അഖിലേന്ത്യ സെവൻസ് ഫുട്ബാളിന് തുടക്കം കുറിച്ച അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ ആകാശദൃശ്യം
അരീക്കോട്: എം.പി. കുഞ്ഞിമാൻ മെമ്മോറിയൽ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് കാൽപന്തിെൻറ നാടായ അരീക്കോട്ട് തുടക്കമായി. 12 വർഷത്തിനുശേഷമാണ് അരീക്കോട് പഞ്ചായത്ത് ബാപ്പു സാഹിബ് പഞ്ചായത്ത് സ്റ്റേഡിയത്തിൽ ടൗൺ ടീം അഖിലേന്ത്യ സെവൻസിന് വേദിയൊരുക്കിയത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധനശേഖരണത്തിനായാണ് ടൂർണമെന്‍റ് സംഘടിപ്പിച്ചത്.
പി.കെ. ബഷീർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. അരീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. ദിവ്യ അധ്യക്ഷത വഹിച്ചു. കൺവീനർ എം. സുൽഫിക്കർ, കാവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.വി. ഉസ്മാൻ, അരീക്കോട് എസ്.എച്ച്.ഒ സി.വി. ലൈജുമോൻ, അഫീഫ് തറവട്ടത്ത്, സി.ടി. മുനീർ ബാബു, ടി.പി. മുനീർ, സി. സുഹ്ദ്, നൗഷാഷിർ കല്ലട, സലാഹുദ്ദീൻ മമ്പാട്, ഹബീബ് മാസ്റ്റർ, അരീക്കോട് ഗ്രാമപഞ്ചായത്ത് അംഗം ജമീല ബാബു എന്നിവർ സംബന്ധിച്ചു. സ്ത്രീകൾക്കും മത്സരം കാണാൻ ഗാലറിയിൽ പ്രത്യേക സൗകര്യം ഒരുക്കയതായി ടൂർണമെന്‍റ് കൺവീനർ എം. സുൽഫിക്കർ അറിയിച്ചു. തിങ്കളാഴ്ച നടക്കുന്ന മത്സരത്തിൽ അൽമദീന ചെർപ്പുളശ്ശേരി ഫിറ്റ്‌വെൽ കോഴിക്കോടിനെ നേരിടും.
അണ്ടർ 10 ജില്ല ചെസ് ചാമ്പ്യൻഷിപ് സമാപിച്ചു
മഞ്ചേരി: ജില്ല ചെസ് അസോസിയേഷൻ സംഘടിപ്പിച്ച അണ്ടർ 10 ജില്ല ചെസ് ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ നസർ മുഹമ്മദ് കുറ്റിപ്പുറം ചാമ്പ്യനായി. പെൺകുട്ടികളുടെ വിഭാഗത്തിൽ ഹംദ ലംറത്താണ് ജേതാവ്. ആൺകുട്ടികളുടെ വിഭാഗത്തിൽ റിഷാൻ റഷീദ് മക്കരപ്പറമ്പ് രണ്ടാംസ്ഥാനം നേടി. വിജയികൾ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിക്കും.
മഞ്ചേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മത്സരം മഞ്ചേരി ചെസ് ഫോറം സെക്രട്ടറി ടി.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സമാപന ചടങ്ങിൽ വിജയികൾക്ക് അഖ്ലിം ഗ്രൂപ് വൈസ് ചെയർമാൻ ഷാനൂപ് മോങ്ങം ട്രോഫി സമ്മാനിച്ചു. ബിനേശ് ശങ്കർ, റംഷീദ് മേലാക്കം, ഹാശിം, അലി അക്ബർ എന്നിവർ സംബന്ധിച്ചു.
അരിമ്പ്രയില്‍ കാരുണ്യത്തിെൻറ കാൽപന്താവേശം
മൊറയൂര്‍: അരിമ്പ്രയിലെ വൃക്കരോഗിയായ നിര്‍ധന യുവതിയെ സഹായിക്കാന്‍ ഫുട്‌ബാള്‍ താരങ്ങളും പരിശീലകരും നാട്ടുകാരും ചേർന്ന് സമാഹരിച്ചത് അരലക്ഷം രൂപ. വൃക്ക മാറ്റിവെക്കല്‍ അനിവാര്യമായ അരിമ്പ്ര നമ്പന്‍കുന്നത്ത് റസിയയുടെ ശസ്ത്രക്രിയക്കായാണ് ധനസമാഹരണം നടത്തിയത്. മേഖലയിലെ സാധാരണക്കാരായ ഫുട്‌ബാള്‍ പ്രതിഭകള്‍ക്ക് സൗജന്യമായി ശാസ്ത്രീയ പരിശീലനം നല്‍കുന്ന മിഷന്‍ സോക്കര്‍ അക്കാദമിയുടെ നേതൃത്വത്തിലാണ് കുട്ടികള്‍ മുതല്‍ യുവാക്കള്‍ വരെയുള്ള ഫുട്‌ബാള്‍ താരങ്ങള്‍ കാരുണ്യ വഴിയിൽ പന്ത് തട്ടിയത്. ഫുട്‌ബാളിന്റെ നാട്ടുനന്മ എല്ലാവരും നെഞ്ചേറ്റിയപ്പോള്‍ പ്രതീക്ഷിച്ചതില്‍ കൂടുതല്‍ തുകയാണ് സമാഹരിക്കാനായത്.
അക്കാദമിയിലെ കുട്ടികള്‍ ഫുട്‌ബാള്‍ പരിശീലനം നടത്തുന്ന അരിമ്പ്ര ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് നടന്ന ചടങ്ങില്‍ അക്കാദമിയുടെ അണ്ടര്‍ 19 ടീം ക്യാപ്റ്റന്‍ കെ.ടി. അബ്ദുല്‍ വാഹിദില്‍നിന്ന് റസിയ ചികിത്സ സഹായ സമിതിക്കുവേണ്ടി മൊറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൊറ്റമ്മല്‍ സുനീറ തുക ഏറ്റുവാങ്ങി. ജില്ല ഫുട്‌ബാള്‍ അസോസിയേഷന്‍ സെക്രട്ടറി ഡോ. പി.എം. സുധീര്‍ കുമാര്‍, സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ഡോ. സി.ടി. അജ്മല്‍, പ്രന്‍സിപ്പല്‍ എന്‍. അലി, മിഷന്‍ സോക്കര്‍ അക്കാദമി പ്രസിഡന്റ് എം. അസ്‌ലം ഖാന്‍, പി. ബഷീര്‍, എന്‍.കെ. ഇബ്രാഹീം, വി.ടി. ശിഹാബ് തുടങ്ങിയവരും ഫുട്‌ബാൾ താരങ്ങളും പരിശീലകരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.