ചെന്നൈ: ഐ.എസ്.എല്ലിൽ ആദ്യമായി ചൈന്നെയിൻ എഫ്.സിയെ അവരുടെ തട്ടകത്തിൽ തകർത്തുവിട്ടതിന്റെ ആവേശം ചോർത്തികളയുന്ന ഒരു കൈയാങ്കളിയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങൾ തമ്മിലുണ്ടായത്. നായകൻ അഡ്രിയാൻ ലൂനയും പകരക്കാരനായി കളത്തിലിറങ്ങിയ നോഹ സദോയിയുമാണ് കൊമ്പുകോർത്തത്.
മത്സരത്തിന് ശേഷം തെറ്റ് ഏറ്റുപറഞ്ഞ് നായകൻ ലൂന രംഗത്തെത്തി. തന്റെ ഭാഗത്ത് നിന്നുണ്ടായത് ശരിയായ നടപടിയായിരുന്നില്ലെന്നും താൻ നോഹയോട് സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ലൂന ഖേദപ്രകടനം നടത്തി.
തനിക്ക് പാസ് തരാത്തതില്ല ദേഷ്യപ്പെട്ടത്. ഫ്രീയായി ബോക്സിൽ നിൽക്കുന്നയാൾക്ക് പാസ് നൽകാത്തതാണ് വേദനിപ്പിച്ചത്. ക്യാപ്റ്റൻ എന്ന നല്ല മാതൃകയാകേണ്ടയാളായ താൻ അങ്ങനെ പ്രതികരിച്ച് ശരിയായില്ലെന്ന് ലൂന മത്സര ശേഷം പറഞ്ഞു.
ണ്ടാം പകുതിയുടെ ഇൻജുറി ടൈമിൽ (90+4) ബ്ലാസ്റ്റേഴ്സ് നായകൻ അഡ്രിയാൻ ലൂനയും പകരക്കാരനായി കളത്തിലിറങ്ങിയ നോഹ സദോയിയും ഏറ്റുമുട്ടിയത്.
മുഹമ്മദ് അസ്ഹർ നൽകിയ പന്തുമായി മുന്നേറിയ നോഹക്ക് ഗോളടിക്കാനുള്ള സുവർണാവസരം ലഭിച്ചെങ്കിലും താരത്തിന്‍റെ ഷോട്ട് പോസ്റ്റിനു മുകളിലൂടെ പുറത്തേക്ക് പോയി. ഈസമയം ബ്ലാസ്റ്റേഴ്സ് താരങ്ങളായ ലൂനയും ഇഷാൻ പണ്ഡിതയും ആരാലും മാർക്ക് ചെയ്യപ്പെടാതെ ബോക്സിനുള്ളിലുണ്ടായിരുന്നു. പാസ് കൊടുക്കാതെ നല്ലൊരു അവസരം നഷ്ടപ്പെടുത്തിയതിന്‍റെ നീരസത്തിലാണ് ലൂന സദോയിയുമായി കൊമ്പുകോർത്തത്. ലൂന ദേഷ്യത്തിൽ നോഹയുടെ അടുത്തേക്ക് ചെന്ന് അദ്ദേഹവുമായി തർക്കിച്ചു. പിന്നാലെ നോഹയും കയർത്തു. ഇരുവരും ദേഷ്യത്തോടെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. സഹതാരങ്ങൾ ഇടപെട്ടാണ് ഇരുവരെയും പിന്തിരിപ്പിച്ചത്.
ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ചെന്നൈയിൻ എഫ്.സിക്കെതിരെ ആദ്യമായാണ് മഞ്ഞപ്പട ഒരു മത്സരം ജയിക്കുന്നത്. അതും ഒന്നിനെതിരെ മൂന്നു ഗോളുകളുടെ ഗംഭീര ജയം. ജീസസ് ജിമിനസും കോറോ സിങ്ങും ക്വാമി പെപ്രയുമാണ് ബ്ലാസ്റ്റേഴ്സിനായി വലകുലുക്കിയത്. വിൻസി ബെരേറ്റ ആതിഥേയർക്കായി ആശ്വാസ ഗോൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.