ക്വിറ്റോ (എക്വഡോർ): ലയണൽ മെസ്സിയില്ലാത്ത െപ്ലയിങ് ഇലവനും, 31ാം മിനിറ്റിൽ പ്രതിരോധനിരയിലെ പോരാളി നികോളസ് ഒടമെൻഡിയുടെ പുറത്താകലുമായി നാടകീയത നിറഞ്ഞ അങ്കത്തിൽ അർജന്റീനക്ക് തോൽവി. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ എക്വഡോറാണ് അർജന്റീനയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപിച്ചത്.
തെക്കനമേരിക്കൻ യോഗ്യതാ റൗണ്ടിൽ നേരത്തെ തന്നെ ഒന്നാം സ്ഥാനം ഉറപ്പിച്ച് ലോകകപ്പിലേക്ക് ടിക്കറ്റുറപ്പിച്ച അർജന്റീന കാര്യമായ മാറ്റങ്ങളുമായാണ് രണ്ടാം സ്ഥാനക്കാരായ എക്വഡോറിനെതിരെ ഇറങ്ങിയത്. വെനിസ്വേലക്കെതിരായ മത്സരത്തിനു പിന്നാലെ വിശ്രമം ആവശ്യപ്പെട്ട് പിൻവാങ്ങിയ നായകൻ ലയണൽ മെസ്സിയില്ലാതെയായിരുന്നു ടീം എക്വഡോറിലേക്ക് പറന്നത്. മെസ്സിയുടെ അഭാവത്തിൽ ലൗതാരോ മാർടിനസും മകലിസ്റ്ററും അർജന്റീന മുന്നേറ്റത്തിന് നേതൃത്വം നൽകാൻ നിയോഗിക്കപ്പെട്ടു. വെനിസ്വേലക്കെതിരെ െപ്ലയിങ് ഇലവനിൽ ഇടം നേടിയ കൗമാര താരം ഫ്രാങ്കോ മസ്റ്റന്റുനോയെ ബെഞ്ചിലിരുത്തിയാണ് ഇത്തവണ കളി തുടങ്ങിയത്. പ്രതിരോധത്തിൽ ലിയനാർഡോ ബലേർഡിയും ഒടമെൻഡിയും മോണ്ടിയാലും മൊളിനയും മതിൽ തീർത്തു. അൽവാരസിനു പകരക്കാരനായി വന്ന മാർടിനസിനായിരുന്നു ആക്രമണ ചുമതല.
എന്നാൽ, മികച്ച ഫോമിലുള്ള എക്വഡോർ ആദ്യപകുതിയിൽ തന്നെ മികച്ച അവസരങ്ങൾകുറിച്ച് അർജന്റീനയെ വിറപ്പിച്ചു. ഗോൾ കീപ്പർ എമിലിയാനോ മാർടിനസ് പതിവുപോലെ മിന്നും ഫോമിലേക്കുയർന്നതോടെ എക്വഡോറിന്റെ മുന്നേറ്റങ്ങൾ വിഫലമായി. ആദ്യപകുതിയിൽ ഷോട്ടിന്റെയും അവസരങ്ങളുടെയും മേധാവിത്വവും എക്വഡോറിനായിരുന്നു.
31ാം മിനിറ്റിൽ ലാസ്റ്റ്മാൻ ഫൗളിന്റെ പേരിൽ ഒടമെൻഡി ചുവപ്പുകാർഡുമായി പുറത്തായതോടെ അർജന്റീന പത്തിലേക്ക് ചുരങ്ങി. ആറ് മിനിറ്റ് അനുവദിച്ച ആദ്യ പകുതിയിലെ ഇഞ്ചുറി ടൈം 13 മിനിറ്റ് വരെ നീണ്ടപ്പോൾ എക്വഡോറിന്റെ വിജയ ഗോളും പിറന്നു. പെനാൽറ്റി ബോക്സിനുള്ളിൽ ടഗ്ലിയാഫികോയുടെ ഫൗളിന്റെ പേരിൽ വിധിച്ച പെനാൽറ്റി അവസരം, എക്വഡോർ നായകൻ എന്നർ വലൻസിയ മനോഹരമായി വലയിലെത്തിച്ച് വിജയ ഗോൾ കുറിച്ചു.
സമ്മർദ ഗെയിമുമായി അർജന്റീനയെ വിറപ്പിച്ച എക്വഡോറിന് മാനസിക മേധാവിത്വം നൽകുന്നതായിരുന്നു ആദ്യപകുതിയിൽ തന്നെ പിറന്ന ഗോൾ. 50ാം മിനിറ്റിൽ എക്വഡോറിെൻറ മോയ്സസ് കാസിഡോ ചുവപ്പുകാർഡുമായി പുറത്തായത്തോടെ ഇരു നിരയുംപത്തിലേക്ക് ഒതുങ്ങി. രണ്ടാം പകുതിയിൽ അൽവാരസും ലോസെൽസിയോയും ഫ്രാങ്കോയുമെല്ലാമെത്തിയെങ്കിലും ഗോളിലേക്കുള്ള എക്വ‘ഡോർ’ തുറന്നില്ല. യോഗ്യതാ റൗണ്ടിൽ അർജന്റീനയുടെ നാലാം തോൽവി കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.