കുവൈത്ത് ടീം പരിശീലനത്തിൽ

എ.എഫ്.സി ഫുട്സാൽ ഏഷ്യൻ കപ്പ് ചാമ്പ്യൻഷിപ്പിന് ചൊവ്വാഴ്ച കുവൈത്തിൽ തുടക്കമാകും

കുവൈത്ത് സിറ്റി: കുഞ്ഞുകളത്തിലെ 'കുട്ടി ഫുട്ബാൾ' മത്സരമായ ഫുട്സാലിന് ചൊവ്വാഴ്ച മുതൽ കുവൈത്തിൽ ആരവമുയരും. ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ (എ.എഫ്.സി) 17ാമത് ഫുട്സാൽ ചാമ്പ്യൻഷിപ്പിന് ചൊവ്വാഴ്ച കുവൈത്തിൽ തുടക്കമാകും. കുവൈത്ത് സിറ്റിയിലെ ശൈഖ് സാദ് അൽ അബ്ദുല്ല സ്പോട്സ് കോംപ്ലക്സ് ഹാളിലാണ് മത്സരങ്ങൾ. ഒക്ടോബർ എട്ടുവരെ നീളുന്ന ചാമ്പ്യൻഷിപ്പിൽ നാലു ഗ്രൂപ്പുകളിലായി 16 രാജ്യങ്ങൾ ഏറ്റുമുട്ടും. ഇറാഖ്, തായ്‍ലൻഡ്, ഒമാൻ എന്നിവർ ഉൾപ്പെടുന്ന ഗ്രൂപ് എയിലാണ് കുവൈത്ത്. ഗ്രൂപ് ബിയിൽ ഉസ്ബകിസ്താൻ, ബഹ്റൈൻ, താജികിസ്താൻ, തുർക്മെനിസ്താൻ എന്നിവരാണുള്ളത്. ഇറാൻ, ലബനാൻ, ചൈന, ഇന്തോനേഷ്യ എന്നീ രാഷ്ട്രങ്ങൾ ഗ്രൂപ് സിയിലാണ്. ജപ്പാൻ, വിയറ്റ്നാം, സൗത്ത് കൊറിയ, സൗദി അറേബ്യ എന്നിവ ഉൾക്കൊള്ളുന്നതാണ് ഗ്രൂപ് ഡി.

ആദ്യ റൗണ്ടിൽ ഓരോ ഗ്രൂപ്പിലെയും ടീമുകൾ പരസ്പരം മത്സരിക്കും. ഇതിൽ കൂടുതൽ പോയന്റുള്ള രണ്ടു ടീമുകൾ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യതനേടും. ഉദ്ഘാടനദിനത്തിൽ ഒമാനുമായാണ് കുവൈത്തിന്റെ ആദ്യ മത്സരം. 29ന് തായ്‍ലൻഡിനെയും ഒക്ടോബർ ഒന്നിന് ഇറാഖിനെയും നേരിടും. ഒക്ടോബർ നാലിന് ക്വാർട്ടർ ഫൈനലും ആറിന് സെമിഫൈനലും എട്ടിന് ഫൈനലും നടക്കും. ഇറാനാണ് നിലവിലെ ചാമ്പ്യന്മാർ. കോവിഡ് കാരണം കഴിഞ്ഞ രണ്ടു വർഷമായി ചാമ്പ്യൻഷിപ് മാറ്റിവെക്കുകയായിരുന്നു.

കുവൈത്ത് ടീം സജ്ജം

ചൊവ്വാഴ്ച ആരംഭിക്കുന്ന എ.എഫ്.സി മത്സരങ്ങൾക്ക് കുവൈത്ത് ടീം സജ്ജമായതായി കോച്ച് ഹുസൈൻ ഹബീബ് പറഞ്ഞു. ദിവസങ്ങളായി ടീം പരിശീലനത്തിലാണെന്നും സ്വന്തം കാണികൾക്കു മുന്നിൽ മികവാർന്ന പ്രകടനം നടത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. ടൂർണമെന്റിലെ മികച്ച ടീമുകളിലൊന്നാണ് കുവൈത്ത്. ഹംഗറി, ഉസ്ബകിസ്താൻ, സ്‍പെയിൻ എന്നിവയുമായി സൗഹൃദ മത്സരങ്ങൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. അടുത്തിടെ നടന്ന ഗൾഫ് ഗെയിസ്, വെസ്റ്റ് ഏഷ്യ ടൂർണമെന്റ് എന്നിവയിൽ കുവൈത്ത് ടീം ജേതാക്കളായിരുന്നു. അതേസമയം 2014ലാണ് കുവൈത്ത് അവസാനമായി എ.എഫ്.സി ടൂർണമെന്റിൽ ഇറങ്ങിയത്. 2003, 2014 ടൂർണമെന്റുകളിൽ നാലാം സഥാനത്തെത്തിയതാണ് മികച്ച നേട്ടം.

Tags:    
News Summary - AFC Futsal Asian Cup Championship will begin on Tuesday in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.