ഗോൾനേട്ടം ആഘോഷിക്കുന്ന കിലിയൻ എംബാപ്പെ

ഡബിളടിച്ച് എംബാപ്പെ; ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മഡ്രിഡിന് വിജയത്തുടക്കം

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മഡ്രിഡിന് വിജയത്തുടക്കം. സീസണിലെ ആദ്യ മത്സരത്തില്‍ മാഴ്‌സില്ലെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റയല്‍ പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിന്നിൽനിന്ന ശേഷമാണ് ടീം തിരിച്ച് വരവ് നടത്തിയത്. പത്ത് പേരുമായി ചുരുങ്ങിയ ടീമാണ് പിന്നീട് മികച്ച പ്രകടനം നടത്തി മൂന്ന് പോയിന്റുകള്‍ സ്വന്തമാക്കിയത്. റയലിന് വേണ്ടി സൂപ്പർ താരം കിലിയൻ എംബാപ്പെ രണ്ട് ഗോളുകള്‍ നേടി. പെനാല്‍റ്റിയിലൂടെയായിരുന്നു രണ്ട് ഗോളുകളും പിറന്നത്.

സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന മത്സരത്തിന്റെ തുടക്കത്തില്‍ ലീഡെടുത്തത് മാഴ്‌സില്ലെയായിരുന്നു 22-ാം മിനിറ്റില്‍ തിമോത്തി വീയാണ് റയലിനെ ഞെട്ടിച്ച് ആദ്യഗോള്‍ ഗോള്‍ നേടിയത്. ആറ് മിനിറ്റുകള്‍ക്കുള്ളില്‍ റയല്‍ തിരിച്ചടിച്ചു. മാഴ്‌സെ ലീഡ് നേടിയെങ്കിലും അതിന് അധികം ആയുസുണ്ടായിരുന്നില്ല. റോഡ്രിഗോയെ മാഴ്‌സെ താരം ചലഞ്ച് ചെയ്തതിന് വെള്ള കുപ്പായക്കാര്‍ക്ക് പെനാല്‍റ്റി ലഭിച്ചു. 28-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് എംബാപ്പെ റയലിനെ ഒപ്പമെത്തിച്ചു.

ഇരുടീമുകളും ആക്രമണവുമായി കളംനിറഞ്ഞ് കളിച്ചെങ്കിലും ആദ്യപകുതിയിൽ സ്‌കോര്‍ ബോര്‍ഡ് മാറ്റമില്ലാതെ തുടര്‍ന്നു. രണ്ടാം പകുതിയിൽ 72-ാം മിനിറ്റില്‍ റയല്‍ ആരാധകരെ നിശബ്ദരാക്കി ഡാനി കാര്‍വഹാല്‍ ചുവപ്പ് കണ്ട് മടങ്ങി. മാഴ്‌സെ ഗോളിയെ ചലഞ്ച് ചെയ്തതിനായിരുന്നു താരത്തിന് റെഡ് കാര്‍ഡ്. ഇതോടെ പത്ത് പേരുമായാണ് റയല്‍ കളിച്ചത്. എന്നാല്‍ ഈ ആനുകൂല്യവും മുതലെടുക്കാന്‍ മാഴ്‌സില്ലെയ്ക്ക് സാധിച്ചില്ല. 81-ാം മിനിറ്റില്‍ അടുത്ത പെനാല്‍റ്റിയും ലക്ഷ്യത്തിലെത്തിച്ച് എംബാപ്പെ റയലിന് വിജയം സമ്മാനിച്ചു.

ആഴ്‌സണലിന് വിജയം

ചാമ്പ്യന്‍സ് ലീഗ് സീസണില്‍ ആഴ്‌സണലിന് വിജയത്തുടക്കം. അത്‌ലറ്റിക് ക്ലബ്ബിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഗണ്ണേഴ്‌സ് സീസണ്‍ ആരംഭിച്ചത്. പകരക്കാരായി ഇറങ്ങിയ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയും ലിയാന്‍ഡ്രോ ട്രൊസ്സാര്‍ഡുമാണ് ആഴ്‌സണലിന്റെ ഗോളുകള്‍ നേടിയത്.

രണ്ടാം പകുതിയിലായിരുന്നു രണ്ട് ഗോളുകളും പിറന്നത്. 72-ാം മിനിറ്റില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയാണ് ഗണ്ണേഴ്‌സിന് വേണ്ടി ആദ്യം വല കുലുക്കിയത്. 87-ാം മിനിറ്റില്‍ ലിയാന്‍ഡ്രോ ട്രൊസാര്‍ഡും ഗോളടിച്ചതോടെ ആഴ്‌സണല്‍ വിജയം ഉറപ്പിച്ചു.

Tags:    
News Summary - Arsenal, Real Madrid win Champions League openers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.