എംബാപ്പെയുടെ പ്രതിഫലവും ലോയൽറ്റി ബോണസും; വിനീഷ്യസിന്റെ ആവശ്യങ്ങൾ തള്ളി പെരസ്

മഡ്രിഡ്: റയൽ മഡ്രിഡിന്റെ ബ്രസീൽ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിനെ സ്വന്തമാക്കാൻ ശക്തമായ നീക്കങ്ങളുമായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ആഴ്സണൽ. ക്ലബുമായി പുതിയ കരാർ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കങ്ങളും അനിശ്ചിതത്വവുമാണ് വിനീഷ്യസ് റയൽ വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നത്. സൂപ്പർ താരത്തെ ഏതുവിധേനയും എമിറേറ്റ്സ് സ്റ്റേഡിയത്തിൽ എത്തിക്കാൻ ആഴ്സണൽ പരിശീലകൻ മൈക്കൽ ആർട്ടേറ്റ നേരിട്ട് രംഗത്തിറങ്ങിയിട്ടുണ്ടെന്നാണ് സ്പാനിഷ് മാധ്യമങ്ങളുടെ റിപ്പോർട്ട്.

കഴിഞ്ഞ എട്ട് വർഷമായി റയൽ മഡ്രിഡിന്റെ ആക്രമണനിരയിലെ നിർണായക സാന്നിധ്യമാണ് ഇരുപത്തിയാറുകാരനായ വിനീഷ്യസ്. മൂന്ന് ലാ ലിഗ കിരീടങ്ങളും രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും അദ്ദേഹം ക്ലബിനൊപ്പം നേടിയിട്ടുണ്ട്. എന്നാൽ നിലവിലെ കരാർ അവസാന വർഷത്തിലേക്ക് കടക്കുമ്പോൾ പുതിയ കരാറിലെ വ്യവസ്ഥകളെച്ചൊല്ലി താരവും മാനേജ്മെന്റും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തിരിക്കുകയാണ്.

ടീമിലെ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയ്ക്ക് നൽകുന്നതിനേക്കാൾ 10 ദശലക്ഷം യൂറോയിലധികം കുറഞ്ഞ വാർഷിക ശമ്പളമാണ് റയൽ മഡ്രിഡ് വിനീഷ്യസിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. ലോകോത്തര താരമെന്ന നിലയിലുള്ള അംഗീകാരക്കുറവായാണ് ഇതിനെ വിനീഷ്യസ് കാണുന്നത്. കൂടാതെ, കരാർ പുതുക്കുമ്പോൾ തന്നെ ലഭിക്കേണ്ട 'ലോയൽറ്റി ബോണസ്' മുൻകൂട്ടി നൽകണമെന്ന താരത്തിന്റെ ആവശ്യവും ക്ലബ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസ് തള്ളി.

ഈ സാഹചര്യത്തിൽ തുക ലഭിക്കുകയാണെങ്കിൽ വിനീഷ്യസിനെ വൻവിലയ്ക്ക് വിൽക്കാനാണ് റയലിന്റെ നീക്കം. താരത്തിനായി 137 ദശലക്ഷം പൗണ്ട് (ഏകദേശം 1760 കോടി രൂപ) ആണ് റയൽ ആവശ്യപ്പെടുന്നത്. ഈ തുക മുടക്കാൻ ആഴ്സണൽ തയ്യാറാണെന്നും സൂചനയുണ്ട്. അതേസമയം, റയലിന്റെ പുതിയ പരിശീലകനായി തിരിച്ചെത്തിയ ഹോസെ മൗറീഞ്ഞോ വിനീഷ്യസിനെ ക്ലബിൽ തന്നെ നിലനിർത്താനുള്ള കഠിനശ്രമത്തിലാണ്.

കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെ എത്തിയെങ്കിലും പി.എസ്.ജിയോട് പരാജയപ്പെട്ട് കിരീടം നഷ്ടമായ ആഴ്സണൽ, വരും സീസണിൽ യൂറോപ്യൻ കിരീടം ലക്ഷ്യമിട്ടാണ് വൻ താരക്കൈമാറ്റങ്ങൾക്ക് ഒരുങ്ങുന്നത്. ആഴ്സണൽ പദ്ധതികളുടെ കേന്ദ്രബിന്ദു വിനീഷ്യസ് ആയിരിക്കുമെന്ന് മൈക്കൽ ആർട്ടേറ്റ താരത്തിന് ഉറപ്പ് നൽകിയിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് ചേക്കേറിയാൽ താരത്തിന് ലഭിക്കുന്ന വലിയ പ്രാധാന്യത്തെക്കുറിച്ചും ആർട്ടേറ്റ സംസാരിച്ചതായാണ് വിവരം. കരാർ പുതുക്കുന്നതിൽ വിനീഷ്യസ് അന്തിമ തീരുമാനം അറിയിച്ചിട്ടില്ലെങ്കിലും, വരും ദിവസങ്ങളിൽ ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ ട്രാൻസ്ഫർ സാഗയായി ഈ നീക്കം മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags:    
News Summary - Arsenal Target Vinicius Junior Amid Real Madrid Contract Dispute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.