മഡ്രിഡ്: സ്പാനിഷ് കിരീട പോരാട്ടത്തിലെ ആദ്യ അങ്കത്തിൽ തന്നെ തിരിച്ചടി നേരിട്ട് അത്‍ലറ്റികോ മഡ്രിഡ്. സ്പാനിഷ് ലാ ലിഗയിലെ തങ്ങളുടെ ഉദ്ഘാടന മത്സരത്തിൽ എസ്പാന്യോളിനെതിരെ 2-1നായിരുന്നു ഡീഗോ സിമിയോണിയുടെ അത്‍ലറ്റികോ മഡ്രിഡ് കീഴടങ്ങിയത്. കളിയുടെ 37ാം മിനിറ്റിൽ ഹൂലിയൻ അൽവാരസ് നേടിയ ഉജ്വല ഫ്രീകിക്ക് ഗോളിലൂടെ സീസണിന് മിന്നൽ തുടക്കം കുറിക്കാൻ കഴിഞ്ഞുവെങ്കിലും മത്സരത്തിൽ ലീഡ് പിടിക്കാൻ അത്‍ലറ്റികോക്ക് കഴിഞ്ഞില്ല.
രണ്ടാം പകുതിയിലെ 73ാം മിനിറ്റിൽ മിഗ്വേൽ റുബിയോയിലൂടെ എസ്പാന്യോൾ ആദ്യം സമനില പിടിച്ചു. കളി സമനിലയിലേക്കെന്നുറപ്പിച്ചപ്പോഴായിരുന്നു 84ാം മിനിറ്റിൽ പിയർ മില വിജയ ഗോൾ കുറിച്ച് അത്‍ലറ്റികോ മഡ്രിഡിന്റെ ഹൃദയം തകർത്തത്.
ബാഴ്സലോണയും റയൽ മഡ്രിഡും വാഴുന്ന സ്പാനിഷ് ലാ ലിഗയിൽ ഇത്തവണ കിരീടം സ്വന്തമാക്കാനായി ശ്രദ്ധേയ ട്രാൻസ്ഫറുകളുമായി കച്ചമുറുക്കിയെത്തിയതിനു പിന്നാലെയാണ് അത്‍ലറ്റികോയുടെ തോൽവി. അലക്സ് ബയേന, ഡേവിഡ് ഹാൻകോ, ജോണി കർഡോസോ തുടങ്ങിയ കൂടുമാറ്റങ്ങളാണ് ഇത്തവണ അത്‍ലറ്റികോയെ കരുത്തരാക്കുന്നത്.
ലീഗിലെ ആദ്യ മത്സരത്തിൽ ബാഴ്സലോണ വിജയത്തോടെയാണ് തുടക്കം കുറിച്ചത്. ലാമിൻ യമാൽ കൂടി ലക്ഷ്യം കണ്ട മത്സരത്തിൽ മയോർകയെ 3-0ത്തിനായിരുന്നു ബാഴ്സലോണ തോൽപിച്ചത്. ആദ്യ മത്സരത്തിൽ റയൽ മഡ്രിഡ് നാളെ ഒസാസുനയെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.