765 റൺസ്, മൂന്നു സെഞ്ച്വറികൾ... ടൂർണമെന്‍റിന്‍റെ താരമായി കോഹ്‍ലി

അഹ്മദാബാദ്: കപ്പിനും ചുണ്ടിനുമരികെ കിരീടം കൈവിട്ടുപോയ ലോകകപ്പിൽ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത് വിരാട് കോഹ്‍ലി. ടൂർണ​മെന്റിൽ ഉടനീളം ഗംഭീര ഫോമിലായിരുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റന്റെ തകർപ്പൻ ബാറ്റിങ്ങാണ് ആതിഥേയരെ കലാശക്കളിയിലേക്ക് കൈപിടിച്ചുയർത്തിയത്. ഈ മികവിനാണ് ​െപ്ലയർ ഓഫ് ദ ടൂർണമെന്റ് പുരസ്കാരം കോഹ്‍ലിയെ തേടിയെത്തിയത്.

11 മത്സരങ്ങളിൽനിന്നായി 765 റൺസാണ് ‘കിങ് കോഹ്‍ലി’ അടിച്ചുകൂട്ടിയത്. ഉജ്ജ്വല ഫോമിലുള്ള ഇന്ത്യൻ താരം മൂന്നു സെഞ്ച്വറികളും ആറു അർധ സെഞ്ച്വറികളും ഉൾപ്പെടെയാണ് ഈ ലോകകപ്പിൽ ഇത്രയും റൺസ് അടിച്ചെടുത്തത്.

ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺനേടുന്ന കളിക്കാരനെന്ന റെക്കോർഡും ക്രീസിലെ ഈ പടയോട്ടത്തിനിടയിൽ കോഹ്‍ലി സ്വന്തമാക്കി. 95.65 ശരാശരിയിലാണ് 765 റൺസ് വാരിക്കൂട്ടിയത്. 90.3 സ്ട്രൈക്ക് റേറ്റിലാണിത്. ഫൈനലിൽ ആസ്ട്രേലിയക്കെതിരെ ബാറ്റിങ് ദുഷ്‍കരമായ ട്രാക്കിൽ 63 പന്തിലായിരുന്നു അർധശതകം.

ഈ ലോകകപ്പ് 35കാരനായ കോഹ്‍ലിയെ സംബന്ധിച്ചിടത്തോളം സവിശേഷമായ നേട്ടങ്ങളുടേതാണ്. ഇതിഹാസ താരം സചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് മറികടന്ന് ഏകദിനത്തിൽ 50 സെഞ്ച്വറി തികക്കുന്ന ആദ്യ കളിക്കാരനായി കോഹ്‍ലി ചരിത്രത്തിൽ ഇടംനേടിയത് ഈ ലോകകപ്പ് കാലത്താണ്. എങ്കിലും, തകർപ്പൻ ഫോമിലായിരുന്ന ടീം കിരീടത്തിന് തൊട്ടരികെ കലാശ​പ്പോരിൽ പരാജയപ്പെട്ടതിനു പിന്നാലെ ഏറെ നിരാശനായിരുന്നു കോഹ്‍ലി. ഫൈനലിൽ ആദ്യം ബാറ്റുചെയ്ത് 240 റൺസിന് പുറത്തായ ഇന്ത്യക്കെതിരെ ട്രാവിസ് ഹെഡിന്റെ തകർപ്പൻ സെഞ്ച്വറിയുടെ പിൻബലത്തിൽ ആറുവിക്കറ്റിനാണ് ആസ്ട്രേലിയ ആറാം തവണ ലോകകപ്പിൽ മുത്തമിട്ടത്.

Tags:    
News Summary - Virat Kohli awarded with player of the tournament award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.