'വീ ആർ 26'; 2026 ഫുട്ബാൾ ലോകകപ്പ് ലോഗോ പുറത്തുവിട്ട് ഫിഫ -വിഡിയോ

ലോസ് ആഞ്ചൽസ്: 2026ലെ ഫുട്ബാൾ ലോകകപ്പ് ആവേശത്തിന് തുടക്കമിട്ട് ഫിഫ. ലോകകപ്പിന്‍റെ ലോഗോയും മുദ്രാവാക്യവും ഫിഫ പുറത്തുവിട്ടു. വടക്കേ അമേരിക്കൻ രാജ്യങ്ങളായ യു.എസ്, മെക്‌സിക്കോ, കാനഡ എന്നിവർ സംയുക്തമായാണ് ടൂർണമെന്‍റിന് ആതിഥ്യം വഹിക്കുന്നത്.

ലോസ് ആഞ്ചൽസിലെ ഗ്രിഫിത്ത് ഒബ്‌സർവേറ്ററിയിൽ നടന്ന പ്രൗഢ ഗംഭീര ചടങ്ങിൽ ഫിഫ അധ്യക്ഷൻ ജിയാന്നി ഇൻഫാന്റിനോയാണ് ലോഗോ അനാച്ഛാദനം ചെയ്തത്. ബ്രസീൽ ഫുട്‌ബാൾ ഇതിഹാസം റൊണാൾഡോ അടക്കമുള്ള പ്രമുഖർ പങ്കെടുത്തു. ഫിഫ ലോകകപ്പ് കിരീടത്തിന്റെ മാതൃക കൂടി ചേർത്താണ് ലോഗോ തയാറാക്കിയത്. ആദ്യമായാണ് ലോകകപ്പ് കിരീടം ലോഗോയുടെ ഭാഗമാകുന്നത്.

ടൂർണമെന്റ് നടക്കുന്ന വർഷത്തെ സൂചിപ്പിച്ച് വെള്ള നിറത്തിൽ 26ഉം അതിനു മുകളിലായി ലോകകപ്പ് കിരീടവും ആലേഖനം ചെയ്താണ് ലോഗോ തയാറാക്കിയത്. കറുപ്പ് നിറമാണ് പശ്ചാത്തലമായി നൽകിയിരിക്കുന്നത്. പതിവുരീതിയിൽനിന്നു വ്യത്യസ്തമായി ആതിഥേയരാജ്യങ്ങളുടെ നിറം ഇത്തവണ ലോഗോയിൽ ചേർത്തിട്ടില്ല. 'വീ ആർ 26' (നമ്മൾ 26) എന്നാണ് ലോകകപ്പ് മുദ്രാവാക്യം.

‘'വീ ആർ 26' എന്നത് ഒരു പോരാട്ടമാണ്. ലോകത്തെ സ്വാഗതം ചെയ്യാനും മികച്ചൊരു ലോകകപ്പ് അനുഭവം സമ്മാനിക്കാനും നമ്മൾ ഒറ്റക്കെട്ടാണെന്ന് മൂന്ന് രാജ്യങ്ങളും ഒരു ഭൂഖണ്ഡം മുഴുവനുമായും ഒരുമിച്ച് പറയുന്ന ഒരു നിമിഷമാണിത്’ -ജിയാന്നി പറഞ്ഞു. ടൂർണമെന്റിൽ പങ്കെടുക്കുന്ന ഓരോ രാജ്യത്തിനും ആതിഥ്യമരുളുന്ന രാജ്യത്തിനും ഫിഫ ലോകകപ്പ് ചരിത്രത്തിൽ തങ്ങളുടേതായ അധ്യായം കുറിക്കാനുള്ള അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2026 ലോകകപ്പിൽ ടീമുകളുടെ എണ്ണം 32ൽനിന്ന് 48 ആയി ഉയരുമെന്ന പ്രത്യേകതയുണ്ട്. മൂന്നു രാജ്യങ്ങൾ സംയുക്തമായി വേദിയൊരുക്കുന്നതും ആദ്യമാണ്. 16 നഗരങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. ഇതിൽ 11 എണ്ണം യു.എസിലും മൂന്നെണ്ണം മെക്‌സിക്കോയിലും രണ്ടെണ്ണം കാനഡയിലുമായിരിക്കും. 1994ലാണ് ഇതിനു മുമ്പ് അമേരിക്കൻ ഭൂഖണ്ഡം ലോക ഫുട്ബാൾ മാമാങ്കത്തിന് ആതിഥേയത്വം വഹിച്ചത്.

Tags:    
News Summary - 2026 World Cup logo & branding revealed by FIFA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.