ആരാധകരെ സന്തോഷിപ്പിൻ! ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല; 2027 വരെ ക്ലബിനൊപ്പം തുടരും

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സുമായുള്ള കരാർ പുതുക്കി നായകനും സൂപ്പർതാരവുമായ അഡ്രിയാൻ ലൂണ. 2027 സീസൺ വരെ യുറുഗ്വായ് താരം ക്ലബിനൊപ്പം തുടരും.

ലൂണ ക്ലബ് വിട്ടേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ബ്ലാസ്റ്റേഴ്സ് അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലാണ് താരവുമായുള്ള കരാർ നീട്ടിയ വിവരം അറിയിച്ചത്. ക്ലബിന് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച വിദേശ താരമാണ് ലൂണ. കഴിഞ്ഞ മൂന്നു സീസണുകളിലും ക്ലബിനായി ഉജ്ജ്വല പ്രകടനമാണ് താരം പുറത്തെടുത്തത്. 2021ൽ മെൽബൺ സിറ്റി എഫ്.സി വിട്ടാണ് ബ്ലാസ്റ്റേഴ്സില്‍ ചേർന്നത്.

കഴിഞ്ഞ സീസണിൽ കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് പകുതിയോളം മത്സരങ്ങൾ താരത്തിന് നഷ്ടമായിരുന്നു. പത്ത് മത്സരങ്ങൾ കളിച്ച താരം മൂന്നു ഗോളുകൾ നേടി. നാല് ഗോളിന് വഴിയൊരുക്കുകയും ചെയ്തു. ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ കടന്നതിന് പിന്നാലെ പരിക്കിൽനിന്ന് മോചിതനായ താരം തിരിച്ചെത്തി. എങ്കിലും കുറച്ച് സമയം മാത്രമാണ് കളത്തിലിറങ്ങിയത്. സീസണിന്‍റെ തുടക്കത്തിൽ മികച്ച പ്രകടനം നടത്തിയിരുന്നു മഞ്ഞപ്പട, രണ്ടാംഘട്ടത്തിൽ ലൂണയുടെ അഭാവത്തിൽ നിറംമങ്ങി. മൂന്ന് സീസണുകളിലുമായി 57 മത്സരങ്ങളാണ് ലൂണ ബ്ലാസ്റ്റേഴ്സിനായി കളിച്ചത്. ഇതിൽ 15 ഗോളുകളും 18 അസിസ്റ്റുകളും നേടാൻ താരത്തിനായി.

മൈതാനത്തിനകത്തും പുറത്തും ക്ലബിന് വേണ്ടി അസാധാരണമായ പ്രകടനവും നേതൃത്വപാടവവും അർപ്പണബോധവും പ്രകടിപ്പിക്കുന്ന താരമാണ് ലൂണയെന്ന് ബ്ലാസ്റ്റേഴ്സ് അധികൃതർ‌ പറഞ്ഞു. താരത്തിന്റെ ശ്രദ്ധേയമായ പ്രകടനങ്ങൾ ആരാധകരുടെ പ്രശംസക്കൊപ്പം ഇന്ത്യൻ സൂപ്പർ ലീഗിലെ പ്രധാന കളിക്കാരനെന്ന പദവി നേടി കൊടുക്കുകയും ചെയ്തതായും ബ്ലാസ്റ്റേഴ്സ് അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു. ബ്ലാസ്റ്റേഴ്സ് എഫ്.സിയെ ലീഗില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ക്ലബ് വ്യക്തമാക്കി

Tags:    
News Summary - Adrian Luna won't leave the club; The contract has been extended until 2027

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.