ഒറ്റ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ക്യാപ്റ്റൻ, സിക്സറിൽ വീണ്ടും നേട്ടം; രോഹിതിന് സ്വന്തമായത് നിരവധി റെക്കോഡുകൾ

അഹ്മദാബാദ്: ലോകകപ്പിൽ ആസ്ട്രേലിയക്കെതിരെ തകർപ്പനടികളിലൂടെ ഇന്ത്യക്ക് മികച്ച തുടക്കം നൽകിയ ക്യാപ്റ്റൻ രോഹിത് ശർമയെ തേടിയെത്തിയത് നിരവധി റെക്കോഡുകൾ. മൂന്ന് സിക്സടിച്ചതോടെ ഏകദിനത്തിൽ ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ സിക്സടിച്ച താരമെന്ന റെക്കോഡ് രോഹിത് സ്വന്തം പേരിലാക്കി. ഇംഗ്ലണ്ടിനെതിരെ 85 സിക്സ് നേടിയ വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയിലിനെയാണ് ആസ്ട്രേലിയക്കെതിരെ 86 സിക്സടിച്ച് രോഹിത് മറികടന്നത്. നേരത്തെ ലോകകപ്പിൽ 50 സിക്സ് നേടുന്ന ആദ്യ താരമെന്ന റെക്കോഡും രോഹിതിന്റെ പേരിലായിരുന്നു. 49 സിക്സ് നേടിയ ഗെയിലിനെ തന്നെയായിരുന്നു പിറകിലാക്കിയത്.

ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ക്യാപ്റ്റനെന്ന നേട്ടവും 36കാരൻ സ്വന്തമാക്കി. 2019ലെ ലോകകപ്പിൽ 578 റൺസ് നേടിയ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണെയാണ് പിറകിലാക്കിയത്. 594 റൺസാണ് രോഹിതിന്റെ സമ്പാദ്യം.

ഏകദിനത്തിലെ ഒറ്റ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഓപണർമാരിൽ രണ്ടാം സ്ഥാനത്തെത്തി രോഹിത്-ശുഭ്മൻ ഗിൽ കൂട്ടുകെട്ട്. 1523 റൺസാണ് ഈ സീസണിൽ സഖ്യം നേടിയത്. 1999ൽ ആദം ഗിൽക്രിസ്റ്റ്-മാർക് വോ സഖ്യം നേടിയ 1518 റൺസാണ് ഇരുവരും ചേർന്ന് മറികടന്നത്. 1998ൽ സചിൻ ടെണ്ടുൽക്കർ-സൗരവ് ഗാംഗുലി സഖ്യത്തിനാണ് ഇക്കാര്യത്തിൽ റെക്കോഡ്. 1635 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. 

ആസ്ട്രേലിയക്കെതിരായ ഫൈനലിൽ 31 പന്തിൽ മൂന്ന് സിക്സും നാല് ഫേറുമടക്കം 47 റൺസാണ് രോഹിത് നേടിയത്. പത്താം ഓവറിൽ മാക്സ്വെല്ലിന്റെ രണ്ടാം പന്ത് സിക്സും മൂന്നാം പന്ത് ഫോറുമടിച്ച രോഹിതിനെ നാലാം പന്തിൽ ട്രാവിസ് ഹെഡ് പിറകിലേക്കോടി അത്യുജ്വലമായി കൈയിലൊതുക്കുകയായിരുന്നു. 

Tags:    
News Summary - Rohit holds many records

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.