ഹാരി കെയ്ന് ഇരട്ട ഗോൾ; ഫ്ലമെംഗോയെ തോൽപ്പിച്ച് ബയേൺ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ, എതിരാളികൾ പി.എസ്.ജി

ഫ്ലോറിഡ: ബ്രസീലിയൻ ക്ലബ്ബായ ഫ്ലെമെംഗോയെ 4-2ന് പരാജയപ്പെടുത്തി ബയേൺ മ്യൂണിക്ക് ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ കടന്നു. ഫ്ലോറിഡയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഇരട്ട ഗോളോടെ ഹാരി കെയ്നാണ് ബയേണിന്‍റെ ഹീറോ ആയത്.

ആറാംമിനിറ്റിൽ തന്നെ സെൽഫ് ഗോൾ വഴങ്ങിയതോടെ ക്ഷീണത്തോടെയായിരുന്നു ഫ്ലമെംഗോയുടെ തുടക്കം. ജോഷ്വാ കിമ്മിഷിന്റെ കോർണറിൽ നിന്ന് ഫ്ലമെംഗോയുടെ എറിക് പുൾഗർ സെൽഫ് ഗോൾ വഴങ്ങുകയായിരുന്നു. ഇതിന്‍റെ ഞെട്ടൽ മാറുംമുമ്പേ ഒമ്പതാം മിനിറ്റിൽ ഹാരി കെയ്നിന്‍റെ ആദ്യ ഗോൾ പിറന്നു. സ്കോർ 2-0.

33ാം മിനിറ്റിൽ ജെർസന്‍റെ ഗോളിലൂടെ ഫ്ലമെംഗോ തിരിച്ചുവരവിനുള്ള ശ്രമം നടത്തി. എന്നാൽ, 41ാം മിനിറ്റിൽ ലിയോൺ ഗോരെറ്റ്സ്ക തകർപ്പൻ ഗോളിലൂടെ ബയേണിന്‍റെ ലീഡ് രണ്ടാക്കി നിലനിർത്തി. സ്കോർ: 3-1.

രണ്ടാംപകുതിയിൽ മൈക്കിൾ ഒലിസെ കൈകൊണ്ട് പന്ത് തട്ടിയതിന് ഫ്ലമെംഗോക്ക് ലഭിച്ച പെനാൽറ്റിയിലൂടെ ജോർഗിഞ്ഞോ ഗോൾ നേടി. സ്കോർ: 3-2. എന്നാൽ, 73ാം മിനിറ്റിൽ ഹാരി കെയ്നിന്‍റെ രണ്ടാംഗോളെത്തി (4-2). ഇതോടെ ബയേൺ ജയം ഉറപ്പിച്ചു. ഫ്ലമെംഗോ പൊരുതിയെങ്കിലും പിന്നീട് ഗോൾ പിറന്നില്ല.

ക്വാർട്ടർ ഫൈനലിൽ ബയേൺ പി.എസ്.ജിയെ നേരിടും. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ മെസ്സിയുടെ ഇന്‍റർ മയാമിയെ അനായാസം മറികടന്നാണ് യൂറോപ്യൻ ചാമ്പ്യന്മാരായ പി.എസ്.ജി ക്വാർട്ടറിലെത്തിയത്. മറുപടിയില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ഫ്രഞ്ച് ക്ലബിന്‍റെ ജയം.

Tags:    
News Summary - bayern munich enters fifa club world cup quarter final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.