ബ്യൂണസ് ഐറിസ്: ഇസ്രായേലുമായുള്ള സൗഹൃദ ഫുട്‌ബാൾ മത്സരത്തിൽനിന്ന് അർജന്റീന ടീം പിന്മാറി. ജൂൺ ആറിന് ഇസ്രായേലിലെ ഹൈഫയിലെ സാമി ഓഫെർ സ്‌റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന മത്സരമാണ് കടുത്ത സമ്മർദങ്ങൾക്കൊടുവിൽ ഉപേക്ഷിച്ചത്. ബ്യൂണസ് ഐറിസിൽ നടന്ന നീണ്ട പരിശീലനങ്ങൾക്കും 2.5 മില്യൺ ഡോളറിന്റെ ധനസമാഹരണത്തിനും ശേഷമാണ് അർജന്റീന ടീമിന്റെ പിന്മാറ്റം.
അർജന്റീനിയൻ ഫലസ്തീൻ സോളിഡാരിറ്റി കമ്മിറ്റി, ഇന്റർനാഷനൽ ബോയ്കോട്ട് ഡൈവേസ്മെന്റ് ആൻഡ് സാങ്ഷൻസ് (ബി.ഡി.എസ്) മൂവ്മെന്റ് ഉൾപ്പെടെയുള്ള സംഘടനകളും അർജന്റീനയിലെ മനുഷ്യാവകാശ-ഐക്യദാർഢ്യ സംഘടനകളും മത്സരത്തിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇസ്രായേലുമായുള്ള മത്സരത്തിൽനിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് ഫലസ്തീനിലെ അൽ ഖാദർ ഫുട്‌ബാൾ ക്ലബ് അർജന്റീന ടീം അധികൃതർക്ക് കത്തയച്ചിരുന്നു. അൽ ഖാദർ എഫ്.സിയുടെ 19കാരനായ താരം മുഹമ്മദ് ഗനീമിനെ ഏപ്രിലിൽ ഇസ്രായേലി സൈന്യം കൊലപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ ക്ലബിന്റെ കത്ത് ഏറെ ചർച്ചയായി. അൽ ജസീറ മാധ്യമപ്രവർത്തക ഷിറിൻ അബു ആഖിലയെ ഇസ്രായേൽ സൈന്യം വെടിവെച്ചു കൊന്നതും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. മറ്റു ഫലസ്തീൻ രക്തസാക്ഷികളെ കുറിച്ചും ഇതിൽ പരാമർശമുണ്ടായി. ഫലസ്തീൻ താരങ്ങളെ കൊലപ്പെടുത്തുകയും അംഗഭംഗം വരുത്തുകയും ചെയ്യുന്ന ഇസ്രായേലിന്റെ കപട വിശുദ്ധി ഉറപ്പാക്കാൻ പ്രദർശന മത്സരം വഴിയൊരുക്കുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
മത്സരത്തിൽനിന്ന് അർജന്റീന പിന്മാറിയതിനെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ ഫലസ്തീൻ അനുകൂല ആക്ടിവിസ്റ്റുകൾ സ്വാഗതം ചെയ്തു. ഫലസ്തീൻ പതാകയുയർത്തിയും റെഡ് കാർഡുകളേന്തിയും ഇസ്രായേലിനെതിരെ പ്രതിഷേധിക്കുകയും ചെയ്തു.
നാലു വർഷം മുമ്പ് ജറുസലേമിൽ നടക്കാനിരുന്ന പ്രീ-വേൾഡ് കപ്പ് സന്നാഹ മത്സരവും അർജൻറീന ഉപേക്ഷിച്ചിരുന്നു. സ്‌റ്റേഡിയത്തിൽ ഫലസ്തീൻ ഭീഷണി ഉണ്ടാകുമെന്ന് കരുതിയാണ് അർജന്റീന പിൻമാറിയതെന്ന് അന്ന് ഇസ്രായേൽ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.