പോർചുഗീസ് ലീഗിൽ പകരക്കാരനായിറങ്ങി യുക്രെയ്ൻ സ്​ട്രൈക്കർ; ശേഷം സംഭവിച്ചത്...VIDEO

ലിസ്ബൺ: റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ ഫുട്ബാൾ ലോകം ഒ​റ്റക്കെട്ടായി അപലപിക്കുകയാണ്. രാജ്യം അധിനിവേശത്തിനെതിരെ പോരാടുമ്പോൾ വിവിധ പ്രഫഷനൽ ഫുട്ബാൾ ലീഗുകളിൽ പന്തുതട്ടുന്ന യുക്രെയ്ൻ ഫുട്ബാൾ കളിക്കാർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണയും അപാരമാണ്.

ഞായറാഴ്ച പ്രിമേറ ലീഗിൽ വിറ്റോറിയ എസ്.സിക്കെതിരായ മത്സരത്തിൽ പകരക്കാരനായിറങ്ങിയ തന്നെ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് വരവേറ്റ ബെനഫിക്ക കാണികളുടെ പ്രവർത്തിയിൽ കണ്ണീരണിയുകയാണ് യുക്രെയ്ൻ താരം റോമൻ യാംചുക്. ​പ്ലെയിങ് ഇലവനിൽ സ്ഥാനം നേടാനായില്ലെങ്കിലും മത്സരത്തിന്റെ 62ാം മിനിറ്റിൽ കളത്തിലെത്തിയ താരത്തിന് ക്യാപ്റ്റൻ ആംബാൻഡും ടീം സമ്മാനിച്ചു.

യുക്രെയ്നിന് പിന്തുണയുമായി കാണികൾ കൈയ്യടിച്ചപ്പോൾ റോമന് കണ്ണീർപിടിച്ചുനിർത്താനായില്ല. എസ്റ്റാഡിയോ ഡാ ലസിൽ നടന്ന മത്സരത്തിൽ ബെനഫിക്ക 3-0ത്തിന് ജയിച്ചു. ഡാർവിൻ നൂനസ് രണ്ടും ഗോൺസാലോ റാമോസ് ഒരുഗോളും നേടി.

ഇംഗ്ലണ്ട്, പോളണ്ട്, സ്വീഡൻ, ചെക്ക് റിപബ്ലിക് എന്നിവയടക്കം നിരവധി യൂറോപ്യൻ രാജ്യങ്ങൾ റഷ്യക്കെതിരെ ഫുട്ബാൾ മത്സരങ്ങൾ കളിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

യുക്രെയിനിൽ ആക്രമണം നടക്കുന്ന പശ്ചാത്തലത്തിൽ റഷ്യക്കെതിരെ നിയന്ത്രണങ്ങളും വിലക്കുമായി അന്താരാഷ്ട്ര ഫുട്ബാൾ സംഘടനായ 'ഫിഫ'യും രംഗത്തെത്തി. യുക്രെയിനിലെ സ്ഥിതിഗതികൾ മെച്ചപ്പെട്ടില്ലെങ്കിൽ മത്സരങ്ങളിൽ നിന്ന് ടീമിനെ പുറത്താക്കുമെന്ന ഫിഫ മുന്നറിയിപ്പ് നൽകി. റഷ്യൻ പതാകക്കും ദേശീയഗാനത്തിനുമാണ് 'ഫിഫ' വിലക്കേർപ്പെടുത്തിയത്. റഷ്യ എന്ന പേരിൽ അന്താരാഷ്ട്ര ഫുട്ബാൾ മത്സരങ്ങളിൽ കളിക്കുന്നതും തടഞ്ഞിട്ടുണ്ട്. 'ഫുട്ബാൾ യൂനിയൻ ഒാഫ് റഷ്യ' എന്ന പേരിൽ മത്സരങ്ങളിൽ പ​ങ്കെടുക്കാം.

Tags:    
News Summary - Benfica's Ukrainian striker came as substitute see what happened next in viral video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.