്ലാം മുന്നിൽ ബൊളീവിയയായിരുന്നു.

റിച്ചാർലിസൺ, ലൂയി ഹെന്റിക്, സാമുവൽ ലിനോ, ലൂകാസ് പക്വറ്റ, ബ്രൂണോ ഗ്വിമാറസ് ഉൾപ്പെടെ താരങ്ങളെ അണിനിരത്തിയാണ് ബ്രസീൽ ഇറങ്ങിയത്. ഹൈ ആൾറ്റിറ്റ്യൂഡിൽ താരങ്ങൾ ശ്വാസംകിട്ടാതെ വലയുമ്പോൾ കൂടുതൽ റിസ്കെടുക്കാതെ സേഫ് സോണിലായിരുന്നു ബ്രസീലുകാർ പന്തു തട്ടിയത്. പ്രതിരോധിച്ചും, ഒറ്റപ്പെട്ട മുന്നേറ്റങ്ങൾ നടത്തിയുമുള്ള ശൈലിയിലൂടെ കൂടുതൽ ഗോൾ വഴങ്ങുന്നത് ഒഴിവാക്കലായിരുന്നു ലക്ഷ്യം.

വിനീഷ്യസ് ജൂനിയർ, നെയ്മർ, റോഡ്രിഗോ തുടങ്ങിയ താരങ്ങളെ ഒഴിവാക്കിയായിരുന്നു കോച്ച് ആഞ്ചലോട്ടി ചിലി, ബൊളീവിയ മത്സരത്തിനുള്ള ബ്രസീൽ ടീമിനെ ഒരുക്കിയത്. അപകടകരമായ സാഹചര്യത്തിലെ കളിയായതിനാൽ ബൊളീവിയക്കെതിരെ മുൻനിരതാരങ്ങൾക്ക് വിശ്രമം നൽകിയും, റിസ്കെടുക്കാതെയുമായിരുന്നു കോച്ചി​ന്റെ പ്ലാൻ. റഫീന്യയെ ബെഞ്ചിലിരുത്തിയപ്പോൾ, ശാരീരിക ക്ഷമതയുള്ള താരങ്ങൾക്ക് ​െപ്ലയിങ് ഇലവനിൽ ഇടം നൽകി. 

Tags:    
News Summary - Bolivia beats Brazil 1-0 to advance to World Cup playoff from South American qualifying

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.