ലൂണ ടീമിൽ, ഡയമന്റകോസ് കളിക്കില്ല; ഒഡിഷക്കെതിരെ ജയിച്ചാൽ ബ്ലാസ്റ്റേഴ്സ് സെമിയിൽ

ഭുവനേശ്വർ: ഐ.എസ്.എൽ ആദ്യ പ്ലേഓഫിൽ കേരള ബ്ലാസ്റ്റേഴ്സ് ഒഡിഷ എഫ്.സിയെ നേരിടാനിരിക്കെ ആരാധകർക്ക് സന്തോഷവാർത്ത. സൂപ്പർതാരം അഡ്രിയാൻ ലൂണ ടീമിലിടം നേടി. പകരക്കാരുടെ ബെഞ്ചിലാണ് താരമുള്ളത്. പരിക്കേറ്റ് ആറു മാസത്തോളം പുറത്തിരുന്നശേഷമാണ് ലൂണ ടീമിൽ മടങ്ങിയെത്തുന്നത്.

ലൂണയുടെ സാന്നിധ്യം ടീമിന് വലിയ ആത്മവിശ്വാസം നൽകും. പരിക്കേറ്റ ദിമത്രിയോസ് ഡയമന്റകോസ് ടീമിലില്ല. മത്സരത്തിൽ ജയിക്കുന്നവർ നിലവിലെ ജേതാക്കളായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സുമായി സെമിയിൽ ഏറ്റുമുട്ടും. മുഹമ്മദ് അയ്മനാണ് ടീമിലെ സ്ട്രൈക്കർ. മലയാളി താരം രാഹുലും പകരക്കാരുടെ ബെഞ്ചിലാണ്. പകരക്കാരനായി രണ്ടാം പകുതിയിൽ ലൂണ കളിക്കുമെന്ന് പരിശീലകൻ ഇവാൻ വുകോമാനോവിച്ച് പറഞ്ഞിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പ്രബീർദാസും ടീമിന് പുറത്താണ്.

സീസണിൽ ഗംഭീരമായി തുടങ്ങിയ ബ്ലാസ്റ്റേഴ്സിന് താരങ്ങളുടെ പരിക്കാണ് വലിയ വെല്ലുവിളിയായത്. എവേ ഗ്രൗണ്ടിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനുമായില്ല. കഴിഞ്ഞ കളിയിൽ ഹൈദരാബാദിനെ എവേ മൈതാനത്ത് കീഴടക്കിയതിന്റെ ആശ്വാസം ടീമിനുണ്ട്. പരസ്പരം ഏറ്റുമുട്ടിയ കഴിഞ്ഞ ഏഴ് കളികളിൽ ഒഡിഷക്ക് ബ്ലാസ്റ്റേഴ്സിനെ തോൽപിക്കാനായത് രണ്ടുതവണ മാത്രമാണെന്നത് മറ്റൊരാശ്വാസമാണ്. അടുത്തിടെ നടന്ന മത്സരങ്ങളിൽ ഒഡിഷക്ക് കൂടുതൽ വിജയങ്ങൾ നേടാനായിട്ടുമില്ല. അതേസമയം, കലിംഗയിൽ കഴിഞ്ഞ രണ്ട് മത്സരങ്ങളും ഒഡിഷയോട് തോൽക്കാനായിരുന്നു വിധി. ടീം വഴങ്ങിയ 31 ഗോളുകളിൽ 39 ശതമാനവും സെറ്റ്പീസുകളിൽ നിന്നുള്ളതാണ്.

ഒഡിഷ സ്ട്രൈക്കർമാരായ ഡീഗോ മൗറീഷ്യോയും റോയ് കൃഷ്ണയും ശക്തരാണെങ്കിലും ഗോളുകൾ കണ്ടെത്താൻ മറക്കുന്നത് ഒഡിഷക്ക് തലവേദനയാണ്. നോർത്ത് ഈസ്റ്റ് യുനൈറ്റഡിനോട് തോറ്റാണ് സെർജിയോ ലെബേറ പരിശീലിപ്പിക്കുന്ന ഒഡിഷയുടെ വരവ്. 22 കളികളിൽ 39 പോയന്റുമായി നാലാം സ്ഥാനത്തായി ഇവർ. 33 പോയന്റാണ് അഞ്ചാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. ജയിക്കാൻ സജ്ജരായി നിൽകുകയാണെന്ന് മലയാളി താരം മുഹമ്മദ് അയ്മൻ പറഞ്ഞു.

ബ്ലാസ്റ്റേഴ്സ് പ്ലേയിങ് ഇലവൻ: ലാറ ശർമ (ഗോൾകീപ്പർ), സന്ദീപ് സിങ്, ലെസ്കോവിച്ച്, മിലോസ് ഡ്രിൻസിച്, ഹോർമിപാം, ഡെയ്സുകെ സകായ്, ഫ്രെഡ്ഡി, വിപിൻ മോഹനൻ, മുഹമ്മദ് അയ്മൻ, സൗരവ് മണ്ഡൽ, ഫോദോർ സെർനിച്.

സബ്: കരൺജീത്ത്, പ്രീതം, മുഹമ്മദ് അസ്ഹർ, ഡാനിഷ്, ജീക്സൺ, രാഹുൽ, നിഹാൽ, ലൂണ, ഇഷാൻ.

Tags:    
News Summary - Adrian Luna in the team; If they win against Odisha, Blasters will be in the semi-finals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT