'കടുവകളെ കൂട്ടിലാക്കി' ഇംഗ്ലണ്ട് വിജയവഴിയിൽ; 137 റൺസിന്റെ തകർപ്പൻ ജയം

ധർമശാല: ഓപണർ ഡേവിഡ് മലന്റെ അപരാജിത സെഞ്ച്വറിയുടെ മികവിൽ ഇംഗ്ലണ്ട് കെട്ടിപ്പൊക്കിയ കൂറ്റൻ വിജയ ലക്ഷ്യം എത്തിപിടിക്കാനാവാതെ ബംഗ്ലാദേശ് വീണു. 365 റൺസെന്ന വിജയ ലക്ഷ്യം തേടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ഇന്നിങ്സ് 48.2 ഓവറിൽ 227 റൺസിന് അവസാനിച്ചു. 137 റൺസിന്റെ ഗംഭീര ജയത്തോടെയാണ് ഇംഗ്ലണ്ട് ലോകകപ്പിൽ വിജയവഴിയിലെത്തി. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോട് ഒമ്പത് വിക്കറ്റിന് അടിയറവ് പറഞ്ഞ ഇംഗ്ലണ്ടിന്റെ ഗംഭീര തിരിച്ച് വരവാണ് ധർമശാലയിൽ കണ്ടത്. 76 റൺസെടുത്ത ലിട്ടൻ ദാസും 51 മുഷ്ഫിഖുർ റഹീമും 39 റൺസെടുത്ത തൗഹിദ് ഹ്രിദോയുമാണ് ബംഗ്ലാ നിരയിൽ തിളങ്ങിയത്. ഇംഗ്ലണ്ടിന് വേണ്ടി റീസ് ടോപ്ലി നാല് വിക്കറ്റെടുത്തു.

നേരത്തെ, ടോസ് നേടി ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കാനുള്ള ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാകിബുൽ ഹസന്റെ തീരുമാനം തെറ്റിയെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു ഇംഗ്ലണ്ടിന്റെത്.

ഓപണർമാരായ ജോണി ബെയർസ്റ്റോയും ഡേവിഡ് മലനും ചേർന്ന് ബംഗ്ലാദേശ് ബൗളർമാരെ നിർദയം പ്രഹരിച്ചപ്പോൾ ഓപണിങ് വിക്കറ്റിൽ പിറന്നത് 17.5 ഓവറിൽ 115 റൺസായിരുന്നു. ബെയർസ്റ്റോ മടങ്ങിയ ശേഷം എത്തിയ ജോ റൂട്ട് അതിനേക്കാൾ ആവേശത്തിലായിരുന്നു. രണ്ടാം വിക്കറ്റിൽ 117 പന്തിൽ 151 റൺസ് മലനും റൂട്ടും ചേർന്ന് അടിച്ചെടുത്തു. 107 പന്തിൽ അഞ്ച് സിക്സും 16 ​ഫോറുമടക്കം 140 റൺസ് നേടി രണ്ടാമനായി ഡേവിഡ് മലൻ മടങ്ങുമ്പോൾ ഇംഗ്ലീഷുകാരുടെ സ്കോർ ബോർഡിൽ 37.2 ഓവറിൽ 266 റൺസ് പിറന്നിരുന്നു.

68 പന്തിൽ 82 റൺസെടുത്ത ജോ റൂട്ടും മടങ്ങിയതോടെ റൺനിരക്ക് താ​ഴാതിരിക്കാൻ തുടർന്നെത്തിയ ജോസ് ബട്‍ലറും ഹാരി ബ്രൂകും ശ്രമിച്ചു. എന്നാൽ, ഇരുവർക്കും അധികം ആയുസുണ്ടായില്ല. 20 റൺസ് വീതമെടുത്ത് ഇരുവരും മടങ്ങിയതോടെ ഇംഗ്ലണ്ടിന്റെ റണ്ണൊഴുക്കും നിലച്ചു. ലിയാം ലിവിങ്സ്റ്റൺ ആദ്യ പന്തിൽ തന്നെ പുറത്തായപ്പോൾ സാം കറൺ 11ഉം ക്രിസ് വോക്സ് 14ഉം ആദിൽ റാഷിദ് 11ഉം റൺസുമായി മടങ്ങി. ആറ് റൺസുമായി മാർക് വുഡും ഒരു റൺസുമായി റീസ് ടോപ്‍ലീയും പുറത്താകാതെ നിന്നു.

ബംഗ്ലാദേശിന് വേണ്ടി മെഹ്ദി ഹസൻ നാലും ഷോരിഫുൽ ഇസ്‍ലാം മൂന്നും വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ഷാകിബ് അൽ ഹസൻ, ടസ്കിൻ അഹ്മദ് എന്നിവർ ഓരോ വിക്കറ്റെടുത്തു. 

Tags:    
News Summary - England Beat Bangladesh By 137 Runs At Cricket World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.