അർജന്റീന വന്നില്ലെങ്കിൽ മെസ്സിയെ മാത്രം കൊണ്ടുവരാൻ നോക്കും, കലൂർ സ്റ്റേഡിയം നവംബർ 30നകം തിരിച്ച് നൽകും -ആന്‍റോ അഗസ്റ്റിൻ

കൊച്ചി: കലൂർ സ്റ്റേഡിയം നവീകരണം നവംബർ 30നകം പൂർത്തിയാക്കി ജി.സി.ഡി.എക്ക് കൈമാറുമെന്ന് റിപ്പോർട്ടർ ടി.വി എം.ഡി ആന്‍റോ അഗസ്റ്റിൻ. അർജന്‍റീനയുമായുള്ള മത്സരം നടന്നാലും ഇല്ലെങ്കിലും നവീകരണം പൂർത്തിയാക്കും.

നവംബറിൽ മത്സരം നടക്കാത്തതുകൊണ്ട് നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചെന്ന വാർത്തകൾ ശരിയല്ല. പ്രവർത്തനങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്. ഒരു ലാഭവും ലക്ഷ്യംവെച്ചല്ല ഇത് ഏറ്റെടുത്തത്. നവീകരണം പൂർത്തിയാക്കി ഫിഫ അംഗീകാരത്തോടെ ജി.സി.ഡി.എക്കുതന്നെ സ്റ്റേഡിയം കൈമാറുമെന്നും സ്റ്റേഡിയത്തിന്‍റെ ഒരവകാശവും താൻ ആഗ്രഹിക്കുന്നില്ലെന്നും ആന്‍റോ അഗസ്റ്റിൻ പറഞ്ഞു.

ജി.സി.ഡി.എയുടെയും സ്പോര്‍ട്സ്‌ കേരള ഫൗണ്ടേഷന്‍റെയും (എസ്.കെ.എഫ്) അനുമതിയോടെയാണ് നിർമാണം നടക്കുന്നത്. നവംബർ 30 വരെയാണ് പ്രവർത്തനങ്ങൾ നടത്താനാണ്​ എസ്.കെ.എഫ് അനുമതി നൽകിയത്. സർക്കാർ തന്നെ ഏൽപിച്ച ദൗത്യം ആത്മാർഥതയോടെ നിറവേറ്റും. നിർമാണം നിർത്തണമെന്ന് സർക്കാറോ ജി.സി.ഡി.എയോ പറഞ്ഞാൽ നിർത്തും. ഒരു അന്താരാഷ്ട്ര മത്സരം കൊച്ചിയിൽ നടക്കണമെന്നേ തനിക്ക് ആഗ്രഹമുള്ളൂ. അതിനായി ഏതറ്റംവരെയും പോകും.

മത്സരം നടന്നില്ലെങ്കിൽ മെസ്സിയെ മാത്രം കേരളത്തിലെത്തിക്കുന്നതും ആലോചിക്കും. മത്സരം നടക്കാത്തതുകൊണ്ട് ഉണ്ടാവുന്ന നഷ്ടം താൻ സഹിച്ചോളാമെന്നും അദ്ദേഹം പറഞ്ഞു.

മെസ്സിയുടെ പേരിൽ നടന്നത് ദുരൂഹ ബിസിനസ് ഡീൽ; കലൂർ സ്റ്റേഡിയത്തിന്‍റെ ഭാവി ചോദ്യചിഹ്നമായെന്ന് ഹൈബി ഈഡൻ

കൊച്ചി: കലൂർ സ്റ്റേഡിയവുമായി ബന്ധപ്പെട്ട നവീകരണ വിവാദത്തിൽ രൂക്ഷ പ്രതികരണവുമായി എറണാകുളം എം.പി ഹൈബി ഈഡൻ. മെസ്സിയുടെ പേരിൽ നടന്നത് ദുരൂഹ ബിസിനസ് ഡീൽ എന്ന് ഹൈബി ഈഡൻ ആരോപിച്ചു.

മെസ്സി വരാത്ത സാഹചര്യത്തിൽ കലൂർ സ്റ്റേഡിയത്തിൽ സ്പോൺസർക്ക് അവകാശമുണ്ടോ എന്നും ഹൈബി ചോദിച്ചു. മെസ്സിയുടെ സന്ദർശനവും കലൂർ സ്റ്റേഡിയവുമായും ബന്ധപ്പെട്ട് നടന്ന ചർച്ചകളെയും കരാറുകളെയും ധനസമാഹരണവും സംബന്ധിച്ച് പൊതുസമൂഹത്തിന് അറിയാൻ താൽപര്യമുണ്ട്. രാജ്യാന്തര സ്റ്റേഡിയത്തിന്‍റെ ഭാവി പോലും ചോദ്യചിഹ്നമായി നിൽക്കുകയാണ്.

കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ ഹോം ഗ്രൗണ്ട് എന്ന നിലയിൽ ഫുട്ബാൾ ടീം നൽകുന്നതാണ് ജി.സി.ഡി.എയുടെ പ്രധാന വരുമാനം. കേരളാ ബ്ലാസ്റ്റേഴ്സ് കൊച്ചി വിട്ടു പോകുന്നുവെന്നാണ് വാർത്തകൾ. ഇത് ഞെട്ടിപ്പിക്കുന്ന ഒന്നാണ്. സ്റ്റേഡിയം അനിശ്ചിതത്വത്തിലാകുമ്പോൾ ലീഗ് മത്സരങ്ങൾ എങ്ങനെ നടക്കുമെന്നും ഹൈബി ചോദിച്ചു.

സ്റ്റേഡിയത്തിൽ നിർമാണ പ്രവർത്തനം നടത്താൻ ഏതു തരത്തിലുള്ള വൈദഗ്ധ്യമാണ് കമ്പനികൾക്കുള്ളത്. മെസ്സി വരാത്ത സാഹചര്യത്തിൽ സ്റ്റേഡിയത്തിൽ അടുത്തതായി നടത്താൻ പോകുന്ന നിർമാണ പ്രവർത്തനം എന്താണ്?. സ്റ്റേഡിയം വളപ്പിലെ മരങ്ങൾ മുറിച്ചു മാറ്റുകയാണ്. സർക്കാർ ഭൂമിയിലെ മരങ്ങൾ നിരവധി കമ്മിറ്റികളുടെ അനുമതി വേണം. ഈ അനുമതി വാങ്ങിയിട്ടുണ്ടോ?. സർക്കാറിന്‍റെയോ മുഖ്യമന്ത്രിയുടെയോ കായിക മന്ത്രിയുടെയോ അറിവോടെയാണോ നിർമാണ കമ്പനിയുടെ നടപടിയെന്നും ഹൈബി ഈഡൻ ചോദിച്ചു.

ഇതിഹാസ താരം ലയണൽ മെസ്സിയും അർജൻറീന ഫുട്ബാൾ താരങ്ങളും കേരളത്തിലേക്ക് തത്​കാലം ഇല്ലെന്ന് സ്ഥിരീകരിച്ചതിനു പിന്നാലെ സ്റ്റേഡിയം നവീകരണത്തെ ചൊല്ലി വിവാദം ചൂടുപിടിച്ചത്. 70 കോടി മുടക്കി സ്റ്റേഡിയം നവീകരണം ഏറ്റെടുത്ത മെസ്സി സന്ദർശനത്തിന്‍റെ മുഖ്യ സ്പോൺസറുടെ താൽപര്യമാണ് പലരും ചോദ്യം ചെയ്യുന്നത്.

Tags:    
News Summary - Anto Augustine says Kaloor Stadium renovation will be completed by November 30th and handed over to GCDA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.