'ഇന്ത്യക്ക് ഹെഡ് ഇഞ്ച്വറി'; ലോകകപ്പ് ആസ്ട്രേലിയക്ക്

അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റിന്റെ വിശ്വകിരീടത്തിൽ മൂന്നാം മുത്തമെന്ന 140 കോടി ജനങ്ങളുടെ സ്വപ്നങ്ങളെ തകർത്ത് ആസ്ട്രേലിയ കിരീടം റാഞ്ചി. ഇത് ആറാം തവണയാണ് ഏകദിന ലോകകപ്പ് കിരീടം ഓസീസ് ഷോക്കേസിലെത്തുന്നത്. വിശ്വം ജയിച്ച് കലാശപ്പോരിനിറങ്ങിയ ഇന്ത്യയെ ആറ് വിക്കറ്റിനാണ് ആസ്ട്രേലിയ തകർത്തത്. 

തകർപ്പൻ സെഞ്ച്വറിയുമായി കളം നിറഞ്ഞ് കളിച്ച ഓപണർ ട്രാവിസ് ഹെഡാണ് (137) നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ആതിഥേയരുടെ കണ്ണീർ വീഴ്ത്തിയത്. കൂട്ടിന് അർധ സെഞ്ച്വറിയുമായി (58*) ഓസീസ് മധ്യനിര ബാറ്റർ ലബൂഷെയ്നും ഉണ്ടായിരുന്നു. ഇന്ത്യ ഉയർത്തിയ 241 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് 43 ഒാവറിൽ നാല് വിക്കറ്റ് നഷ്ത്തിൽ ലക്ഷ്യം കണ്ടു. 47 റൺസിന് മൂന്ന് വിക്കറ്റെന്ന് പരാജയ മുഖത്ത് നിന്നാണ് ട്രാവിസ് ഹെഡും മാർനസ് ലബൂഷെയ്നും ചേർന്ന് ഓസീസിനെ വിജയത്തിലേക്കി കൈപിടിച്ച് ഉയർത്തുന്നത്.   


തകർച്ചയോടെ തുടങ്ങിയ ഓസീസ്

ഇന്ത്യ മുന്നോട്ട് വെച്ച 241 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആസ്ട്രേലിയക്ക് 47 റൺസെടുക്കുന്നതിനിടെയാണ് മൂന്ന് വിക്കറ്റ് നഷ്ടമായത്. ഓപണർ ഡേവിഡ് വാർണറും വൺഡൗണായെത്തിയ മിച്ചൽ മാർഷും മുൻ നായകൻ സ്റ്റീവൻ സ്മിത്തുമാണ് പുറത്തായത്. തകർപ്പനടികളിലൂടെ തുടങ്ങിയ ആസ്ട്രേലിയക്ക് ആദ്യ പ്രഹരമേൽപിച്ചത് മുഹമ്മദ് ഷമിയായിരുന്നു. മൂന്ന് പന്തിൽ ഒരു ഫോറടക്കം ഏഴ് റൺസെടുത്ത വാർണറെ ഷമി വിരാട് കോഹ്‍ലിയുടെ കൈയിലെത്തിക്കുകയായിരുന്നു.

ആദ്യ ഓവറിൽ 15 റൺസ് വഴങ്ങിയ ബുംറ പിന്നീട് താളം കണ്ടെത്തിയതോടെ രണ്ടാം വിക്കറ്റും വീണു. 15 പന്തിൽ അത്രയും റൺസെടുത്ത മാർഷിനെ ബുംറ വിക്കറ്റ് കീപ്പർ കെ.എൽ രാഹുലിന്റെ കൈയിലെത്തിക്കുകയായിരുന്നു. തുടർന്നെത്തിയ സ്റ്റീവൻ സ്മിത്തിനെയും നിലയുറപ്പിക്കും മുമ്പ് ബുംറ മടക്കി. ഏഴാം ഓവറിലെ അവസാന പന്തിൽ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. തുടർന്ന് ലബൂഷെയ്നെ കൂട്ടുനിർത്തി ട്രാവിസ് പതിഞ്ഞ താളത്തിൽ തുടങ്ങി സംഹാരതാണ്ഡവമാടുകയായിരുന്നു. 47 ൽ മൂന്ന് എന്ന നിലയിൽ തുടങ്ങി ആ കൂട്ടുക്കെട്ട് പിരിയുന്നത് വിജയത്തിന് രണ്ട് റൺസ് അകലെ 239 റൺസിലെത്തിയപ്പോഴാണ്.  120 പന്തിൽ നാല് സിക്സും 15 ഫോറും ഉൾപ്പെടെ 137 റൺസെടുത്ത ട്രാവിസ് ഹെഡിനെ മുഹമ്മദ് സിറാജിന്റെ പന്തിൽ ശുഭ്മാൻ ഗിൽ പിടിച്ച് പുറത്താക്കുയായിരുന്നു. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ രണ്ടും മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.

ബാറ്റിങ്ങിൽ കൈവിട്ട കളി

സ്വന്തം മണ്ണിൽ മൂന്നാം ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 240 റൺസാണ് നേടിയത്. കെ.എൽ രാഹുലും വിരാട് കോഹ്‍ലിയും നേടിയ അർധസെഞ്ച്വറികളാണ് ഇന്ത്യയെ തകർച്ചയിൽനിന്ന് കരകയറ്റിയത്. തരക്കേടില്ലാത്ത തുടക്കമാണ് ഇന്ത്യക്കായി ഓപണർമാർ നൽകിയത്. 4.2 ഓവറിൽ 30 റൺസ്​ നേടിയ രോഹിത്-ഗിൽ സഖ്യം പൊളിച്ചത് മിച്ചൽ സ്റ്റാർക്കാണ്. ഏഴ് പന്തിൽ നാല് റൺസെടുത്ത ഗില്ലിനെ ലോങ് ഓണിൽ ആദം സാംബയുടെ കൈയിലെത്തിക്കുകയായിരുന്നു.

