സലാഹിന്‍റെ ഈജിപ്തിനെ വീഴ്ത്തി സെനഗാൾ ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിൽ, വിജയഗോൾ നേടി മാനെ

റബാത്ത്: സൂപ്പർതാരം മുഹമ്മദ് സലാഹിന്‍റെയും ഈജിപ്തിന്‍റെയും കിരീടമോഹങ്ങൾ തല്ലിക്കെടുത്തി സാദിയോ മാനെയും സംഘവും ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിൽ. ആഫ്രിക്കൻ കരുത്തന്മാർ അണിനിരന്ന സെമി ഫൈനൽ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് സെനഗാൾ ഈജിപ്ത് വെല്ലുവിളി മറികടന്നത്. മറ്റൊരു മത്സരത്തിൽ നൈജീരിയയെ ഷൂട്ടൗട്ടിൽ വീഴ്ത്തി ആതിഥേയരായ മൊറോക്കൊയും കലാശപ്പോരിന് ടിക്കറ്റെടുത്തു.

വെറ്ററൻ താരം മാനെയാണ് സെനഗാളിന്‍റെ വിജയഗോൾ നേടിയത്. മത്സരത്തിന്‍റെ 78ാം മിനിറ്റിലായിരുന്നു ഗോൾ. താരത്തിന്‍റെ അവസാന ടൂർണമെന്‍റാണിത്. പന്തടക്കത്തിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും ഉൾപ്പെടെ സമസ്ത മേഖലയിലും ആധിപത്യം പുലർത്തിയാണ് സെനഗാൾ അർഹിച്ച വിജയം നേടിയത്. 2022 ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിലും 2022 ലോകകപ്പ് പ്ലേ ഓഫിലും സെനഗാൾ ഈജിപ്തിനെ പരാജയപ്പെടുത്തിയിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു ഈ രണ്ടു വിജയങ്ങളും.

ടൂർണമെന്‍റിന്‍റെ ചരിത്രത്തിൽ നാലാം തവണയാണ് സെനഗാൾ ഫൈനൽ കളിക്കുന്നത്. 2002ൽ കാമറൂണിനോടും 2019ൽ അൾജീരിയയോടും തോറ്റു. 2021ൽ ഈജിപ്തിനെ വീഴ്ത്തി ആദ്യമായി കിരീടത്തിൽ മുത്തമിട്ടു. ഈജിപ്ത് നായകൻ സലാഹിനെ പൂട്ടുന്നതിൽ സെനഗാൾ പ്രതിരോധം വിജയിച്ചു. മത്സരത്തിൽ മഞ്ഞ കാർഡ് വാങ്ങിയ സെനഗാളിന്‍റെ വെറ്ററൻ പ്രതിരോധ താരം കാലിദൂ കൂലിബാലിക്ക് ഫൈനൽ മത്സരത്തിൽ കളിക്കാനാകില്ല.

ആദ്യ പകുതിയിൽ നിരവധി അവസരങ്ങളുണ്ടായിട്ടും സെനഗാളിന് വലകുലുക്കാനായില്ല. ആദ്യ പകുതിയുടെ ഇൻജുറി ടൈമിലാണ് സെനഗാൾ പ്രതിരോധത്തെ ഈജിപ്ത് ആദ്യമായി വെല്ലുവിളിക്കുന്നത്. എന്നാൽ, ബോക്സിനു തൊട്ടുവെളിയിൽനിന്നുള്ള സലാഹിന്‍റെ ഫ്രീകിക്ക് കാര്യമായ ചലനമുണ്ടാക്കിയില്ല. നിശ്ചിമ സമയം അവസാനിക്കാൻ 12 മിനിറ്റ് ബാക്കി നിൽക്കെ സെനഗാളിന്‍റെ അറ്റാക്കിങ് ഫുട്ബാളിന് ഫലം ലഭിച്ചു. ബോക്സിനു വെളിയിൽനിന്നുള്ള കമാറയുടെ ലോങ് റേഞ്ച് ഷോട്ട് ഈജിപ്ത് താരത്തിന്‍റെ ശരീരത്തിൽ തട്ടി പന്ത് ഗതിമാറി വീണത് തൊട്ടു മുന്നിലുണ്ടായിരുന്നു മാനെയുടെ മുമ്പിൽ. ഒട്ടും വൈകാതെ താരം തൊടുത്ത നിലംപറ്റെയുള്ള ഷോട്ട് ഗോളിയെയും കാഴ്ചക്കാരനാക്കി വലയിൽ.

മോറോക്കോ-നൈജീരിയ പോരാട്ടത്തിന്‍റെ നിശ്ചിത സമയത്ത് ഇരുടീമുകളും ഗോൾരഹിത സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്. 2-4 എന്ന സ്കോറിനായിരുന്നു മൊറോക്കോയുടെ ഫൈനൽ പ്രവേശനം. ഞായറാഴ്ചയാണ് ഫൈനൽ.

Tags:    
News Summary - AFCON 2025: Senegal beats Egypt to seal final spot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.