യമാൽ മാജിക്! ബാഴ്സലോണക്ക് 28ാം ലാ ലിഗ കിരീടം; രണ്ടു മത്സരം ബാക്കി നിൽക്കെ റയലിനേക്കാൾ ഏഴു പോയന്‍റ് ലീഡ്

മഡ്രിഡ്: ബാഴ്സലോണക്ക് 28ാം ലാ ലിഗ കിരീടം. രണ്ടു മത്സരങ്ങൾ ബാക്കി നിൽക്കെയാണ് ഹാൻസി ഫ്ലിക്കും സംഘവും സ്പാനിഷ് ലീഗ് കിരീടം ഉറപ്പിച്ചത്.

ആവേശകരമായ കാറ്റലൻ ഡർബിയിൽ എസ്പാന്യോളിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബാഴ്സ വീഴ്ത്തിയത്. ലീഗിൽ രണ്ടു മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ, രണ്ടാമതുള്ള റയൽ മഡ്രിഡിനേക്കാൾ ഏഴു പോ‍യന്‍റിന്‍റ ലീഡ്. ഇനിയുള്ള മത്സരങ്ങളിൽ ജയിച്ചാലും റയലിന് ബാഴ്സയെ മറികടക്കാനാകില്ല. കൗമാര താരം ലാമിൻ യമാൽ വീണ്ടും വണ്ടർ ഗോളുമായി ആരാധകരെ അദ്ഭുതപ്പെടുത്തി. ഫെർമിൻ ലോപ്പസാണ് ടീമിന്‍റെ രണ്ടാം ഗോൾ നേടിയത്.

മയോർക്കക്കെതിരെ റയൽ ജയിച്ചതോടെയാണ് ബാഴ്സയുടെ കിരീടധാരണം നീണ്ടുപോയത്. ആദ്യ പകുതിയിൽ എസ്പാന്യോളിന് നിരവധി ഗോളവസരങ്ങൾ ലഭിച്ചെങ്കിലും ബാഴ്സ ഗോൾകീപ്പർ വോയ്‌ചെക്ക് ഷെസ്നി തകർപ്പൻ സേവുകളുമായി ടീമിന്‍റെ രക്ഷകനായി. ബാഴ്സക്കും അവസരങ്ങൾ മുതലെടുക്കാനായില്ല. ഗോൾരഹിതമായാണ് ആദ്യപകുതി അവസാനിച്ചത്.

ഇടവേളക്കുശേഷം 53ാം മിനിറ്റിൽ ലാമിൻ യാമലിന്‍റെ മാജിക് ഗോളിലൂടെ ബാഴ്സ ലീഡെടുത്തു. വലതു പാർശ്വത്തിൽനിന്ന് പന്തുമായി ബോക്സിനു മുന്നിലേക്ക് വെട്ടിച്ചുക്കയറിയ യാമലിന്‍റെ അതിമനോഹരമായ ഇടങ്കാൽ ഷോട്ട്, പന്ത് പോസ്റ്റിന്‍റെ വലതുകോണിലേക്ക് പറന്നിറങ്ങി. എസ്പാന്യോൾ ഗോൾകീപ്പർക്ക് നിസ്സഹായനായി നോക്കിനിൽക്കാനെ കഴിഞ്ഞുള്ളു. സീസണിൽ താരത്തിന്‍റെ 17ാം ഗോളാണിത്. ഡാനി ഓൽമയാണ് ഗോളിന് വഴിയൊരുക്കിയത്.

മത്സരം അവസാനിക്കാൻ 10 മിനിറ്റ് ബാക്കി നിൽക്കെ എസ്പാന്യോൾ പ്രതിരോധ താരം ലിയാൻഡ്രോ കബ്രേര ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ടീമിന് തിരിച്ചടിയായി. യമാലിനെ ഫൗൾ ചെയ്തതിനാണ് റഫറി നേരിട്ട് റെഡ് കാർഡ് നൽകിയത്. ഇൻജുറി ടൈമിന്‍റെ അവസാന മിനിറ്റിൽ (90+5) ഫെർമിൻ ലോപ്പസ് ഗോൾ പട്ടിക പൂർത്തിയാക്കി. യമാലാണ് ഗോളിന് വഴിയൊരുക്കിയത്.

നേരത്തെ, കോപ ഡെൽ റേ, സ്പാനിഷ് സൂപ്പർ കപ്പ് കിരീടങ്ങളും ബാഴ്സ നേടിയിരുന്നു. ഫ്ലിക്കിന് ആഭ്യന്തര കിരീടങ്ങളിൽ സമ്പൂർണ ആധിപത്യം. സീസണിലെ നാലു എൽ ക്ലാസിക്കോ മത്സരങ്ങളിലും റയലിനെ ബാഴ്സ പരാജയപ്പെടുത്തിയിരുന്നു.

Tags:    
News Summary - Barcelona clinched their 28th La Liga title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.