2023 ഏഷ്യൻ കപ്പ് ഫുട്ബാളും ഖത്തറിലേക്ക്

ദോഹ: ലോകകപ്പ് ഫുട്ബാൾ കിക്കോഫിന് ദിവസങ്ങൾ അടുക്കവെ ഖത്തറിന് ഇരട്ടിമധുരമായി 2023 ഏഷ്യൻ കപ്പ് ഫുട്ബാൾ വേദിയും. തിങ്കളാഴ്ച രാവിലെ ക്വാലാലംപുരിൽ ചേർന്ന ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗമാണ് ദക്ഷിണ കൊറിയയെ പിന്തള്ളി ഖത്തറിനെ ആതിഥേയ രാജ്യമായി തിരഞ്ഞെടുത്തത്.

നേരത്തേ ആതിഥേയരായി പ്രഖ്യാപിച്ച ചൈന 'സീറോ കോവിഡ്' പോളിസിയുടെ ഭാഗമായി ടൂർണമെൻറിൽനിന്ന് പിൻവാങ്ങിയ സാഹചര്യത്തിലാണ് എ.എഫ്.സി പുതിയ ആതിഥേയരെ തേടിയത്. 2023 ജൂൺ-ജൂലൈ മാസങ്ങളിൽ നടക്കേണ്ട ടൂർണമെൻറ് ഖത്തറിലെ കാലാവസ്ഥ പരിഗണിച്ച് വർഷാവസാനത്തിലേക്കോ 2024 ആദ്യ മാസങ്ങളിലേക്കോ മാറ്റിയേക്കും. തീയതി പിന്നീട് പ്രഖ്യാപിക്കും.

നവംബർ 20ന് കിക്കോഫ് കുറിക്കുന്ന ലോകകപ്പ് ഫുട്ബാളിന്റെ തയാറെടുപ്പുകൾക്കിടയിലാണ് നിലവിലെ ഏഷ്യൻ ചാമ്പ്യന്മാർകൂടിയായ ഖത്തറിനെ തേടി വൻകരയുടെ മേളയുമെത്തുന്നത്. 24 ടീമുകളാണ് ടൂർണമെൻറിൽ മാറ്റുരക്കുന്നത്. 1988, 2011 വർഷങ്ങളിൽ ഖത്തർ ഏഷ്യൻ കപ്പിന് വേദിയായിരുന്നു. 2019ൽ യു.എ.ഇയായിരുന്നു വേദി.

Tags:    
News Summary - 2023 Asian Cup football also to Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.