ന്യൂഡൽഹി: സ്പാനിഷ് ഇതിഹാസം ചാവി ഹെർണാണ്ടസിന്റെ പേരിൽ വ്യാജ അപേക്ഷ മുതൽ അടിമുടി വിവാദങ്ങൾ നിറഞ്ഞ ഇന്ത്യൻ ഫുട്ബാൾ ടീം കോച്ച് തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിൽ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 170ഓളം പേർ അപേക്ഷിച്ച മത്സരത്തിനൊടുവിൽ പുതിയ കോച്ചിനെ ആഗസ്റ്റ് ഒന്നിന് പ്രഖ്യാപിക്കും. ടെക്നികൽ കമ്മിറ്റിയുടെ പരിശോധനക്കു ശേഷം മൂന്ന് പേരുകളാണ് നിലവിൽ ഇന്ത്യൻ കോച്ച് സ്ഥാനത്തേക്ക് പരിഗണിക്കനായി സമർപ്പിച്ചത്. വെള്ളിയാഴ്ച ചേരുന്ന അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിക്കാണ് അന്തിമ തെരഞ്ഞെടുപ്പിനുള്ള ചുമതല.
മൂന്നുപേരുടെ പട്ടികയിൽ മുൻ ഇന്ത്യൻ താരവും ഐ.എസ്.എൽ ടീമുകളുടെ പരിശീലകനുമായ ഖാലിദ് ജമീലാണ് മുൻനിരയിലുള്ളത്. മുൻ ഇന്ത്യൻ പരിശീലകൻ ഇംഗ്ലണ്ടുകാരായ സ്റ്റീഫൻ കോൺസ്റ്റൈന്റൻ, സ്പാനിഷുകാരനായ സ്റ്റെഫാൻ ടർകോവിച് എന്നിവരാണ് മറ്റു രണ്ടുപേർ.
ഐ.എം വിജയൻ നേതൃത്വം നൽകുന്ന ടെക്നികൽ കമ്മിറ്റിയാണ് മൂന്ന് പേരുകൾ ശിപാർശ ചെയ്തത്. ഖാലിദ് ജമീലിനു ശേഷം പട്ടികയിലെ പ്രധാന പേര് കോൺസ്റ്റൈന്റൈന്റതാണ്.
48കാരനായ ഖാലിദ് ജമീൽ നിലവിൽ ജാംഷഡ്പൂർ എഫ്.സിയുടെ കോച്ചാണ്. അടുത്ത ഒക്ടോബറിൽ ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളുള്ളതിനാൽ പുതിയ കോച്ചിന് മുന്നിലെ ചുമതലകൾ ഏറെയാണ്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പും, സ്ഥാനമേൽക്കലും വൈകില്ല.
മുൻ ഇന്ത്യൻ മധ്യനിര താരമായ ഖാലിദ് എ.എഫ്.സി പ്രഫഷണൽ ലൈസൻസുള്ള പരിശീലകനാണ്. രണ്ടു സീസണുകളിൽ അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷന്റെ മികച്ച കോച്ചിനുള്ള പുരസ്കാരങ്ങളും നേടിയിരുന്നു.
മനോലോ മാർക്വസ് സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് ഇന്ത്യ പുതിയ കോച്ചിനെ തേടുന്നത്. ഒരേസമയം എഫ്.സി ഗോവയുടെയും ദേശീയ ടീമിെൻറയും ചുമതലകൾ വഹിച്ച സാഹസവും അദ്ദേഹം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.