എന്നാൽ, പതിവുപോലെ ആക്രമണ മൂഡിലായിരുന്ന ക്യാപ്റ്റൻ രോഹിത് ശർമയെ ​െഗ്ലൻ മാക്സ് വെൽ വീഴ്ത്തി. പത്താം ഓവറിൽ മാക്സ്വെല്ലിന്റെ രണ്ടാം പന്ത് സിക്സും മൂന്നാം പന്ത് ഫോറുമടിച്ച രോഹിതിനെ നാലാം പന്തിൽ ട്രാവിസ് ഹെഡ് പിറകിലേക്കോടി അത്യുജ്വലമായി കൈയിലൊതുക്കുകയായിരുന്നു. 31 പന്തിൽ മൂന്ന് സിക്സും നാല് ഫേറുമടക്കം 47 റൺസാണ് രോഹിത് നേടിയത്. വൈകാതെ മൂന്നാം വിക്കറ്റും വീണു. മൂന്ന് പന്തിൽ നാല് ​റൺസെടുത്ത ശ്രേയസ് അയ്യരെ കമ്മിൻസിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസ് പിടികൂടുകയായിരുന്നു. മൂന്നിന് 81 എന്ന നിലയിൽ പ്രതിസന്ധിയിലായ ടീമിനെ പിന്നീട് വിരാട് കോഹ്‍ലിയും കെ.എൽ രാഹുലും ചേർന്ന് പതിയെ കരകയറ്റുകയായിരുന്നു.

63 പന്തിൽ നാല് ഫോറടക്കം 54 റൺസ് നേടിയ കോഹ്‍ലിയെ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസാണ് വീഴ്ത്തിയത്. കമ്മിൻസിന്റെ പന്ത് ബാറ്റിൽ തട്ടി സ്റ്റമ്പിൽ പതിക്കുകയായിരുന്നു. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 109 പന്തിൽ 67 റൺസ് ചേർത്താണ് പിരിഞ്ഞത്.

107 പന്തിൽ 66 റൺസ് നേടിയ രാഹുൽ മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസ് പിടികൂടിയാണ് മടങ്ങിയത്. ടീം തകർച്ചയിലേക്ക് നീങ്ങുമ്പോൾ ക്ഷമയോടെ പിടിച്ചുനിന്ന് 86 പന്തിൽ ഒറ്റ ഫോറിന്റെ മാത്രം അകമ്പടിയിലാണ് താരം 50ലെത്തിയത്.

22 പന്തിൽ ഒമ്പത് റൺസെടുത്ത രവീന്ദ്ര ജദേജയെ ഹേസൽവുഡിന്റെ പന്തിലും 10 പന്തിൽ ആറ് റൺസെടുത്ത മുഹമ്മദ് ഷമിയെ സ്റ്റാർക്കിന്റെ പന്തിലും വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസ് പിടികൂടിയപ്പോൾ ബുംറയെ ആദം സാംബ വിക്കറ്റിന് മുമ്പിൽ കുടുക്കുകയായിരുന്നു. പിന്നെയുള്ള പ്രതീക്ഷ മുഴുവൻ സൂര്യകുമാർ യാദവിലായിരുന്നു. എന്നാൽ, 28 പന്തിൽ ഒരു ഫോറടക്കം 18 റൺസെടുത്ത സൂര്യകുമാറിനെ ഹേസൽവുഡ് വിക്കറ്റ് കീപ്പറുടെ കൈയിലെത്തിച്ചു. അവസാന പന്തിൽ രണ്ട് റൺസ് ​ഓടിയെടുക്കാനുള്ള ശ്രമത്തിനിടെ കുൽദീപ് യാദവ് റണ്ണൗട്ടായി. മുഹമ്മദ് സിറാജ് ഒമ്പത് റൺസുമായി പുറത്താകാതെ നിന്നു.

ആസ്​ട്രേലിയക്കായി മിച്ചൽ സ്റ്റാർക്ക് മൂന്നും പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ് എന്നിവർ രണ്ട് വീതവും ​െഗ്ലൻ മാക്സ്വെൽ, ആദം സാംബ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. 


1987, 1999, 2003, 2007, 2015 വ​ർ​ഷ​ങ്ങ​ളി​ലും ആ​സ്ട്രേ​ലി​യ​ക്കാ​യി​രു​ന്നു കി​രീ​ടം. ഇ​ന്ത്യ​യു​ടെ മു​ഹ​മ്മ​ദ് ഷ​മി 24 വി​ക്ക​റ്റു​മാ​യി ടൂ​ർ​ണ​മെ​ന്റി​ൽ വി​ക്ക​റ്റ് വേ​ട്ട​യി​ൽ ഒ​ന്നാ​മ​നാ​യി. 765 റ​ൺ​സു​മാ​യി റ​ൺ​വേ​ട്ട​യി​ൽ കു​തി​ച്ച വി​രാ​ട് കോ​ഹ്‍ലി​യാ​ണ് ടൂ​ർ​ണ​മെ​ന്റി​ന്റെ താ​രം. ഒ​രു ലോ​ക​ക​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ റ​ൺ​സ് നേ​ടു​ന്ന താ​ര​മാ​യി കോ​ഹ്‍ലി.

 


Tags:    
News Summary - Australia beat India by six wickets to win the World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.