ലയണൽ മെസ്സി

അർജന്‍റീനക്ക് എതിരാളി ആസ്ട്രേലിയ? മെസ്സിയും സംഘവും നവംബർ 15ന് കേരളത്തിലെത്തും

കൊച്ചി: കേരളത്തിൽ സൗഹൃദമത്സരം കളിക്കാനെത്തുന്ന ലോക ചാമ്പ്യന്മാരായ അർജന്‍റീനക്ക് എതിരാളികളായി ലോക റാങ്കിങ്ങിൽ 25ാം സ്ഥാനത്തുള്ള ആസ്ട്രേലിയ കളിക്കാനെത്തുമെന്ന് സൂചന.

ഇതുമായി ബന്ധപ്പെട്ട് ആസ്ട്രേലിയയും സ്പോൺസറും കരട് കരാർ കൈമാറിയെന്നും വിവരമുണ്ട്. നവംബർ 15ന് അർജന്‍റീന ടീം കേരളത്തിലെത്തും. 16നും 18നും ഇടയിലാകും മത്സരം. കൊച്ചിയിൽ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. തുടക്കത്തിൽ തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയമാണ് പരിഗണിച്ചിരുന്നത്. എന്നാൽ, കളിക്കാർക്കും വി.വി.ഐ.പികൾക്കും ആവശ്യമായ യാത്രാ-താമസ സൗകര്യങ്ങൾ ഒരുക്കാൻ കൊച്ചിയാണ് ഏറ്റവും അനുയോജ്യം എന്നതിനാലാണ് മത്സരം ഇവിടേക്ക് മാറ്റുന്നത്.

ഖത്തർ ലോകകപ്പിന്‍റെ പ്രീക്വാർട്ടറിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 2-1ന് മത്സരം അർജന്‍റീന ജയിച്ചിരുന്നു. ത്രില്ലർ പോരാട്ടത്തിൽ മെസ്സിയും ജൂലിയൻ അൽവാരസുമാണ് അർജന്‍റീനക്കായി വലകുലുക്കിയത്. എൻസോ ഫെർണാണ്ടസ് സെൽഫ് ഗോളും വഴങ്ങി. അർജന്‍റീന ടീം മാനേജർ ഡാനിയൽ പബ്രേര ചൊവ്വാഴ്ച കൊച്ചിയിലെത്തി സ്റ്റേഡിയം സൗകര്യങ്ങൾ വിലയിരുത്തുന്നുണ്ട്.

ഉച്ചയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ഉച്ചക്ക് രണ്ടരയോടെ കായിക മന്ത്രി വി. അബ്ദുറഹ്മാനോടൊപ്പം കലൂർ സ്റ്റേഡിയം സന്ദർശിക്കും. ഒരാഴ്ച മുമ്പ് ഏഷ്യൻ ഫുട്ബാൾ ഫെഡറേഷന്റെ സെക്യൂരിറ്റി ഓഫിസർ സ്റ്റേഡിയം സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു. 2017ൽ ഫിഫ പുരുഷൻ അണ്ടർ-17 ലോകകപ്പിന് വേദിയായ കലൂർ സ്റ്റേഡിയം രാജ്യാന്തര നിലവാരമുള്ള കേരളത്തിലെ ഏക ഫുട്ബാൾ ഗ്രൗണ്ടാണ്. അതുകൊണ്ടാണ് കൊച്ചി സജീവമായി പരിഗണിക്കാൻ കാരണം. ഐ.എസ്‌.എൽ ടീമായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കൂടിയാണിത്. സ്റ്റേഡിയം സജ്ജമാക്കണമെന്നാവശ്യപ്പെട്ട് കായികമന്ത്രി വി. അബ്ദുറഹ്മാൻ വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ) ചെയർമാൻ കെ. ചന്ദ്രൻപിള്ളക്ക് കത്തയച്ചിട്ടുണ്ട്.

കായിക വകുപ്പിന്‍റെ നേതൃത്വത്തിൽ ഒരു അന്താരാഷ്ട്ര മത്സരം നവംബർ രണ്ടാംവാരം നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും ലോകകപ്പ് ജേതാക്കളായ അർജന്‍റീന ഉൾപ്പെടെ വിദേശ രാജ്യങ്ങളാണ് ടൂർണമെന്‍റിൽ പങ്കെടുക്കുകയെന്നും കത്തിൽ പറയുന്നു. ഇതിനായി ജവഹർലാൽ നെഹ്റു സ്റ്റേഡിയം സജ്ജമാക്കേണ്ടതിനാൽ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കണം. മത്സരത്തിന്‍റെ നടത്തിപ്പിന് വേദിയൊരുക്കാൻ ജി.സി.ഡി.എയുടെ സഹകരണം വേണമെന്നും കത്തിൽ പറയുന്നു.

അനിശ്ചിതത്വത്തിനൊടുവിൽ ആഗസ്റ്റ് 23നാണ് അർജന്റീന ഫുട്ബാൾ ടീം കേരളത്തിൽ എത്തുന്നത് സ്ഥിരീകരിച്ചത്. ലോകകപ്പ് ചാമ്പ്യന്മാരായ ടീം നവംബർ പത്തിനും 18നും ഇടയിൽ കേരളത്തിലും അംഗോളയിലെ ലുവാണ്ടയിലുമായി രണ്ടു സൗഹൃദ മത്സരങ്ങൾ കളിക്കുമെന്ന് അർജന്റീന ഫുട്ബാൾ അസോസിയേഷൻ (എ.എഫ്.എ) ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിക്കുകയായിരുന്നു. പിന്നാലെ സംസ്ഥാന കായികമന്ത്രി വി. അബ്ദുറഹ്മാനും അർജന്‍റീന ടീമിന്‍റെ കേരള സന്ദർശനം സ്ഥിരീകരിച്ചു.

Tags:    
News Summary - Argentina's opponent in Kochi will be Australia?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.